Saturday, September 11, 2010

തുമ്പിക്കൈ വുവുസല


ലോകകപ്പിനുശേഷം ദക്ഷിണാഫ്രിക്കയില്‍നിന്നു നാട്ടിലേക്കുള്ള ആനയുടെയും ഉറുമ്പിന്റെയും വരവിനെ ആവേശപൂര്‍വം സ്വീകരിക്കാന്‍ തയാറായിരിക്കുകയായിരുന്നു നാട്ടുകാര്‍. നാടാകെ കൊടിതോരണങ്ങളും കമാനങ്ങളുംകൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ആകെപ്പാടെ ഒരു ഉത്സവ പ്രതീതിയിലായിരുന്നു നാട്ടുകാര്‍. അപ്പോഴാണ് ആനയും ഉറുമ്പും എത്തിച്ചേര്‍ന്നു എന്ന വാര്‍ത്ത നാട്ടിലാകെ പരന്നത്. ഉടന്‍തന്നെ ഏവരും കൊട്ടും കുരവയുമൊക്കെയായി ഇരുവരേയും സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. അവിടെയെത്തി കാത്തിരുന്നപ്പോഴതാ തങ്ങളുടെ പ്രിയപ്പെട്ട ആനയും ഉറുമ്പും കടന്നുവരുന്നു. ആനപ്പുറത്തേറിയാണ് ഉറുമ്പിന്റെ വരവ്. ഉറുമ്പിന്റെ ഒരുകൈയില്‍ ഫുട്‌ബോളും മറുകൈയില്‍ തോക്കുപോലെ എന്തോ ഒന്നും ഉണ്ട്. അങ്ങനെ ഇരുവരും അടുത്തെത്തിയപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധ ആനയിലേക്കു തിരിഞ്ഞത്. ആനയുടെ തുമ്പിക്കൈയാകെ തുണികൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. പെട്ടെന്ന് ആള്‍ക്കാരെല്ലാം ആനയ്ക്കു ചുറ്റും കൂടി. എന്നിട്ട് ചോദിച്ചു: ചേട്ടാ... നിങ്ങള്‍ ഇവിടെനിന്നും പോകുമ്പോള്‍ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. ഇപ്പോള്‍ എന്തുപറ്റി. അപ്പോള്‍ ആനയുടെ മുകളിലിരുന്ന ഉറുമ്പ് പറഞ്ഞു: നിങ്ങളാരും പരിഭ്രമിക്കേണ്ട... ആനച്ചേട്ടന് ഫുട്‌ബോള്‍ ലോകകപ്പില്‍ ബ്രസീലും അര്‍ജന്റീനയും തമ്മില്‍ നടന്ന കളിയുടെ ഓര്‍മയ്ക്കായി ആഫ്രിക്കക്കാര്‍ }ല്‍കിയ സമ്മാനമാ തുമ്പിക്കൈയില്‍ കെട്ടിയിട്ടിരിക്കുന്നത്. അപ്പോള്‍ ഏവരും അതിശയത്തോടെ ഉറുമ്പിനോടു ചോദിച്ചു: എന്തു സമ്മാനമാ ആനച്ചേട്ടനു കിട്ടിയത? ഇതു കേട്ട ഉറുമ്പു ചിരിച്ചുകൊണ്ടു പറഞ്ഞു: ആവേശം നിറഞ്ഞ മത്സരമായിരുന്നു ബ്രസീലും അര്‍ജന്റീനയും തമ്മില്‍ നടന്നത്. മത്സരം തുടങ്ങി കുറെക്കഴിഞ്ഞപ്പോള്‍ ബ്രസീലുകാര്‍ അര്‍ജന്റീനയ്‌ക്കെതിരേ ആദ്യം ഗോളടിച്ചു. തൊട്ടുപിന്നാലെ അര്‍ജന്റീന ബ്രസീലിനെതിരേ ഗോളടിച്ചു. അങ്ങനെ ഇരുടീമുകളും ആവേശപൂര്‍വം മരണക്കളിതന്നെയായിരുന്നു പുറത്തെടുത്തത്. അവസാനം കളിതീരാന്‍ അഞ്ചു മിനിട്ടു ബാക്കിയുള്ളപ്പോള്‍ ബ്രസീല്‍ താരങ്ങള്‍ അര്‍ജന്റീനയുടെ പോസ്റ്റിലേക്ക് ഗോളടിക്കാനായി കുതിച്ചു വരികയായിരുന്നു. അപ്പോള്‍ ഇതുകണ്ടു സഹിക്കവയ്യാതെ അര്‍ജന്റീനയുടെ ഫാനായ നമ്മുടെ ആനച്ചേട്ടന്‍ പൊടുന്നനെ ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയിട്ട് തന്റെ തുമ്പിക്കൈയുയര്‍ത്തി ഒറ്റ അലര്‍ച്ച. പെട്ടെന്ന് എല്ലാവരും ഞെട്ടിത്തരിച്ചുപോയി. അങ്ങനെ ബ്രസീലിന് ഗോളടിക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. ഒടുവില്‍ ഇരു ടീമുകളും സമനിലയോടെത്തന്നെ കളി അവസാനിപ്പിക്കേണ്ടി വന്നു. അപ്പോഴാണ് ബ്രസീലിന്റെ ആരാധകരില്‍ ഒരുത്തന്‍ അവിടെക്കൂടിനിന്നവരോടു വിളിച്ചു പറഞ്ഞു.... എടാ ആ കാണുന്ന ആനയാണ് നമ്മുടെ താരങ്ങളുടെ ഗോളടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത്. എന്നിട്ട് ആനയുടെ തുമ്പിക്കൈ നോക്കിക്കൊണ്ട് അവന്‍ ആക്രോശിച്ചു... തല്ലിയൊടിക്കെടാ അവന്റെ വുവുസല.... ഇനി മേലില്‍ ഇവന്‍ കളിക്കളത്തില്‍വന്ന് വുവുസല ഊതരുത്.

No comments:

Post a Comment