Saturday, April 11, 2009

വിഷുക്കണി


തെരഞ്ഞടുപ്പിനു ചൂടുപിടിച്ചതിനാല്‍ വിഷു കാര്യമായി ആഘോഷിക്കാന്‍ സാധിക്കില്ലെന്നു വിചാരിച്ചിരിക്കുകയായിരുന്നു ഉറുമ്പ്‌. കഴിഞ്ഞകൊല്ലം ഇരുവരും ഒന്നിച്ച്‌ വിഷുവിന്റന്നു പുലര്‍ച്ചെ വിഷുക്കണിയുമായി ഇറങ്ങി അവസാനം പഞ്ചായത്തു മെമ്പറുടെ വീട്ടില്‍ചെന്നു തല്ലുവാങ്ങിയ കാര്യമൊക്കെ ഉറുമ്പിന്റെ ഓര്‍മയില്‍ തെളിഞ്ഞു. ഓര്‍മകള്‍ അയവിറക്കിക്കൊണ്ടിരുന്ന ഉറുമ്പ്‌ അവസാനം തനിച്ചാണെങ്കലും ഇത്തവണ വിഷുക്കണിയുമായി ഇറങ്ങാന്‍ ഉറുമ്പു തീരുമാനിച്ചു. അങ്ങനെ വിഷുവിന്റെ തലേദിവസം ഉറുമ്പ്‌ വിഷുക്കണി തയാറാക്കി പുലര്‍ച്ചെ ഇറങ്ങാമെന്ന കണക്കുകൂട്ടലില്‍ വീട്ടില്‍ ഇരുന്നു. നേരം പുലരുന്നതും കാത്തിരുന്ന ഉറുപ്പ്‌ പതിയെ ഉറങ്ങിപ്പോയി. ഏറെ നേരം കഴിഞ്ഞപ്പോള്‍ ഭയങ്കര പാട്ടും താളമേളവുമൊക്കെ കേട്ട്‌ ഉറുമ്പ്‌ ഞെട്ടിയുണര്‍ന്നു. അപ്പോഴാണ്‌ താന്‍ ഉറങ്ങിപ്പോയെന്നും നേരം പുലര്‍ച്ചെയായെന്നും തന്റെ വീടിന്റെ മുറ്റത്ത്‌ ആരൊക്കെയോ വിഷുക്കണിയുമായെത്തിയിട്ടുണ്ടെന്നും ഉറുമ്പിനു മനസിലായത്‌. എന്തായാലും ഇത്തവണ വിഷുക്കണിയുമായി ഇറങ്ങാന്‍ പറ്റിയില്ലല്ലോയെന്ന സങ്കടത്തോടെ പതിയെ ഉറുമ്പ്‌ എഴുന്നേറ്റു. അതേസമയം വിഷുക്കണിയുമായി ഉറുമ്പിന്റെ വീട്ടുുറ്റത്തെത്തിയത്‌ ആനയും കൂട്ടരുമായിരുന്നു. ഏറെനേരം പാട്ടുപാടിയിട്ടും വീടിന്റെ കതകു തുറക്കാഞ്ഞതിനാല്‍ ആനയും സംഘവും തിരികെ പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ ഉറുമ്പ്‌ കണിയുമായെത്തിയവര്‍ക്കു കൊടുക്കാനായി ചില്ലറ തപ്പിത്തടയുകയായിരുന്നു. വീട്ടുമുറ്റത്‌്‌ കണിയൊരുക്കി കാത്തിരുന്ന ആന കൂട്ടുകാരോടു പറഞ്ഞു, ഇനി അവന്‍ കതകു തുറക്കില്ല, നമുക്ക്‌ അടുത്ത വീട്ടിലോട്ടു പോയേക്കാം. ഇതുപറഞ്ഞ്‌ എല്ലാവരും തിരികെ നടക്കാന്‍ തീരുമാനിച്ചു. മുറ്റത്ത്‌ ഊരിയിട്ടിരുന്ന ചെരിപ്പിട്ടുകൊണ്ട്‌ ആനയാണ്‌ ഏറ്റവും പിറകില്‍ നിന്നത്‌. ഇവര്‍ തിരികെ പോകാനായി ഇറങ്ങുന്ന സമയത്താണ്‌ ഉറുമ്പ്‌ കതകു തുറന്നും കൊണ്ട്‌ വെളിയിലേക്ക്‌ ഇറങ്ങിവന്നത്‌. ഇറങ്ങിവന്ന്‌ കണ്ണു തിരുമ്മി തുറന്ന ഉറുമ്പു കണ്ട കാഴ്‌ച മുറ്റത്ത്‌ ആരോ ചൂലുമായി നില്‌ക്കുന്നതാണ്‌. ഇതു കണ്ടതും അരിശംകൊണ്ട്‌ കണ്ണുതള്ളിയ ഉറുമ്പ്‌ അലറി വിളിച്ചുകൊണ്ടു ചോദിച്ചു,.., ആരാടാ രാവിലെ ചൂലുമായി വീട്ടുമുറ്റത്തു നില്‍ക്കുന്നത്‌. ഇതു കേട്ടതും ആന പറഞ്ഞു എടാ ഇതു ഞാനാ ആന. ഞങ്ങള്‍ വിഷുക്കണിയുമായിറങ്ങിയതാ. ഇതുകേട്ടതും ഉറുമ്പ്‌ നെഞ്ചത്തു കൈവച്ച്‌ വിഷമത്തോടെ പറഞ്ഞു,.... എന്റെ ദൈവമേ.... ഇവന്റെ പിന്‍ഭാഗമാണോ ഞാന്‍ കണികണ്ടത്‌... ഹൊ... എന്റെ ഈ ജന്‍മവും പാഴായി.

അടിപ്പടതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ആനയ്‌ക്കും ഉറുമ്പിനും തിരക്കേറിയിരിക്കുകയാണ്‌. നേരം പുലര്‍ച്ചെ പ്രചരണത്തിനിറങ്ങുന്ന ഇരുവരും തിരികെ വീട്ടിലെത്തുന്നത്‌ പാതിരായാകുമ്പോഴാണ്‌. ചൂടുപിടിച്ച ഇലക്‌ഷന്‍ പ്രചരണത്തിനിടയ്‌ക്കാണ്‌ ഇരുവരേയും ചാനലുകാര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന ചര്‍ച്ചയ്‌ക്ക്‌ വിളിച്ചത്‌. അങ്ങനെ രാവിലെ കുളിച്ചൊരുങ്ങി ഇരുവരും ചാനലുകാരുടെ പരിപാടിക്കായി പോയി. മണ്ഡലത്തില്‍ കുറേപ്പേര്‍ മത്സരിക്കുന്നുണ്ടെങ്കിലും മുഖ്യ എതിരാളികളായി മത്സരിക്കുന്ന ആനയും ഉറുമ്പുമായിരുന്നു ഏവരുടേയും ശ്രദ്ധാകേന്ദ്രം. ചര്‍ച്ച തുടങ്ങാറായി. സ്ഥാനാര്‍ഥികള്‍ ഓരോരുത്തരായി തങ്ങളുടെ സീറ്റില്‍വന്നിരുന്നു. എല്ലാവരും വന്നിട്ടും ഉറുമ്പിനെ കാണുന്നില്ല. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായതിനാല്‍ ഉറുമ്പു വന്നിട്ട്‌ ചര്‍ച്ച തുടങ്ങാമെന്ന്‌ എല്ലാവരും വിചാരിച്ചു. കുറേനേരം കഴിഞ്ഞപ്പോള്‍ ഉറുമ്പ്‌ സ്ഥലത്തെത്തി തന്റെ സീറ്റിലിരുന്നു. പതിവില്ലാതെ ഉറുമ്പ്‌ തലയില്‍ ഹെല്‍മെറ്റും, ബുള്ളറ്റ്‌ പ്രൂഫ്‌ കോട്ടും ധരിച്ചിരിക്കുന്നതു കണ്ട്‌ ആന പതിയെ ഉറുമ്പിനോടു ചോദിച്ചു നീയെന്താടാ ഈ വേഷത്തില്‍ ചര്‍ച്ചയ്‌ക്കു വന്നിരിക്കുന്നത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ഓ... പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ല ചേട്ടാ.... ഞാന്‍ വെറുതെ ഒരു രസത്തിനാ ഇതൊക്കെയിട്ടിരിക്കുന്നത്‌. കുറെക്കഴിഞ്ഞപ്പോള്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ചമൂത്ത്‌ കൊടുമ്പിരികൊണ്ടു നില്‍ക്കുന്ന സമയത്താണ്‌ കുറുവടിയും സൈക്കിള്‍ ചെയിനും ഇടിക്കട്ടയുമൊക്കെയായി കുറെപ്പേര്‍ പെട്ടെന്ന്‌ പരിപാടിസ്ഥലത്തേക്ക്‌ കടന്നുവന്നത്‌. അവര്‍ വന്നയുടനേതന്നെ ചാനലുകാരെയും സ്ഥാനാര്‍ഥികളേയും ഓടിച്ചിട്ട്‌ തല്ലാന്‍ തുടങ്ങി. അടിപിടിക്കിടയില്‍ കുറെ തല്ലുകിട്ടിയ ആന ഒരുവിധത്തില്‍ രക്ഷപെട്ട്‌ തൊട്ടടുത്തുണ്ടായിരുന്ന ഒരു മരത്തിനു പിന്നിലൊളിച്ചു. അപ്പോഴതാ ഉറുമ്പ്‌ തെല്ലും കൂസലില്ലാതെ നടന്നുവരുന്നു. ഉറുമ്പ്‌ നടന്ന്‌ അടുത്തെത്തിയപ്പോള്‍ ആന ചോദിച്ചു, എടാ എന്താ ഇവിടെ പ്രശ്‌നം, അടിപിടിക്കിടയില്‍ നിനക്കൊന്നും പറ്റിയില്ലേ ? അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ചേട്ടാ.... എനിക്കറിയാമായിരുന്നു ചാനലുകാര്‍ ഇവിടെ പരിപാടി വച്ചാല്‍ ഉറപ്പായും തല്ലുണ്ടാവുമെന്ന്‌. മുന്നണിയില്‍ സീറ്റു കിട്ടാത്ത കുറെയവന്‍മാര്‍ ഇങ്ങനെയുള്ള പരിപാടികളില്‍ പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന്‌്‌ ഞങ്ങളുടെ പോളിറ്റ്‌്‌ ( ഇന്റലിജന്‍സ്‌ ) ബ്യൂറോ മുന്നറിയിപ്പു നല്‍കിയിരുന്നു. അതുകൊണ്ടല്ലേ ഞാന്‍ കരുതിക്കൂട്ടി ഹെല്‍മറ്റും, ബുള്ളറ്റ്‌ പ്രൂഫ്‌ കോട്ടുമൊക്കെ ധരിച്ചെത്തിയത്‌.