Friday, October 9, 2009

'ക്വട്ടേഷന്‍' കല്യാണം


ഉറുമ്പിന്റെ കല്യാണം കഴിഞ്ഞെന്ന വാര്‍ത്ത ആനയ്‌ക്ക്‌ വിശ്വസിക്കാന്‍ സാധിച്ചില്ല. എങ്കിലും അവന്‍ എന്നോടു പറയാതെ ഉടനടി കല്യാണം കഴിക്കാന്‍ എന്താ കാരണം എന്നാലോചിച്ച്‌ ഇരിക്കുകയായിരുന്നു ആന. അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ പെട്ടെന്ന്‌ ഒരു വിളികേട്ടത്‌. ശബ്ദംകേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞുനോക്കിയ ആന ഞെ ട്ടിപ്പോയി. സുന്ദരിയായ പെണ്‍കുട്ടിയുടെ കൈയും പിടിച്ചുകൊണ്ട്‌ ഉറുമ്പ്‌ നടന്നു വരികയാണ്‌. ശെടാ ഇതെന്തൊരു മറിമായം.
ഉറുമ്പ്‌ അടുത്തെത്തിയപ്പോള്‍ ആന ചോദിച്ചു, എടാ... നീ കല്യാണം കഴിച്ച വിവരം എന്നെയെന്താ അറിയിക്കാഞ്ഞത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ചേട്ടാ.. ഒന്നും പറയേണ്ട. ഞാന്‍ എന്റെയൊരു ബന്ധുവിന്റെ കല്യാണത്തിനു പോയതാ. പക്ഷേ എന്തു പറയാനാ... കല്യാണത്തിനിടയ്‌ക്ക്‌ എനിയ്‌ക്കൊരു അബദ്ധം പറ്റി. അല്ലാതെ ഞാന്‍ അറിഞ്ഞുകൊണ്ടു കെട്ടിയതല്ല. ഇതു കേട്ടപ്പോള്‍ ആന അതിശയത്തോടെ ചോദിച്ചു...എന്തബദ്ധം പറ്റിയെന്നാ നീ പറയുന്നത്‌.
ദു:ഖകരമായ സംഭവത്തെക്കുറിച്ച്‌ ഉ റുമ്പ്‌ പറഞ്ഞു തുടങ്ങി. നല്ലൊരു സ ദ്യയുണ്ണാമെന്നു കരുതിയാണ്‌ ഞാന്‍ ക ല്യാണത്തിനു പോയത്‌. നടന്നു ചെ ന്നാലൊരു ഗമയില്ലന്നു കരുതി ടാക്‌സി പിടിച്ചാണ്‌ കല്യാണ സ്ഥലത്തെ ത്തിയത്‌. അവിടെ എത്തി യപ്പോഴാണ്‌ കല്യാണച്ചെറുക്കന്‍ മുങ്ങിയ വാര്‍ത്ത അറിഞ്ഞത്‌. പെണ്‍ വീട്ടുകാര്‍ വല്ലാതെ വിഷമിച്ചു. മൂഹൂര്‍ത്ത സമയത്ത്‌ പെണ്‍കുട്ടി യെ താലി ചാര്‍ത്താന്‍ ആരെങ്കി ലും തയാറാണോ എന്നായിരുന്നു അവരുടെ അ ന്വേഷണം. ധാരാളം പേര്‍ അവി ടെയുണ്ടായിരുന്നു. ആരും മു ന്നോട്ടു വന്നില്ല.
ഈ സമയത്താണ്‌ ഞാന്‍ ടാക്‌ സിയില്‍ ചെന്നിറങ്ങിയത്‌. പെട്ടെ ന്ന്‌ ആരോ എന്നെ തൂക്കിയെടുത്ത്‌ അകത്തേക്ക്‌ കൊണ്ടു പോയി. എന്താണെന്നു ചോദിക്കുന്നതിനു മുന്‍പേ കല്യാണ മണ്‌ഡപത്തില്‍ ഇരുത്തി താലിയെടുത്ത്‌ കൈ യില്‍തന്നു. എന്റെ കരച്ചില്‍ ത കില്‍ മേളത്തില്‍ അലിഞ്ഞു. ഓടിപ്പോകാനും കഴിയുമായിരു ന്നില്ല. ഗത്യന്തരമില്ലാതെ ഒടുവില്‍ ഞാന്‍ താലികെട്ടി. പിന്നെയാണ്‌ ഞാനറിഞ്ഞത്‌ എവിടെ നിന്നെങ്കിലും ഒരു ചെറുക്കനെ കണ്ടെത്താന്‍ ക്വ ട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടു ചെയ്‌തിരുന്നുവെന്ന്‌. ക്വട്ടേഷന്‍ സംഘമാണ്‌ എന്നെ കാറില്‍ നിന്ന്‌ വലിച്ചിറക്കി കല്യാണ മണ്‌ഡപത്തില്‍ എത്തിച്ചത്‌. ഇപ്പോള്‍ എന്തിനും ക്വട്ടേഷന്‍ സംഘത്തെയാണല്ലോ ആശ്രയിക്കുന്നത്‌.
അടിക്കാനും കൊല്ലാനും മാത്രമല്ല, കല്യാണച്ചെറു ക്കനെ കണ്ടെത്താനും ക്വട്ടേഷന്‍ സംഘത്തെ ഏര്‍ പ്പെടുത്തിയാല്‍ എന്നെപ്പോലെയുള്ള സുന്ദരനും സുമുഖനുമായ ആളുകള്‍ എങ്ങനെ ജീവിക്കുമെ ന്നാണ്‌ പേടി.

Friday, October 2, 2009

ചാന്ദ്രയാത്ര


മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഐ.സി യൂണിറ്റില്‍ ആന ഗുരുതരാവസ്ഥയില്‍ കിടക്കുകയാണെന്ന വാര്‍ത്തയറിഞ്ഞ്‌ ഉറുമ്പ്‌ ശരവേഗത്തില്‍ ആശുപ ത്രിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോഴതാ ഡോക്‌ടര്‍മാര്‍ സമരം ചെയ്‌തുകൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ ഉറുമ്പിനു കാണാന്‍ സാധിച്ചത്‌. ഉറുമ്പ്‌ ഒരുവിധത്തില്‍ സമരക്കാരുടെ ഇടയിലൂടെ ആശുപ ത്രിയിലെ ഒ.പി വിഭാഗത്തിലെത്തി ആനയുടെ വിവരം അന്വേഷിച്ചു. ഉറുമ്പിന്റെ പരിഭവംകണ്ടിട്ട്‌ അവിടെനിന്ന ഒരു നഴ്‌സ്‌ ഉറുമ്പിനേയുംകൂട്ടി ആനയെ അഡ്‌മിറ്റു ചെയ്‌തിരിക്കുന്ന ഐ.സി യൂണിറ്റിലെത്തി. അവിടെക്കണ്ട കാഴ്‌ചകണ്ട്‌ ഉറുമ്പ്‌ ഞെട്ടിത്തരിച്ചുപോയി. ആനച്ചേട്ടന്റെ കാലിലും കൈയിലുമെല്ലാം പ്ലാസ്റ്ററിട്ടിരിക്കുകയാണ്‌. കൂടാതെ ദേഹമാസകലം ഗ്ലൂക്കോസിന്റെ ട്രിപ്പുമിട്ട്‌ ആന ബെഡില്‍ കിടക്കുന്നു. ഇതുകണ്ടപാടെ ഉറുമ്പ്‌ വാവിട്ടുകരഞ്ഞുകൊണ്ട്‌ ആനയുടെ അടുത്തേക്ക്‌ ഓടിച്ചെന്നു. എന്നിട്ട്‌ മയങ്ങിക്കിടന്ന ആനയെ തട്ടിയുണര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ ആന പറഞ്ഞു, എടാ.. ഞാനൊരു ദൂരയാത്രയ്‌ക്കു പോയതാ. പക്ഷേ, ഞാന്‍ വിചാരിച്ചത്രയും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഒരുവിധത്തില്‍ എന്റെ ജീവന്‍ തിരിച്ചുകിട്ടിയതുതന്നെ വലിയ കാര്യം. ഇതുകേട്ട ഉറുമ്പു ചോദിച്ചു, ചേട്ടന്‍ എന്നോടു പറയാതെ ഏതു സ്ഥലത്തേക്കാ പോയത്‌. ചേട്ടന്‌ എന്താ പറ്റിയത്‌, ചേട്ടന്റെ കാലും കൈയുമെല്ലാം എങ്ങനെയാ ഒടിഞ്ഞത്‌? അപ്പോള്‍ ആന കാര്യങ്ങള്‍ വിശദമാക്കി. എടാ.. കഴിഞ്ഞദിവസം നീ പത്രത്തില്‍ വായിച്ചില്ലേ ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നെന്ന്‌. അവിടെ വെള്ളമുണ്ടെന്നുകേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നമ്മുടെ നാട്ടിലെ ഗുണ്ടകളുടേയും മാഫിയക്കാരുടേയും ഇടയില്‍നിന്നും രക്ഷപെട്ട്‌ ചന്ദ്രനിലെങ്ങാനും പോയി താമസിക്കാമെന്ന്‌. അതിനായി ഒരു റോക്കറ്റില്‍കേറി ചന്ദ്രനെ ലക്ഷ്യമാക്കി ഞാന്‍ പാഞ്ഞു. അപ്പോള്‍ ഉറുമ്പുചോദിച്ചു, എന്നിട്ട്‌ അവിടെച്ചെ ന്നിട്ട്‌ ചേട്ടനെന്തുചെയ്‌തു ? ആനപറഞ്ഞു, എടാ.... നമ്മുടെ പത്രങ്ങളൊക്കെ എഴുതിയത്‌ വെറും നുണയാ... അവിടെ വെള്ളവുമില്ല, വായുവുമില്ല. അവിടെയെത്തിയ ഞാന്‍ ശ്വാസംകിട്ടാതെ അലയുകയായിരുന്നു. ഇതുകേട്ടിട്ട്‌ ഉറുമ്പു ചോദിച്ചു, എന്നിട്ട്‌ ചേട്ടനെങ്ങനെയാ തിരിച്ച്‌ ഇവിടെയെത്തിയത്‌. ആന പറഞ്ഞു, എടാ....വായുവും വെളളവുമില്ലാതെ ജീവന്‍ നഷ്‌ടപ്പെടുമെന്ന അവസ്ഥവന്നപ്പോള്‍ ഞാന്‍ ഒന്നും വിചാരിച്ചില്ല. കണ്ണടച്ചുപിടിച്ച്‌ ഭൂമിയെ ലക്ഷ്യമാക്കി ഒറ്റച്ചാട്ടം. അങ്ങനെ ഒരുവിധത്തില്‍ ഇവിടെയെത്തി.

കന്നുകാലിക്ലാസ്‌


വിമാനത്തില്‍ സഞ്ചരിച്ചതിന്റെപേരില്‍ അറസ്റ്റി ലായ ആനയെക്കാണാനായി ഉറുമ്പു പുറപ്പെട്ടു. പ്രത്യേകിച്ച്‌ കുഴപ്പക്കാരനല്ലാത്ത ആനയെ എന്തിനാണ്‌ അധികൃതര്‍ അറസ്റ്റു ചെയ്‌തതെന്ന്‌ ആലോചിച്ചാണ്‌ ഉറുമ്പു സ്റ്റേഷനിലേക്ക്‌ പോയത്‌. അ ങ്ങനെ പോലീസ്‌ സ്‌റ്റേഷനിലെത്തിയ ഉറുമ്പിനെ അവിടെക്കണ്ട കാഴ്‌ച അമ്പരിപ്പിച്ചു. ആനച്ചേട്ടനതാ ഉടുതുണിയില്ലാതെ നില്‍ക്കുകയാണ്‌. കയ്യിലെന്തോ വലിയ പൊതിയും ഇരിപ്പുണ്ട്‌.
ഉറുമ്പ്‌ പെട്ടെന്ന്‌ സ്റ്റേഷനിലേക്കു കയറിച്ചെന്ന്‌ എസ്‌ഐയോടു സംസാരിച്ചു. കുറേനേരം കഴിഞ്ഞപ്പോള്‍ എസ്‌ഐ കോണ്‍സ്‌റ്റബിളിനോടു വിളിച്ചു പറഞ്ഞു ആനയ്‌ക്കു ജാമ്യം കൊടുത്തേക്കാന്‍. അങ്ങനെ ജാമ്യത്തിലിറങ്ങി ആനയും ഉറുമ്പും വീട്ടിലേക്കു നടന്നു വരികയായിരുന്നു. അപ്പോള്‍ ഉറുമ്പ്‌ ആനയോടു ചോദിച്ചു, ആനച്ചേട്ടാ... ചേട്ടനെയെന്തിനാണു വിമാനത്തില്‍വച്ച്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌ത ത്‌. അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു, എടാ... എന്റെ കയ്യിലിരിക്കുന്ന ഈ പൊതി കണ്ടോ ഇതിനുള്ളില്‍ പശുവിന്റെ തുകലാ... ഇതും കയ്യില്‍പിടിച്ചുകൊണ്ടു പോയതിനാ എന്നെ അവന്മാര്‍ അറസ്‌റ്റു ചെയ്‌തത്‌.
അപ്പോള്‍ ഉറുമ്പു ചോദിച്ചു ചേട്ടനെന്തിനാ പശുവിന്‍ തുകലുമായി വിമാനത്തില്‍ കയറിയത്‌. അപ്പോള്‍ ആന പറഞ്ഞു, എടാ... ഒന്നും പറയേണ്ട. ഞാന്‍ വിമാനത്തില്‍ കയറാന്‍ ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ പറയുന്നതു കേട്ടു ഇത്‌ `കന്നുകാലി ക്ലാസാ' ണെന്ന്‌.
അപ്പോള്‍ ഞാനോര്‍ത്തു കന്നുകാലികളെ മാത്രമേ ഈ വിമാനത്തില്‍ കയറ്റുകയുള്ളൂവെന്ന്‌. ഉടന്‍ തന്നെ ഞാന്‍ ഒരു കന്നുകാലിയുടെ തുകലും വാങ്ങി അതു ധരി ച്ചുകൊണ്ടു വിമാനത്തിനുള്ളില്‍ കയറാന്‍ ശ്രമിച്ചു. അപ്പോള്‍ അവിടെനിന്ന സെക്യൂരിറ്റി വിസിലടിച്ചു.
പെട്ടെന്ന്‌ രണ്ടുമൂന്നു പോലീസുകാര്‍ ഓടിവന്ന്‌ എന്നെ പിടികൂടിയിട്ട്‌ ഇടി തുടങ്ങി. എന്നിട്ട്‌ അവന്‍മാര്‍ എന്നോടു ചോദിക്കുകയാ .... കന്നുകാലിയുടെ തോലുംധരിച്ച്‌ ആള്‍മാറാട്ടം നടത്തി വിമാനത്തില്‍ കയറിയാല്‍ നിന്നെ ആരും കണ്ടു പിടിക്കില്ലെന്നാണോ വിചാരിച്ചത്‌.

ഉറുമ്പിന്റെ ഉറിയടി


ശ്രീകൃഷ്‌ണജയന്തി ആഘോഷത്തിനിടയ്‌ക്ക്‌ മയക്കുവെടിയേറ്റ ആനയ്‌ക്ക്‌ ബോധം തെളിയുന്നതും കാത്തിരിക്കുകയായിരുന്നു ഉറുമ്പ്‌. അല്‍പസമയത്തിനുശേഷം ആനയ്‌ക്ക്‌ ബോധം തെളിഞ്ഞു. അപ്പോള്‍ ഉറുമ്പ്‌ ആനയോടു ചോദിച്ചു, ചേട്ടാ.. ചേട്ടനെന്തു പരിപാടിയാ കാണിച്ചത്‌. ഉഗ്രന്‍ പരിപാടിക്കിടയിലാ ചേട്ടന്‍ വന്നുഴപ്പിയത്‌... എനിക്ക്‌ ഉറിയടിയില്‍ ഒന്നാം സ്ഥാനം കിട്ടിയേനേ. ചേട്ടന്‍ ഉറിയടി മത്സരത്തിനിടക്ക്‌ ഓടിക്കയറിയതുകൊണ്ട്‌ ശ്രീകൃഷ്‌ണ ജയന്തി പരിപാടികള്‍ ആകെ താറുമാറായി. ഉറുമ്പിന്റെ പരിഭവം കേട്ട ആന പറഞ്ഞു, എടാ... ഞാന്‍ നിന്നെ സഹായിക്കാനാ അങ്ങോട്ടു വന്നത്‌. ഇതുകേട്ട ഉറുമ്പു പറഞ്ഞു, മദമിളകിയ ചേട്ടനെന്തിനാ മത്സരത്തിനിടയിലേക്കു കയറിയത്‌. എന്തെങ്കിലും എന്നോടു പറയാനുണ്ടായിരുന്നെങ്കില്‍ ഉറിയടി മത്സരത്തിനുശേഷം പറഞ്ഞാല്‍ പോരായിരുന്നോ.. അപ്പോള്‍ ആന പറഞ്ഞു, എടാ... ഞാന്‍ മദമിളകി വിരണ്ടു വന്നതല്ലായിരുന്നു, ഞാന്‍ നിന്നെ സഹായിക്കാനാ ഉറിയടി മത്സരത്തിലേക്കു വന്നത്‌. ആനയുടെ പറച്ചില്‍ കേട്ട ഉറുമ്പിന്‌ അതിശയമായി. അപ്പോള്‍ ചേട്ടന്‍ വിരണ്ടോടി വന്നതല്ലായിരുന്നോ... ഉറുമ്പു ചോദിച്ചു?. ആന പറഞ്ഞു, എടാ.. നീ ഉറിയടിക്കുന്നതു കണ്ടുകൊണ്ട ്‌ഞാന്‍ ആളുകള്‍ക്കിടയില്‍ നില്‍ക്കുകയായിരുന്നു. കുറെനേരമായിട്ടും ആരും ഉറിയടിച്ചു പൊട്ടിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല. നിനക്കാണെങ്കില്‍ നീളവുമില്ല. അതുകൊണ്ട്‌ നിനക്ക്‌ ഉറിയടിക്കാന്‍ പാകത്തിന്‌ സൗകര്യമുണ്ടാക്കാന്‍ വേണ്ടിയാ ഞാന്‍ ആളുകള്‍ക്കിടയില്‍നിന്നും ഓടിവന്ന്‌ നിന്നെ പൊക്കിയെടുത്തത്‌. ഞാന്‍ വന്ന്‌ നിന്നെ കോരിയെടുക്കുന്നതു കണ്ടപ്പോഴേക്കും അടുത്തുണ്ടായിരുന്ന ഒരുത്തന്‍ എന്നെ മയക്കുവെടി വച്ച്‌ താഴെയിടുകയായിരുന്നു. അവനെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ ശരിയാക്കിയേനെ.

ക്വട്ടേഷന്‍


ഓണാഘോഷം ഗംഭീരമാക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്‌തുകൊണ്ട്‌ പോകുകയായിരുന്നു ആനയും ഉറുമ്പും. ഇത്തവണ ഓണപ്പരിപാടിയില്‍ ഓണത്തല്ലും വേണമെന്നായിരുന്നു ഉറുമ്പിന്റെ അഭിപ്രായം. എന്നാല്‍ വഴക്കുകൂടാനും അടിപിടിയിലുമൊന്നും ആനയ്‌ക്ക്‌ താല്‍പര്യമില്ലായിരുന്നു. അങ്ങനെ പല കാര്യങ്ങളും പറഞ്ഞുകൊണ്ട്‌ വഴിയിലൂടെ നടക്കുന്നതിനിടയിലാണ്‌ പെട്ടെന്ന്‌ ഒരു എന്‍ഡവര്‍ കാര്‍ ചീറിപ്പാഞ്ഞ്‌ ഇവരുടെ സമീപത്തുകൂടിപ്പോയത്‌. കാര്‍ വേഗത്തില്‍ കടന്നുപോയ ഉടന്‍തന്നെ ആന നിലവിളിക്കാന്‍ തുടങ്ങി. കാര്യമറിയാതെ നിന്ന ഉറുമ്പിനോട്‌ ആന പറഞ്ഞു, എടാ.. ഉറുമ്പേ, ആ പോയ കാറിന്റെ ഒരുവശം എന്റെ കാലില്‍ മുട്ടി. എനിക്കു വേദനിക്കുന്നു. അപ്പോള്‍ ഉറുമ്പ്‌ ദേഷ്യത്തോടെ പറഞ്ഞു, ഹും... അവന്‍മാര്‍ക്ക്‌ അത്രയ്‌ക്ക്‌ അഹങ്കാരമോ.... ചേട്ടന്‍ ഇവിടെ ഇരിക്ക്‌, ഞാനിപ്പോ വരാം... ഉറുമ്പ്‌ പറഞ്ഞതുകേട്ടപ്പോള്‍ ആനയ്‌ക്കു പേടിയായി, എന്നിട്ട്‌ ആന ഉറുമ്പിനോടു പറഞ്ഞു,.. എടാ ഉറുമ്പേ, എനിക്ക്‌ നിസാര പരിക്കേ ഉള്ളൂ... ഇതു സാരമില്ല. അവന്‍മാരെ വിട്ടേക്ക്‌... നമുക്ക്‌ വീട്ടില്‍ പോയേക്കാം. എന്നാല്‍ ആന പറഞ്ഞതു കേള്‍ക്കാന്‍ ഉറുമ്പു കൂട്ടാക്കിയില്ല. എന്നിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, ചേട്ടാ.... ചേട്ടന്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അവന്‍മാരെ ഞാനിപ്പോ ശരിയാക്കിത്തരാം... ഇതുപറഞ്ഞിട്ട്‌ ഉറുമ്പ്‌ വഴിയില്‍ക്കൂടി വന്ന ഒരു ബൈക്ക്‌ തടഞ്ഞുനിര്‍ത്തി അതില്‍ക്കയറി കാറിന്റെ പിറകേ വച്ചുപിടിച്ചു. അതേസമയം ഉറുമ്പു തിരികെ വരുന്നതുംകാത്ത്‌ ആന വഴിയില്‍ കാത്തിരുന്നു. എന്നാല്‍ കുറേനേരം കഴിഞ്ഞിട്ടും ഉറുമ്പിനെ കാണുന്നില്ല. ഉറുമ്പിനെ കാത്തിരുന്ന ആനയാണെങ്കില്‍ വഴിവക്കിലിരുന്ന്‌ മയങ്ങിപ്പോയി. പെട്ടെന്നാണ്‌ ഒരു ബഹളം കേട്ട്‌ ആന ഞെട്ടിയുണര്‍ന്നത്‌. വഴിയില്‍ക്കൂടി ആളുകള്‍ ഓടിപ്പോകുന്നതുകണ്ട ആന ആള്‍ക്കാരോട്‌ കാര്യം തിരക്കി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, റോഡിനു നടുവില്‍ ഒരു എന്‍ഡവര്‍ കാര്‍ കിടക്കുന്നുണ്ട്‌. സമീപത്ത്‌ ആരോ ഒരാള്‍ തല്ലുകൊണ്ട്‌്‌ കിടക്കുന്നു. ഇതുകേട്ടയുടനേ ആന വിചാരിച്ചു. തന്നെ ഇടിപ്പിച്ചിട്ടു പോയ കാറായിരിക്കും അവിടക്കിടക്കുന്നത്‌. പാവം അതിന്റെ ഡ്രൈവറെ ഉറുമ്പ്‌ ശരിപ്പെടുത്തിക്കാണും. ഇതുപറഞ്ഞിട്ട്‌ ആന സംഭവസ്ഥലത്തേക്കു കുതിച്ചു. അവിടെച്ചേന്നപ്പോള്‍ കണ്ട കാഴ്‌ച വളരെ ഭീതിജനകമായിരുന്നു. തന്റെ കൂട്ടുകാരന്‍ ഉറുമ്പ്‌ ബോധമറ്റ്‌ റോഡില്‍ കിടക്കു ന്നു. പെട്ടെന്ന്‌ ആന അവിടെക്കൂടിനിന്നവരില്‍ ഒരാളോടു കുറേവെള്ളം വാങ്ങി ഉറുമ്പിന്റെ മുഖത്തേക്കു തളിച്ചു. ഉടന്‍തന്നെ ഉറുമ്പിനു ബോധം തെളിഞ്ഞു. അപ്പോള്‍ ആന ചോദിച്ചു, എടാ... നീ വളരെ ധൈര്യസമേതം ഒരു കാറിനു പിറകേ പായുന്നതു കണ്ടല്ലോ, പിന്നെന്താ നിനക്കു സംഭവിച്ചത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ആനച്ചേട്ടാ... ഒന്നും പറയണ്ടാ.. ഇനി എനിക്ക്‌ ഓണത്തല്ലു കൂടേണ്ടി വരില്ല. ഉറുമ്പിന്റെ വിഷമത്തോടെയുള്ള പറച്ചില്‍കേട്ട്‌ ആന കാര്യം പിന്നെയും തിരക്കി. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, ചേട്ടാ...ചേട്ടനെ ഇടിച്ചിട്ടു പോയ കാറിന്റെ പിറകേ അതിസാഹസികമായാണ്‌ ഞാന്‍ പോയത്‌. ഒടുവില്‍ അവന്‍മാരെ ഞാന്‍ ഓവര്‍ടേക്ക്‌ ചെയ്‌ത്‌ പിടികൂടി.
ഞാന്‍ കാറിനു മുമ്പില്‍ എന്റെ ബൈക്ക്‌ നിര്‍ത്തിയിട്ട്‌ അവന്‍മാരോട്‌ പറഞ്ഞു, ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാടാ.... മര്യാദയ്‌ക്ക്‌ കാറോടിക്കാന്‍ നിനക്കൊക്കെ അറിയാന്‍ മേലേടാ. നീയൊന്നും ആണുങ്ങളുടെ തല്ലുകൊള്ളാഞ്ഞിട്ടാ ഇത്രേം വേഗത്തില്‍ കാറോടിച്ചു പോകുന്നത്‌ അല്ലേ.... നിന്നെയൊക്കെ ഞാനിന്നു ശരിയാക്കും. ഇതു പറഞ്ഞിട്ട്‌ ഉറുമ്പ്‌ വളരെ വിഷമത്തോടെ കരയാന്‍ തുടങ്ങി. അപ്പോള്‍ ആന ചോദിച്ചു പിന്നെന്താ സംഭവിച്ചത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ഹൊ.. പിന്നെന്തു സംഭവിക്കാനാ... എന്റെ വെല്ലുവിളി തീര്‍ന്നതും കാറിനുള്ളില്‍നിന്നും അഞ്ചാറുപേര്‍ ഇറങ്ങിവന്നു. വടിവാളും കുറുവടിയുമായി ഇറങ്ങിയ അവന്‍മാര്‍ എന്നോടു പറഞ്ഞു, `ക്വട്ടേഷന്‍' സംഘത്തെയാണോടാ നീ വെല്ലുവിളിക്കുന്നത്‌, നിന്റെ എല്ലു ഞങ്ങള്‍ നുറുക്കുമെടാ... ഇത്രയും പറഞ്ഞിട്ട്‌ അവന്‍മാര്‍ എന്നെ ശരിക്കുമങ്ങു പെരുമാറി.

ഹെലികോപ്‌ടര്‍ അപകടം


ആന യാത്ര ചെയ്‌ത ഹെലികോപ്‌ടര്‍ വനത്തിനുള്ളില്‍ അപ്രത്യക്ഷമായെന്ന വാര്‍ത്ത കേട്ടാണ്‌ ഉറുമ്പ്‌ ഉറക്കമുണരുന്നത്‌. വാര്‍ത്ത കേട്ടതും ഉറുമ്പ്‌ ആകെ പരവശനായി.
എന്റെ ആനച്ചേട്ടന്‌ യാതൊരു അപകടവും വരുത്തരുതേ എന്ന്‌ ഉറുമ്പ്‌ ഉള്ളുരുകി പ്രാര്‍ഥിച്ചു. ആനയുടെ ഹെലികോപ്‌ടര്‍ അപകടത്തില്‍പെട്ടിരിക്കുന്നത്‌ നല്ലമലയിലെ കൊടുംവനത്തിലാണ്‌. അപകടത്തില്‍പ്പെട്ട്‌ മരിച്ചവരുടെ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടടുക്കുന്നതിനായി ഉറുമ്പും സംഘാംഗങ്ങളും നല്ലമല റേഞ്ചിലെ കൊടുംവന ത്തിനുള്ളിലേക്ക്‌ യാത്ര തിരിച്ചു.
ആനയോടൊപ്പം മറ്റു നാലുപേര്‍ കൂടി ഉണ്ടായിരുന്നതായാണ്‌ എല്ലാവരും പറയുന്നത്‌. വനമേഖലയിലെത്തിയ ഉറുമ്പും കൂട്ടരും കുറെദൂരം മുന്നോട്ട്‌ പോയപ്പോഴാണ്‌ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എണ്ണയുടെ അംശം കാണുന്നത്‌. അതോടെ ഉറുമ്പിന്‌ ഉറപ്പായി. ഈ പരിസരത്തെവിടെയോ ആ ണ്‌ ഹെലികോപ്‌ടര്‍ തകര്‍ ന്നു വീണിരിക്കു ന്നതെന്ന്‌. ഉറുമ്പും കൂട്ടരും തെരച്ചില്‍ തുടങ്ങി. അവസാനം കത്തിക്കരിഞ്ഞ നിലയില്‍ തകര്‍ന്ന ഹെലികോപ്‌ടര്‍ കണ്ടെത്തി. ഒപ്പം നാലുപേരുടെ മൃതദേഹവും. ഉറുമ്പിന്‌ ആകെ ടെന്‍ഷനായി. ആനയെവിടെ? ആനയെ കാണാനില്ല. ഉറുമ്പ്‌ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.
അപ്പോഴാണ്‌ മരത്തിന്റെ മുകളില്‍ നിന്നും ഒരു ദീനരോദനം ഏവരുടേയും ശ്രദ്ധയില്‍പ്പെട്ടത്‌. ഉറുമ്പ്‌ ശബ്ദം കേട്ട ഭാഗത്തെ മരത്തിലേക്ക്‌ നോക്കി. ആന ഒരു മരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്നു. ഉറുമ്പും കൂട്ടരും ഒരുവിധത്തില്‍ ആനയെ താഴെയിറക്കി. എന്നിട്ട്‌ ഉറുമ്പ്‌ ആനയോട്‌ ചോദിച്ചു. എന്താ ആനച്ചേട്ടാ സംഭവിച്ചത്‌. `എന്റെ ഉറുമ്പേ ഒന്നും പറയണ്ട. അമേരിക്കയില്‍ നിന്നു വന്നവര്‍ നമ്മുടെ നല്ലമലയിലെ കൊടുംവനം കാണണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ചു. എനിക്കു മാത്രമേ ആ സ്ഥലം അറിയുകയുള്ളെന്ന്‌ ആരോ പറഞ്ഞു. അവര്‍ എന്നെയുംകൂട്ടി ഹെലികോ പ്‌റ്ററില്‍ നല്ലമല കാണാനായി പോയതാ. അങ്ങനെ ഹെലികോപ്‌റ്ററില്‍ ഞങ്ങള്‍ പോകവേ നല്ലമലയി ലെത്തിയ പ്പോഴേക്കും കോപ്‌ടര്‍ തകര്‍ന്നു. അപ്പോള്‍ ഉറുമ്പു ചോദിച്ചു, കോപ്‌റ്റര്‍ തകര്‍ന്നിട്ട്‌ അവരെല്ലാം കത്തിക്ക രിഞ്ഞല്ലോ,.... ചേട്ടന്‍ മാത്രമെ ങ്ങനെയാ ജീവനോടെ രക്ഷപെട്ടത്‌. അപ്പോള്‍ ആന പറഞ്ഞു,... ഹൊ.. ഒന്നും പറയണ്ട.. കോപ്‌റ്ററില്‍ ആകെ ഒരു പാരച്യൂട്ട്‌ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. കോപ്‌റ്റര്‍ അപകടത്തി ല്‍പ്പെട്ടയുടനെ അവരെല്ലാംകൂടി പാരച്യൂട്ട്‌ തോളില്‍കെട്ടി ചാടാനൊരുങ്ങി. പെട്ടെന്ന്‌ ഞാന്‍ അവരുടെ കയ്യില്‍നിന്ന്‌ പാരച്യൂട്ടു തട്ടിപ്പറിച്ചുകൊണ്ട്‌ താഴേക്ക്‌ ഒറ്റച്ചാട്ടം. എന്റെ കാലക്കേടിന്‌ പകുതിവച്ച്‌ പാരച്യൂട്ടിന്റെ ചരട്‌ പൊട്ടിപ്പോയി. അങ്ങനെ ഞാന്‍ വന്നു വീണത്‌ ഈ മരത്തിന്റെ ചില്ലയി ലാ. ദൈവാധീനത്തിന്‌ എന്റെ ജീവന്‍പോകാ തെ രക്ഷപെട്ടു.

ഓണപ്പൂക്കളം


പതിവില്ലാതെ വെളുപ്പാന്‍ കാലത്ത്‌ ഉറുമ്പിന്റെ ഉച്ചത്തിലുള്ള വിളികേട്ടാണ്‌ ആന ഉണര്‍ന്നത്‌. സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ല എന്നു പിറുപിറുത്തുകൊണ്ട്‌ ആന വീടിനു വെളിയിലേക്കിറങ്ങി. അപ്പോഴതാ, ഉറുമ്പ്‌ കയ്യില്‍ ഒരു നോട്ടീസും പിടിച്ചുകൊണ്ട്‌ കിതച്ചു നില്‍ക്കുകയാണ്‌. വെളുപ്പിനെ എന്തിനാടാ കിടന്നു നിലവിളിക്കുന്നത്‌ എന്നു പറഞ്ഞുകൊണ്ട്‌ ആന ഉറുമ്പിനോട്‌ കാര്യം തിരക്കി. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ആനച്ചേ ട്ടാ... അറിഞ്ഞോ.. നമ്മുടെ ക്ലബില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ അത്തപ്പൂക്കള മത്സരമുണ്ട്‌. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക്‌ പത്തു പവന്‍ സ്വര്‍ണമാ സമ്മാനമായി ലഭിക്കുന്നത്‌. അപ്പോള്‍ ആന പറഞ്ഞു, എടാ... നിനക്കൊരു പണിയുമില്ലേ..... അത്തപ്പൂക്കള മത്സരമെ ന്നാക്കെ പറഞ്ഞാല്‍ വള രെ റിസ്‌കു പിടിച്ച കാര്യമാ... നമുക്കൊന്നും പറഞ്ഞ പരിപാടിയല്ല. നീ വേറെ കാര്യം നോക്ക്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ആനച്ചേട്ടാ... നമ്മള്‍ മത്സരത്തിനിറങ്ങിയാല്‍ ഉറപ്പായും നമുക്കുതന്നെ ഒന്നാം സമ്മാനംലഭിക്കും. ഉറുമ്പ്‌ ആനയെ വളരെനേരം നിര്‍ബന്ധിച്ചു. ഒടുവില്‍ ഉറുമ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മനസില്ലാമനസോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആന തീരുമാനിച്ചു.
അങ്ങനെ ഇരുവരും കുളിച്ചൊരുങ്ങി പൂക്കളമത്സരത്തിന്‌ പോകാന്‍ തയാറായി. അവര്‍ രണ്ടുപേരും വിവിധ തരം പൂക്കള്‍ ശേഖരിച്ചു മത്സരത്തിന്‌ യാത്രയായി. മത്സരം നടക്കുന്ന ഹാളില്‍ എത്തിയതോടെ എല്ലാ മത്സരാര്‍ഥികളും തങ്ങള്‍ക്ക്‌ നിശ്ചയിച്ച സ്ഥലത്ത്‌ പൂക്കളം തീര്‍ക്കാന്‍ റെഡിയായി നിന്നു. ആകെ പത്തു മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. എങ്ങനെയും ഒന്നാമതെത്താന്‍ ആനയും ഉറുമ്പും കിണഞ്ഞു പരിശ്രമിക്കാന്‍ തീരുമാനിച്ചു.
പൂക്കളമത്സരം തുടങ്ങി. എല്ലാവരും പൂക്കളൊക്കെ ഭംഗിയായി നിരത്തി പൂക്കളം തീര്‍ത്തു. പൂക്കളമൊക്കെ തീര്‍ത്തു കഴിഞ്ഞപ്പോഴാണ്‌ ആന എല്ലാവരുടേയും പൂക്കളം ശ്രദ്ധിച്ചത്‌. മറ്റുള്ളവരുടെയൊക്കെ അത്തപ്പൂക്കളം വളരെ ഭംഗിയായിട്ടുണ്ട്‌. തങ്ങള്‍ ഇട്ട പൂക്കളമാണെങ്കില്‍ വളരെ ബോറും. ആന ഉറപ്പിച്ചു, ഇത്തവണ സമ്മാനമില്ല. ആന ഉറുമ്പിനോടു പറഞ്ഞു, എടാ.. വാ.. നമുക്കുപോയേക്കാം.... മറ്റുള്ളവരുടെയൊക്കെ പൂക്കളം എ ന്തു രസമാ കാണാന്‍. നമ്മുടെമാത്രം വളരെ വൃത്തികേടും. ആനയുടെ പറച്ചില്‍ കേട്ടപ്പോള്‍ ഉറുമ്പു പറഞ്ഞു, ചേട്ടാ.. എന്തായാലും നമ്മളള്‍ ഇവിടെ വളരെ കഷ്‌ട പ്പെട്ടു വന്നതല്ലേ.. ഫലമറിയുന്നതുവരെ ഇവിടെ കാത്തിരിക്കാം. ചേട്ടന്‍ നോക്കിക്കോ.. നമുക്കുതന്നെയായിരിക്കും ഒന്നാംസ്ഥാനം.
ഉറുമ്പു പറഞ്ഞത്‌ കാര്യമാക്കാതെ ഫലമറിയുന്നതുവരെ കാത്തിരിക്കാന്‍ ആന സമ്മതിച്ചു. അവസാനം വിധികര്‍ത്താക്കളെത്തി മത്സരാര്‍ഥികളെ ഹാളിനു പുറത്താക്കി മത്സരത്തിനു മാര്‍ക്കിടാന്‍ തുടങ്ങി.
കുറെനേരം കഴിഞ്ഞപ്പോള്‍ മത്സരത്തിന്റെ ഫലം വന്നു. എല്ലാവരെയും പിന്തള്ളി ആനയും ഉറുമ്പും ഒന്നാമതെത്തി. പത്തുപവന്‍ സ്വര്‍ണവും കിട്ടി. രണ്ടാളും വളരെ സന്തോഷത്തോടെ വീട്ടിലേക്ക്‌ പോകാന്‍ തുടങ്ങി. വഴിക്ക്‌ ആന ഉറുമ്പിനോട്‌ ചോദിച്ചു: `എന്നാലും നമുക്കെങ്ങിനെ ഒന്നാം സ്ഥാനം കിട്ടി. നമ്മളെക്കാട്ടിലും നന്നായിട്ടല്ലേ മറ്റുള്ളവരെല്ലാം പൂക്കളം തീര്‍ത്തത്‌. ഇതുകേട്ട ഉറുമ്പു പറഞ്ഞു `എന്റെ ആനച്ചേട്ടാ ഞാന്‍ നേരത്തേ പറഞ്ഞില്ലേ.... പേടിക്കേണ്ടാന്ന്‌... ആനയ്‌ക്കു പിന്നെയും സംശയമായി തങ്ങള്‍ക്കുതന്നെ എങ്ങനെയാണ്‌ ഒന്നാം സ്ഥാനം കിട്ടിയതെന്ന്‌. അവസാനം ഉറുമ്പ്‌ ആനയോട്‌ സത്യം വെളിപ്പെടുത്തി. ഉപയോഗിച്ചത്‌ യഥാര്‍ഥ പൂക്കളാണോ എന്നറിയാന്‍ വേണ്ടി വിധികര്‍ത്താക്കള്‍ പൂക്കളത്തിലെ പൂക്കള്‍ മണത്തുനോക്കുന്നൊരു ചടങ്ങുണ്ട്‌. ഞാന്‍ മറ്റുള്ളവരുടെ പൂക്കളത്തില്‍ എല്ലാം മുളകുപൊടി വിതറിയിട്ടാ ഹാളീന്ന്‌ പുറത്തുപോയത്‌....

നുഴഞ്ഞുകയറ്റം


ആനയും ഉറു മ്പും സ്വാതന്ത്ര്യദിന പരേഡ്‌ കാണാന്‍ പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ പോയി. എല്ലാ വര്‍ഷ വും ടി.വിയില്‍ മാത്രമേ ഈ സ്വാതന്ത്ര്യദിനപരേഡ്‌ കണ്ടിട്ടുള്ളൂ. അതുകൊണ്ട്‌ ഇത്തവണ നേരിട്ടുതന്നെ ഗ്രൗണ്ടില്‍ പോയി പരേഡ്‌ കാണാന്‍ ആനയും ഉറുമ്പും തീരുമാനിച്ചു.
അങ്ങനെ അവര്‍ രണ്ടുപേരും ഗ്രൗണ്ടിന്റെ പ്രധാന കവാടത്തിലെത്തി. അപ്പോഴാണ്‌ ഇരുവരും അറിയുന്നത്‌ പാസില്ലാതെ അകത്തുകയറ്റില്ലെന്ന്‌. വിശിഷ്‌്‌ടാതിഥിയായി മന്ത്രി സല്യൂട്ട്‌ സ്വീകരിക്കാന്‍ ഗ്രൗണ്ടില്‍ വരുന്നുണ്ടെന്നും അതുകാരണം ശക്‌്‌തമായ സുരക്ഷാപരിശോധന കഴിഞ്ഞശേ ഷമേ കാണികളെ ഗ്രൗണ്ടിനകത്തേക്ക്‌ കയറ്റുകയുള്ളൂവെന്നും മറ്റും അറിയുന്നത്‌. എന്തായാലും പാസില്ലെങ്കിലും എല്ലാവരോടുമൊപ്പം ക്യൂവൊക്കെ നിന്ന്‌ ആനയും ഉറുമ്പും പരിശോധനയൊക്കെ കഴിഞ്ഞ്‌ പോലീസുകാരുടെ കൈയുംകാലും പിടിച്ച്‌ ഒരുതരത്തില്‍ ഗ്രൗണ്ടിന്‌ അകത്തുകയറി. പുറകുവശത്തായി കിട്ടിയ ഇരിപ്പിടത്തില്‍ അവര്‍ രണ്ടുപേരും ഇരുന്നു.
പരേഡ്‌ തുടങ്ങി. മന്ത്രി സല്യൂട്ട്‌ സ്വീകരിച്ചു. അതു കഴിഞ്ഞ്‌ സ്വാതന്ത്ര്യദിനയോഗം തുടങ്ങുവാന്‍ ഒരുങ്ങുമ്പോഴാണ്‌ പോലീസുകാര്‍ ആ കാഴ്‌ച കണ്ടത്‌. ഒരു പശു ഗ്രൗണ്ടിലൂടെ നുഴഞ്ഞുകയറുന്നു. പശുവിന്റെ പുറത്തെന്തോ വച്ചുകെട്ടിയിട്ടുണ്ട്‌. ആ കാഴ്‌ച കണ്ട്‌ എല്ലാവരും ഞെട്ടി.
ഇനി മന്ത്രിയെ വധിക്കാന്‍ വല്ലതുമാണോ ഇവന്‍ ഗ്രൗണ്ടിനകത്ത്‌ നുഴഞ്ഞു കയറിയത്‌. മന്ത്രിക്ക്‌ തീവ്രവാദഭീഷണിയുള്ളതിനാല്‍ പോലീസുകാര്‍ ഞെട്ടി. ഉടന്‍ പോലീസുകാര്‍ ഗ്രൗണ്ട്‌ വളഞ്ഞു. പശുവിനെ ജീവനോടെ പിടിക്കാനുള്ള ശ്രമം തുടങ്ങി. പല പോലീസുകാര്‍ക്കും പേടി തോന്നി. പശുവിന്റെ പുറത്തു കെട്ടിവച്ച പൊതിയില്‍ ബോംബായിരിക്കുമോ. പൊട്ടിത്തെറിച്ചാല്‍ തങ്ങളുടെ കുടുംബം അനാഥമായതു തന്നെ.
അപ്പോള്‍ ഈ കാഴ്‌ച കണ്ട ഉറുമ്പ്‌ ഉടനെ സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റു. ധൈര്യസമേതം പശുവിന്റെ അടുക്കല്‍ ചെന്ന്‌ പശുവിന്റെ കാതില്‍ എന്തോ മന്ത്രിച്ചു കുശലം പറഞ്ഞു. പിന്നീട്‌ അവന്റെ പുറത്തു കെട്ടിവച്ച പൊതിയെടുത്ത്‌ വലിച്ചെറിഞ്ഞു. പൊതി പൊട്ടിയില്ലെന്നു മാത്രമല്ല ഭയപ്പെട്ടതുപോലെ ഒ ന്നും സംഭവിച്ചില്ല. എല്ലാവര്‍ക്കും ആശ്വാസമായി. എങ്കിലും പോലീസുകാര്‍ പോലും ഭയപ്പെട്ടിടത്ത്‌ ഒരു ഉറുമ്പ്‌ പോയി ആ പൊതിക്കെട്ട്‌ എടുത്ത്‌ വലിച്ചെറിയാന്‍ കാണിച്ച ധൈര്യത്തിന്‌ ഒരു ഉപഹാരം നല്‍കാന്‍ എല്ലാവരും തീരുമാനിച്ചു. അങ്ങനെ അവിടെച്ചേര്‍ന്ന സ്വാതന്ത്ര്യ ദിന യോഗത്തില്‍ ഉറുമ്പിന്‌ ഒരു ഉപഹാരം കിട്ടി. ഉപഹാരവുമൊക്കെ വാങ്ങി ഉറുമ്പും ആനയും തിരിച്ചു വീട്ടിലേക്കു യാത്രയായി.
അപ്പോള്‍ ആന ഉറുമ്പിനോട്‌ ചോദിച്ചു. അല്ല നീയിതെങ്ങനെയാണ്‌ പോലീസുകാര്‍ പോലും ഭയന്നിടത്ത്‌ ഇത്ര ധൈര്യത്തോടെ പശുവിന്റെ അടുത്തെത്തി അവന്റെ ദേഹത്തു കെട്ടിവച്ച ബോംബ്‌ പൊതിയെടുത്ത്‌ വലിച്ചെറിഞ്ഞതെന്ന്‌. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു. എന്റെ ആനച്ചേട്ടാ ഈ മനുഷ്യന്‍മാരൊക്കെ എത്ര പേടിത്തൊണ്ടന്‍മാരാണെന്നോ. ആ പശുവില്ലേ അവനെന്റെ അയല്‍പക്കത്തുള്ളവനാ. അവനും നമ്മളെപ്പോലെ പരേഡ്‌ കാണാന്‍ വന്നതാ. സമയം പോയതുകൊണ്ട്‌ അവന്‌ പ്രധാന കവാടത്തിലൂടെ അകത്തുകയറാന്‍ പറ്റിയില്ല. അതാ അവന്‍ ആരും കാണാതെ നുഴഞ്ഞുകയറിയത്‌. അവന്റെ ദേഹത്ത്‌ കെട്ടിവച്ചതേ ബോംബൊന്നുമല്ല, ഉച്ചയ്‌ക്കുള്ള പൊതിച്ചോറായിരുന്നേ...

ജലരാജന്‍


നെഹ്‌റു ട്രോഫി വള്ളം കളി കാണാനായി ആനയും ഉറുമ്പും പോവുകയാണ്‌. പോകുന്ന വഴിക്ക്‌ ഇരുവരും കഴിഞ്ഞ വര്‍ഷത്തെ ഓരോ കഥകളും മറ്റും പറഞ്ഞുകൊണ്ടാണ്‌ നടക്കുന്നത്‌. അങ്ങനെ ഇരുവരും വള്ളംകളി നടക്കുന്ന പുന്നമടക്കായലിന്റെ തീരത്തെത്തി. അവിടെയെത്തിയപ്പോഴതാ, സൂചികുത്താന്‍ ഇടമില്ലാതെ ജനങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഒരുവിധത്തില്‍ ഇരുവരും ആളുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി കായലോരത്ത്‌ തങ്ങള്‍ക്ക്‌ ഇരിക്കാനുള്ള ഇരിപ്പിടം തരപ്പെടുത്തി.
വള്ളംകളിയുടെ ഫൈനല്‍ മത്സരമാണ്‌ നടക്കാന്‍ പോകുന്നത്‌. പെട്ടെന്നാണ്‌ വെടിയൊച്ച മുഴങ്ങിയത്‌. ആളുകള്‍ ആര്‍പ്പുവിളികളോടെ ആര്‍ത്തുവിളിച്ചു. ഓളപ്പരപ്പിന്റെ താളത്തിനൊപ്പം വള്ളങ്ങള്‍ ഇഞ്ചോടിഞ്ചു വ്യത്യാസത്തില്‍ നീങ്ങുകയാണ്‌. ഏതാനും മിനിട്ടുകള്‍ മാത്രം ബാക്കി. എല്ലാവള്ളങ്ങളേയും പിന്തള്ളിക്കൊണ്ട്‌ ചമ്പക്കുളം ചുണ്ടന്‍ ഒരു വള്ളപ്പാടകലെ മുമ്പിലെത്തിയിരിക്കുകയാണ്‌. ജനങ്ങള്‍ ആരവം മുഴക്കുകയാണ്‌. അപ്പോള്‍ അനൗണ്‍സ്‌മെന്റ്‌ മുഴങ്ങി. ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിമത്സരത്തിലെ ജേതാക്കളായി കൊല്ലം ബോട്ട്‌ക്ലബിന്റെ ചമ്പക്കുളം വള്ളത്തിനെ തരഞ്ഞെടുത്തിരിക്കുന്നു. ഇതുകേട്ടപ്പോള്‍ പരിസരം മറന്നുകൊണ്ട്‌ ചാടിയെണീറ്റ ആന കാല്‍വഴുതി വെള്ളിത്തിലേക്കു വീണു. ആന വെള്ളത്തില്‍ വീണപ്പോള്‍ ആളുകള്‍ എല്ലാവരും സ്‌തംഭിച്ചുപോയി. നീന്തലറിയാത്ത ആന മുങ്ങിത്താഴുന്നതുകണ്ട്‌ ഉറുമ്പ്‌ ഉറക്കെ വിളിച്ചു പറഞ്ഞു, ... ആരെങ്കിലും എന്റെ ആനച്ചേട്ടനെ രക്ഷിക്കണേ.... പക്ഷേ, ഉറുമ്പിന്റെ നിലവിളികേട്ട്‌ കായലിലേക്ക്‌ എടുത്തുചാടാന്‍ ആരും ധൈര്യപ്പെട്ടില്ല. അപ്പോഴും ആന വെള്ളത്തില്‍ മുങ്ങിത്താഴുകയാണ്‌.
പെട്ടെന്നാണ്‌ അതുസംഭവിച്ചത്‌. ഏവരും നോക്കിനില്‍ക്കേ നിലയില്ലാ കയത്തിലേക്കതാ ഉറുമ്പ്‌ എടുത്തുചാടി. ഒരുവിധത്തില്‍ വെള്ളത്തില്‍ മുങ്ങിയ ആനയും ഉറുമ്പും കരയ്‌ക്കുകയറി. ജീവന്‍ പണയം വച്ച്‌ തക്കസമയത്ത്‌ ആനയെ രക്ഷിച്ച ഉറുമ്പിനെ എല്ലാവരും പ്രശംസിച്ചു. അപ്പോള്‍ വള്ളംകളിയില്‍ വജയിച്ചവര്‍ക്ക്‌ ട്രോഫി നല്‍കാനെത്തിയ മന്ത്രിയും മറ്റു സാംസ്‌കാരിക നായകന്‍മാരും ഇരുവരുടേയും അടുത്തെത്തി. എന്നിട്ട്‌ മന്ത്രി ഉറുമ്പിന്റെ തോളില്‍ തട്ടിയിട്ടു പറഞ്ഞു, ധീരനായ ഉറുമ്പേ.... വെള്ളത്തില്‍ വീണ ആനയെ അതിസാഹസികമായി രക്ഷിച്ച നിനക്ക്‌ ഞാന്‍ ഇതാ ഒരു ട്രോഫി നല്‍കാന്‍ പോവുകയാണ്‌. മന്ത്രിയുടെ കൈയില്‍നിന്ന്‌ ട്രോഫി വാങ്ങിയശേഷം ഉറുമ്പ്‌ മന്ത്രിയോട്‌ ചോദിച്ചു, സര്‍... അങ്ങ്‌ എനിക്ക്‌ ഒരു ഉപകാരംകൂടി ചെയ്‌തു തരണം. അപ്പോള്‍ മന്ത്രി പറഞ്ഞു അതിനെന്താ, പറഞ്ഞോളൂ... ഉറുമ്പു പറഞ്ഞു എന്നെ വെള്ളത്തിലേക്ക്‌ തള്ളിയിട്ടവനെ മന്ത്രിക്കൊന്നു ശരിയാക്കാന്‍ പറ്റുമോ....

പുലിയുറുമ്പ്‌


പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടിലെ ജനങ്ങളൊന്നും വീടിനു പുറത്തിറങ്ങാതായി. അപ്പോഴാണ്‌ ഉറുമ്പിനു തോന്നിയത്‌ നാട്ടാരെ വിറപ്പിക്കുന്ന പുലിയെ പിടികൂടിയാല്‍ ഒന്നു വിലസിനടക്കാമെന്ന്‌. തന്റെ ആഗ്രഹം ആനയോടു പറയാനായി ഉറുമ്പ്‌ ആനയുടെ വീട്ടിലേക്കു പുറപ്പെട്ടു. അവിടെയെത്തിയിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു ആനച്ചേട്ടാ... നമുക്ക്‌ പുലിയെപിടിക്കാനായി കാഞ്ഞിരപ്പള്ളിയിലേക്കു പോകാം. ഉറുമ്പിന്റെ പറച്ചില്‍ കേട്ടപ്പോഴേ ആന ചൂടായി. എടാ.. നിനക്കു വേറെ പണിയൊന്നും ഇല്ലേ.... പുലിയെപ്പിടിക്കുക എന്നുള്ളത്‌ അത്ര എളുപ്പമുള്ള വഴിയൊന്നുമല്ല... അതുകൊണ്ട്‌ ഞാനില്ല... നീ വേണമെങ്കില്‍ പൊയ്‌ക്കോളൂ... ആനയുടെ മറുപടികേട്ട ഉറുമ്പ്‌ തനിയെയാണെങ്കിലും പുലിയെപിടിക്കാമെന്നു തീരുമാനിച്ചു. അങ്ങനെ ഉറുമ്പ്‌ പുലിയെത്തിരക്കി കാഞ്ഞിരപ്പള്ളിയിലേക്കു പോയി. രണ്ടുദിവസം കഴിഞ്ഞിട്ടും ഉറുമ്പിനെ കാണാഞ്ഞതില്‍ ആനയ്‌ക്കു പരിഭ്രമമായി. പുലിയെപ്പിടിക്കാന്‍ പോയ ഉറുമ്പിനെന്തുപറ്റി എന്നു വിചാരിച്ച്‌ ചിന്തിച്ചിരിക്കുകയായിരുന്നു ആന. അപ്പോഴാണ്‌ പുറത്തൊരു ബഹളം കേട്ടത്‌. വീടിനു വെളിയിലിറങ്ങി നോക്കിയപ്പോള്‍ കണ്ട കാഴ്‌ച കണ്ട്‌ ആന അന്തംവിട്ടു. നാട്ടുകാരെല്ലാം ഉറുമ്പിനെ തോളിലേറ്റി സ്വീകരിച്ചുകൊണ്ട വരികയാണ്‌. ആര്‍പ്പുവിളികളും, കൊട്ടം കുരവയുമായി ഉറുമ്പിനെയുംകൊണ്ട്‌ എല്ലാവരും ആനയുടെ വീടിനു മുമ്പിലെത്തി. അപ്പോള്‍ ആന കാര്യം തിരക്കിയ ആനയോട്‌ നാട്ടുകാരിലൊരാള്‍ പറഞ്ഞു,.... ആനച്ചേട്ടാ.. നമ്മളെയൊക്കെ വിറപ്പിച്ച പുലിയെ നമ്മുടെ ഉറുമ്പ്‌ വളരെ ധീരമായി നേരിട്ടു. അതിസാഹസികമായ പുലിയ വകവരുത്തിയ ഉറുമ്പിനെ ഞങ്ങള്‍ സ്വീകരിച്ച്‌ ആനയിക്കുകയായിരുന്നു. ഇതു കേട്ടപ്പോള്‍ ആന ഓടിച്ചെന്ന്‌ ഉറുമ്പിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു, എടാ.. ഉറുമ്പേ... നീയാളു കേമനാണെടാ... എങ്കിലും നിന്റെ ധൈര്യം ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. ഹൊ.... നീയൊരു ഭയങ്കരന്‍ തന്നെ.... ഉറുമ്പിനെ അഭിനന്ദിച്ചുകൊണ്ട്‌ ആന ഉറുമ്പിനെ തന്റെ വീട്ടിലേക്കു കയറ്റിയിരുത്തി. അപ്പോഴേക്കും സ്വീകരണം നല്‍കിയ ആള്‍ക്കാരെല്ലാം പിരിഞ്ഞുപോയി. അപ്പോള്‍ ആന ഉറുമ്പിനോടു ചോദിച്ചു, എടാ... എങ്കിലും നീയെങ്ങനെയാ ഭീകരനായ പുലിയെ കീഴ്‌പ്പെടുത്തിയത്‌. അപ്പോള്‍ ഉറുമ്പുപറഞ്ഞു... ചേട്ടാ... ഇതൊക്കെ എനിക്കുവെറും നിസാര കാര്യമല്ലേ... അപ്പോള്‍ ആന പറഞ്ഞു, എങ്കിലും ഭീകരനായ പുലിയെ പിടികൂടിയ നിന്നെ സമ്മതിക്കണം... ഇതുകേട്ട ഉറുമ്പ്‌ ആനയോടു പറഞ്ഞു,... ചേട്ടാ.. എന്നാല്‍ ഞാനൊരു സത്യം പറയാം, ചേട്ടന്‍ ആരോടും പറയരുത്‌. ആന സമ്മതം മൂളി. അപ്പോള്‍ ഉറുമ്പുപറഞ്ഞു, എന്റെ ആനച്ചേട്ടാ... ഇത്രയും നാള്‍ നമ്മളെയൊക്കെ വിറപ്പിച്ചിരുന്നത്‌ പുലിയല്ലായിരുന്നു. എവിടെനിന്നോ വന്ന ഒരു പള്ളിപ്പാക്കാനെ കണ്ട്‌ നാട്ടുകാര്‍ പുലിയാണെന്നു തെറ്റിധരിച്ചിരിക്കുകയായിരുന്നു. പക്ഷേ, പുലിയെപ്പിടിക്കാന്‍ ഞാന്‍ കാട്ടിലെത്തിയപ്പോഴാണ്‌ എല്ലാവരുടേയും പേടിസ്വപ്‌നമായ പള്ളിപ്പാക്കാന്‍ ഭക്ഷണംകിട്ടാതെ ചത്തുകിടക്കുന്നതു കണ്ടത്‌. പെട്ടെന്നുതന്നെ ഞാന്‍ ഒരു പുലിത്തോല്‍സംഘടിപ്പിച്ച്‌ അവന്റെ ദേഹത്ത്‌ പിടിപ്പിച്ചു. എന്നിട്ട്‌ നാട്ടുകാരെ വിളിച്ചുകൂട്ടിയിട്ട്‌ പറഞ്ഞു, നമ്മുടെ പുലിയെ ഞാന്‍ കീഴ്‌പ്പെടുത്തിയെന്ന്‌. അപ്പോള്‍ ആന ഉറുമ്പിന്റെ പുറത്തു തട്ടിയിട്ടു പറഞ്ഞു,... ഹൊ... നീ.. ഭയങ്കരന്‍ തന്നെ.

എലിപ്പനി


ഒരു ദിവസം ആനയും ഉറുമ്പും റോഡിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോള്‍ എതിരേ ഒരു പൂച്ച ഓടി വരുന്നതുകണ്ടു. പൂച്ച നന്നായി ഭയന്ന മട്ടിലാണ്‌ ഓടി വരുന്നത്‌.
പൂച്ചയുടെ വരവുകണ്ട്‌ എന്തോ പന്തികേടുണ്ടെന്ന്‌ ആനയ്‌ക്കും ഉറുമ്പിനും തോന്നി. പൂച്ച ഓടി ആനയുടെയും ഉറുമ്പിന്റെയും അടുത്തെത്തിയപ്പോള്‍ പൂച്ചയെ തടഞ്ഞുനിര്‍ത്തി ആന ചോദിച്ചു. `എന്താടാ നീ ഓടുന്നത്‌'. അപ്പോള്‍ പൂച്ച പറഞ്ഞു. `എനിക്ക്‌ വല്ലാതെ വിശന്നു. അപ്പോള്‍ കുന്നിന്‍ ചെരുവില്‍ കാണുന്ന ആ വീട്ടില്‍ നിന്നും കുറച്ച്‌ കറിവച്ച പോത്തിറച്ചി ഞാന്‍ തിന്നു. ആ വീട്ടിലെ അമ്മ ഞാന്‍ പോത്തിറച്ചി തിന്നുന്നത്‌ കണ്ടു. അവര്‍ ചൂലുമായി എന്റെ പുറകേ വരുന്നുണ്ട്‌. അതാ ഞാന്‍ ഓടിയത്‌'. പൂച്ച പറഞ്ഞു നിര്‍ത്തി.
അപ്പോള്‍ ഉറുമ്പ്‌ പൂച്ചയോടു പറഞ്ഞു. `എടാ നീ എന്തിനാ നല്ലോരു ഞായറാഴ്‌ച ദിവസവുമായിട്ട്‌ ആ വീട്ടുകാര്‍ ഉണ്ടാക്കിവച്ച പോത്തിറച്ചിക്കറി കട്ടു തിന്നത്‌. ആ വീട്ടിലെ തട്ടിന്‍പുറത്തു നിന്നും വല്ല ചുണ്ടെലിയേയും പിടിച്ചു തിന്നാല്‍ പോരായിരുന്നോ. അപ്പോള്‍ എലി മൂലം ശല്യമായി മാറിയ വീട്ടുകാര്‍ക്ക്‌ നിന്നോട്‌ സ്‌നേഹവും തോന്നും നിന്റെ വിശപ്പും ശമിക്കും'.
അപ്പോള്‍ പൂച്ച പറഞ്ഞു. `എന്റെ ഉറുമ്പു ചേട്ടാ ആ വീ
ട്ടില്‍ നിന്നും എലിയെ എന്റെ പട്ടി തിന്നും. ഞാന്‍ വിശന്നുമരിച്ചാലും ശരി ആ വീട്ടില്‍ നിന്നും എലിയെ തിന്നത്തില്ല'. പൂച്ചയുടെ ഈ മറുപടി കേട്ട്‌ ആനയും ഉറുമ്പും പരസ്‌പരം ആശ്ചര്യത്തോടെ നോക്കി. `അതെന്താടാ എല്ലാ പൂച്ചകള്‍ക്കും എലിയെ അല്ലേ കൂടുതല്‍ ഇഷ്‌ടം. നിനക്കുമാത്രമെന്താ എലിയോട്‌ ഇത്ര വിരക്‌്‌തി' ആന ചോദിച്ചു. അപ്പോള്‍ പൂച്ച പറ ഞ്ഞു. `എന്റെ ആനച്ചേട്ടാ, ആ വീട്ടില്‍ നിന്നും അറിയാതെ പോലും ഞാന്‍ ഒരെലിയേയും പിടിച്ചുതിന്നില്ല. അവിടെനിന്നും എലിയെ തിന്നാല്‍ എന്റെ കാര്യം പോക്കാ. കാരണം ആ വീട്ടിലെ എലികള്‍ക്കെല്ലാം എലിപ്പനിയാ ചേട്ടന്‍മാരേ...' പൂച്ചയുടെ മറുപടി കേട്ട്‌ ആനയും ഉറുമ്പും ആര്‍ത്തുചിരിച്ചു. രണ്ടുദിവസം മുമ്പെത്തിയതായിരുന്നു ഉറുമ്പിന്റെ കൂട്ടുകാരനായ പൂച്ച. പക്ഷേ രാവിലെമുതല്‍ അവനെ കാണുന്നില്ല. തന്നോടു പറയാതെ അവന്‍ പോയല്ലോ എന്നോര്‍ത്ത്‌ വിഷമം തോന്നിയ ഉറുമ്പ്‌ വീട്ടില്‍നിന്നും പുറത്തേക്കിറങ്ങി. അപ്പോഴാണ്‌ നിലവിളിച്ചുകൊണ്ട്‌ പൂച്ചച്ചേട്ടന്‍ ഓടിവരുന്നതു കണ്ടത്‌. പൂച്ച ഓടി ഉറുമ്പിന്റെയടുക്കലെത്തി. പൂച്ചയുടെ പരിഭ്രമം കണ്ട ഉറുമ്പ്‌ കാര്യം തിരക്കി. അപ്പോള്‍ പൂച്ച ഉറുമ്പിനോട്‌ നെടുവീര്‍പ്പെട്ടുകൊണ്ട്‌ പറഞ്ഞു, എന്റെ ഉറുമ്പേട്ടാ... നമ്മുടെ ആനച്ചേട്ടന്‍ എന്നെ കണ്ടാല്‍ തല്ലിക്കൊല്ലും, ചേട്ടന്‍ എന്നെ രക്ഷിക്കണം. അപ്പോള്‍ ഉറുമ്പു ചേദിച്ചു, ആനച്ചേട്ടനെന്തിനാ നിന്നെ തല്ലുന്നത്‌, നീ കാര്യം പറ.. നമുക്ക്‌ പരിഹാരമുണ്ടാക്കാം. അപ്പോള്‍ പൂച്ചപറഞ്ഞു; ഞാന്‍ രാവിലെ ആനച്ചേട്ടന്റെ വീടുവരെ പോയതാ.

ഒരു സിനിമാക്കഥ



സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടന്റെ പുതിയചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തുകയാണെന്ന വാര്‍ത്തകേട്ട്‌ ഉറുമ്പ്‌ ആനയുടെ അടുക്കലേക്ക്‌ ഓടി. എന്നിട്ട്‌ ആനയോടു പറഞ്ഞു, ചേട്ടാ, നമ്മുടെ ലാലേട്ടന്റെ സിനിമ ഉഗ്രനാണെന്നാ ആള്‍ക്കാരെല്ലാം പറയുന്നത്‌... നമുക്കൊന്നു കാണാന്‍ പോയാലോ... അപ്പോള്‍ ആന പറഞ്ഞു, എടാ.. എനിക്ക്‌ സിനിമയിലൊന്നും വലിയ താല്‌പര്യമില്ല. നീ വേണമെങ്കില്‍ കാണാന്‍ പൊയ്‌ക്കോളൂ... എന്നാല്‍ ഉറുമ്പ്‌ ആനയെ വീണ്ടും നിര്‍ബന്ധിച്ചു. ഒടുവില്‍ ഉറുമ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ലാലേട്ടന്റെ സിനിമ കാണാന്‍ ആന സമ്മതിച്ചു. അങ്ങനെ ഇരുവരും തിയേറ്ററിലെത്തി. അപ്പോഴതാ സിനിമകാണാനായി ആള്‍ക്കാരുടെ നീണ്ട നിരയാണ്‌ നില്‍ക്കുന്നത്‌. ഒരുവിധത്തില്‍ ആന ക്യൂ നിന്ന്‌ രണ്ടു ടിക്കറ്റുകളെടുത്തു. എന്നിട്ട്‌ ഒരെണ്ണം ഉറുമ്പിനും നല്‍കി. ഇരുവരും ടിക്കറ്റുമായി തിയറ്ററിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണ്‌. തിയറ്ററിന്റെ വാതില്‍ തുറന്നതും ആള്‍ക്കാരെല്ലാം അകത്തേക്ക്‌ ഇടിച്ചു കയറി. അക്കൂട്ടത്തില്‍ ഉറുമ്പും അകത്തു കയറി. ആന കൂടെയുണ്ടെന്ന തോന്നലില്‍ ഉറുമ്പ്‌ ഒരു സീറ്റില്‍ കയറിയിരുന്നു. എന്നിട്ട്‌ മറ്റൊരു സീറ്റ്‌ ആനയ്‌ക്കായി ഉറുമ്പ്‌ പിടിച്ചിട്ടു. സിനിമ തുടങ്ങി. ആന തന്റെ അടുത്തു വന്നിരിക്കുമെന്നു ഉറുമ്പ്‌ കരുതി. സിനിമ തുടങ്ങി ഏറെ നേരം കഴിഞ്ഞിട്ടും ആനയെ കാണാത്തതില്‍ ഉറുമ്പിന്‌ എന്തോ പന്തികേടു തോന്നി. ഉറുമ്പ്‌ പതിയെ എണീറ്റ്‌ തിയറ്ററിനുള്ളില്‍ ആനയെ തിരക്കാന്‍ തുടങ്ങി. എന്നിട്ടും ആനയെ കാണാഞ്ഞതിനാല്‍ തിയറിനു വെളിയിലേക്ക്‌ ഉറുമ്പ്‌ ഇറങ്ങി നോക്കി. അവിടെയും ആനയെ കാണാതെ വിഷമിച്ചിരിക്കുമ്പോഴാണ്‌ ടിക്കറ്റ്‌ കൗണ്ടറിലേക്ക്‌ ഉറുമ്പ്‌ വെറുതേ ഒന്നു നോക്കിയത്‌. അപ്പഴതാ.... ആന വീണ്ടും ടിക്കറ്റ്‌ എടുക്കുകയാണ്‌. ഉറുമ്പിന്‌ യാതൊന്നും പിടികിട്ടിയില്ല. വീണ്ടും ടിക്കറ്റെടുത്തുകൊണ്ട്‌ വന്ന ആനയോട്‌ ഉറുമ്പു ചോദിച്ചു, എന്റെ ആനച്ചേട്ടാ... ചേട്ടനിതെവിടെയായിരുന്നു. നല്ല ഉഗ്രന്‍ സിനിമ അകത്തു നടക്കുകയാ... സിനിമ ഇപ്പോള്‍ തീരാറായി. എന്നിട്ടും ചേട്ടന്‍ ആര്‍ക്കുവേണ്ടിയാ ഈ ടിക്കെറ്റുടുത്തുകൊണ്ടു പോകുന്നത്‌. അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു, എടാ ഉറുമ്പേ... ഒന്നും പറയേണ്ട. ഇതുകൂടികൂട്ടി ഞാന്‍ ഇരുപത്തഞ്ചാമത്തെ ടിക്കറ്റാ എടുക്കുന്നത്‌. ഇതുവരെ എനിക്ക്‌ തിയറ്ററിനുള്ളിലേക്ക്‌ കയറാന്‍ സാധിച്ചില്ല. അപ്പോള്‍ ഉറുമ്പ്‌ അതിശയത്തോടെ ചോദിച്ചു, എന്റെ ചേട്ടാ... ചേട്ടനെന്തു പണിയാ ഈ കാണിക്കുന്നത്‌... സിനിമ തുടങ്ങുന്നതിനു മുമ്പുതന്നെ ചേട്ടന്‍ നമുക്കു രണ്ടുപേര്‍ക്കും ടിക്കറ്റെടുത്തതാണല്ലോ... പിന്നെയെന്തിനാ വീണ്ടും വീണ്ടും ടിക്കറ്റെടുക്കുന്നത്‌. അപ്പോള്‍ ആന പറഞ്ഞു... ഇത്‌ എന്റെ അവസാനത്തെ ടിക്കറ്റെടുപ്പാ.. ഞാന്‍ ഓരോ തവണയും ടിക്കറ്റെടുത്ത്‌ തിയറ്ററിനുള്ളിലേക്കു കയറാന്‍ തുടങ്ങുമ്പോള്‍ തിയറ്ററിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഒരു 'സ്‌റ്റുപ്പിഡ്‌' എന്റെ ടിക്കറ്റുകള്‍ വലിച്ചു കീറി പകുതി മാത്രം എന്റെ കയ്യില്‍ തരും. അടുത്തതവണയെങ്ങാനും അവന്‍ എന്റെ ടിക്കറ്റ്‌ കീറിയാല്‍ അവനെ ഞാന്‍ ശരിയാക്കും....

ഒരു കോസ്‌മെറ്റിക്‌ സര്‍ജറിയുടെ കഥ


രണ്ടുദിവസമായി ആനയെക്കാണുന്നില്ലല്ലോയെന്നോര്‍ത്ത്‌ വിഷമിച്ചിരിക്കുകയായിരുന്നു ഉറുമ്പ്‌. ആനയ്‌ക്കെന്തുപറ്റിയെന്നറിയാന്‍ ആനയുടെ വീടുവരെപോകാന്‍ ഉറുമ്പു തീരുമാനിച്ചു. ആനയുടെ വീട്ടിലെത്തിയ ഉറുമ്പ്‌ ഉറക്കെവിളിച്ചു, ആനച്ചേട്ടാ... ഉറുമ്പിന്റെ ശബ്ദം കേട്ടപ്പോള്‍ ആനയുടെ ഭാര്യ ഇറങ്ങിവന്നു. എന്നിട്ട്‌ ഉറുമ്പിനോടു പറഞ്ഞു, ആനച്ചേട്ടന്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നിറങ്ങിപ്പോയതാ. രണ്ടു ദിവസമായി ജലപാനം പോലുമില്ലായിരുന്നു. എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞാ പോയത്‌. ഇതു കേട്ട ഉറുമ്പിന്‌ ഒന്നും മനസിലായില്ല. ആനച്ചേട്ടന്‍ എവിടെങ്കിലും പോയാല്‍ എന്നോടു പറയുമല്ലോ... പക്ഷേ ഇത്തവണയെന്താ എന്നോടു പറയാതെ പോയത്‌. ഉറുമ്പ്‌ പതിയെ വീട്ടിലേക്കു നടന്നു. വീടിന്റെ മുമ്പിലെത്തിയപ്പോഴതാ ഭയങ്കര ആള്‍ക്കൂട്ടം.
എന്തു സംഭവിച്ചെന്നറിയാതെ ഉറുമ്പ്‌ പരിഭ്രമിച്ചുകൊണ്ട്‌ വീടിനു മുമ്പിലേക്കു ചെന്നു. അപ്പോഴതാ, ഒരു വെളുത്ത ആന തന്റെ വീടിനു മുമ്പില്‍ നില്‍ക്കുന്നു. അതിനെക്കാണാനാണ്‌്‌ ആള്‍ക്കാരെല്ലാം തടിച്ചു കൂടി നില്‍ക്കുന്നത്‌. ശ്രദ്ധിച്ചു നോക്കിയപ്പാഴാണ്‌ ആനയുടെ തുമ്പിക്കൈ പകുതി മുറിഞ്ഞിരിക്കുന്നതു കണ്ടത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എല്ലാവരും വേഗം മാറിക്കേ, ഈ ആന ആഫ്രിക്കയില്‍നിന്നും വന്നതാണെന്നു തോന്നുന്നു. അവന്റെ തുമ്പിക്കൈ മുറിഞ്ഞിരിക്കുന്നതു കണ്ടിട്ട്‌ എല്ലാവരും നോക്കിനില്‍ക്കുകയാണോ.... വേഗം ആരെങ്കിലും കുറച്ച്‌ മരുന്നെടുത്തു കൊണ്ടുവരൂ.... എന്നിട്ട്‌ ഉറുമ്പ്‌ എല്ലാവരേയും തള്ളിമാറ്റിക്കൊണ്ട്‌ ആനയുടെ അടുത്തേക്ക്‌ ചെന്നു. ആനയുടെ ആടുത്തു ചെന്നപ്പോഴാണ്‌ ഒരു കാര്യം പിടികിട്ടിയത്‌. ഇത്‌ ആഫ്രിക്കന്‍ ആനയല്ല, നമ്മുടെ ആനച്ചേട്ടനാണെന്ന്‌. അതിശയത്തോടെ ഉ റുമ്പ്‌ ആനയോടു ചോ ദിച്ചു, എന്റെ ആ നച്ചേട്ടാ, ഇതെന്തു കോലമാ... ചേട്ടനെ ന്താ സംഭവിച്ച ത്‌, ഇതെ ങ്ങനെയാ ചേട്ടന്റെ നിറം വെളുപ്പാ യത്‌.
അതു തന്നെയുമല്ല ചേട്ടന്റെ തുമ്പിക്കൈ യെങ്ങ നെയാ മുറിഞ്ഞി രിക്കു ന്നത്‌. അപ്പോള്‍ ആന വളരെ വിഷാദ ത്തോടെ പ റഞ്ഞു, എടാ ഉറുമ്പേ... ഒന്നും പറയ ണ്ട.. എനി ക്കൊരു പറ്റുപ റ്റി. വളരെ നാളത്തെ ആ ഗ്രഹമാ യിരുന്നു കറുപ്പു നിറം വെളുപ്പു നിറമാ ക്കണമെന്ന്‌.
കൂടാതെ എന്റെ തുമ്പി ക്കൈയുടെ നീളം അത്ര ശരിയല്ലെന്ന്‌ എനിക്കു തോ ന്നി. അങ്ങനെയിരി ക്കു മ്പോ ഴാണ്‌ നമ്മുടെ പെയിന്റര്‍ രാ മുവും, തടി വെട്ടുകാരന്‍ വാസു വുംകൂടി വഴിയിലൂടെ പോകുന്നതു കണ്ടത്‌. അവരോടു ഞാനെന്റെ ആഗ്രഹം പറഞ്ഞു. അപ്പോള്‍ അവര്‍ എന്നോടു പറഞ്ഞു, ആനച്ചേട്ടന്‍ ധൈര്യമായിരിക്കൂ.... നമ്മുടെ മൈക്കിള്‍ ജാക്‌സണ്‌ നിറം മാറാമെങ്കിലാണോ ചേട്ടന്‌ നിറം മാറാന്‍ വയ്യാത്തത്‌. ചേട്ടന്‍ ഒന്നുമറിയാങ്ങു നിന്നാല്‍ മതി. ഞങ്ങള്‍ ഇപ്പോള്‍ ശരി യാക്കിത്തരാം. ഇതുപറഞ്ഞിട്ട്‌ രാമുവണ്ണന്‍ എന്റെ മേലാകെ വൈറ്റ്‌സിമന്റു പൂശി.
ദേഹം മുഴുവന്‍ വെളുത്തു കഴിഞ്ഞപ്പോള്‍ വാസുവണ്ണന്റെ എന്നോടു പറയുകയാ ഒരു നിമിഷം ഒന്നു കണ്ണടച്ചു നില്‍ക്കാന്‍. അതു കേട്ട്‌ അനങ്ങാതെ കണ്ണടച്ചു നിന്ന എന്റെ തുമ്പിക്കൈ വാസുവണ്ണന്‍ ഒറ്റവെട്ടിന്‌ രണ്ടാക്കി.

കാട്ടിലെ ഭൂതം


ഒരിക്കല്‍ ഉറുമ്പ്‌ കാട്ടിലൂടെ നടന്നു പോവുകയായിരുന്നു.
അപ്പോള്‍ ഉറുമ്പിന്റെ കാലില്‍ അടപ്പുള്ളൊരു കുപ്പി തട്ടി. ഉറുമ്പിന്റെ കാലു വേദനിച്ചു. ഒപ്പം ദേഷ്യവും വന്നു. വേദനയും ദേഷ്യവും മൂലം ഉറുമ്പ്‌ ആ കുപ്പിയെടുത്ത്‌ വലിച്ചെറിഞ്ഞു. കുപ്പി ഒരു കല്ലില്‍ കൊണ്ട്‌ പൊട്ടിത്തെറിച്ചു.
പിന്നീട്‌ ഉറുമ്പ്‌ യാത്ര തുടര്‍ന്നു. കുറേ ദൂരം സഞ്ചരിച്ചപ്പോള്‍ ഉറുമ്പിനു തോന്നി തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന്‌. പേടിച്ചുപോയ ഉറുമ്പ്‌ തിരിഞ്ഞുനോക്കി ഭയത്തോടെ ചോദിച്ചു. `ആരാടാ അത്‌'. ഉടനെ ഒരു അശരീരി ഉറുമ്പിനു മറുപടി നല്‍കി. `ഞാനാ ഇത്‌, ഭൂതം, കാട്ടിലെ ഭൂതം'. കാട്ടിലെ ഭൂതമോ ഉറുമ്പിന്‌ പേടിയും ആശ്ചര്യവും തോന്നി. `നീ എന്താ എന്റെ പുറകേ നടക്കുന്നത്‌'. ഉറുമ്പ്‌ ചോദിച്ചു. `താങ്കള്‍ അല്ലേ എന്നെ മോചിപ്പിച്ചത്‌'. ഭൂതം മറുപടി പറഞ്ഞു. നിന്നെ ഞാന്‍ മോചിപ്പിച്ചുവെന്നോ. ഉറുമ്പിന്‌ ആശ്ചര്യം തോന്നി. `അതേ താങ്കള്‍ അല്‌പം മുമ്പ്‌ വലിച്ചെറിഞ്ഞ കുപ്പിയില്‍ ഞാനുണ്ടായിരുന്നു. കുപ്പി പൊട്ടിയതോടെ ഞാന്‍ സ്വതന്ത്രനായി. ഇനിമുതല്‍ ഞാന്‍ നിങ്ങളുടെ അടിമയാണ്‌, എന്നെ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കാണാനാവില്ല. നിങ്ങളുടെ എന്താവശ്യവും ഇനി ഞാന്‍ സാധിച്ചു തരും'. ഭൂതം പറഞ്ഞു.
ഭൂതത്തെ കൂട്ടുകിട്ടിയതോടെ ഉറുമ്പ്‌ അഹങ്കരിക്കാന്‍ തുടങ്ങി. പല പല അഭ്യാസങ്ങളും ഉറുമ്പ്‌ ഭൂതത്തിന്റെ സഹായത്തോടെ കാട്ടില്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഉറുമ്പ്‌ കാട്ടിലെ മുടിചൂടാമന്നനായി. ഒരു മന്ത്രവാദിയെയെന്നപോലെ ഉറുമ്പിനെ കാട്ടിലെല്ലാവരും ഭയന്നു. കാട്ടിലെ അങ്ങനെയിരിക്കേ ഉറുമ്പിന്റെ കൂട്ടുകാരന്‍ ആനയ്‌ക്ക്‌ ചില സംശയങ്ങളൊക്കെ തോന്നിത്തുടങ്ങി. ഒരു ദിവസം ആന ഉറുമ്പിനോട്‌ പറഞ്ഞു. `നിന്റെ ശക്തിയില്‍ എനിക്ക്‌ വിശ്വാസക്കുറവുണ്ട്‌. നീ ഞങ്ങളുടെ ആനമലയുടെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി പരിക്കൊന്നും ഇല്ലാതെ മുകളിലെത്തിയാല്‍ നിന്റെ കഴിവില്‍ ഞാന്‍ വിശ്വസിക്കാം'. ഉറുമ്പ്‌ പറഞ്ഞു. `അതിനെന്താ പത്തുമിനിട്ടുകൊണ്ട്‌ ഞാന്‍ ആനമലയുടെ താഴേയ്‌ക്ക്‌ പോയി തിരിച്ചു വരാം'.
തൊട്ടടുത്ത ദിവസം ഉറുമ്പ്‌ തന്റെ വീരകൃത്യത്തിന്‌ സാക്ഷികളാകാന്‍ ആനയെയും കാട്ടിലെ മറ്റു ജീവികളെയും കൂട്ടി ആനമലയില്‍ എത്തി. എന്നിട്ട്‌ ഭൂതത്തോട്‌ പറഞ്ഞു. `ഭൂതമേ കാത്തോണം, നിന്റെ ബലത്തിലാണു ഞാന്‍ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ഏറ്റിരിക്കുന്നത്‌'. ഭൂതം പറഞ്ഞു `താങ്കള്‍ ധൈര്യമായി താഴേയ്‌ക്കു ചാടിക്കോ, താങ്കള്‍ക്ക്‌ ഒരാപത്തും വരാതെ ഞാന്‍ കാത്തുകൊള്ളാം'. ഭൂതത്തിന്റെ വാക്കുകേട്ടതും ഉറുമ്പ്‌ ആനമലയുടെ താഴ്‌വാരത്തേയ്‌ക്ക്‌ എടുത്തുചാടി. മണിക്കൂറു രണ്ടായിട്ടും ഉറുമ്പിനെ മുകളിലേക്ക്‌ കണ്ടില്ല. തുടര്‍ന്ന്‌ ആനയും കാട്ടിലെ മറ്റു ജീവികളുമെല്ലാം ഉറുമ്പിനെ തിരക്കി ഇറങ്ങി. അവസാനം ഒരു മരത്തിന്റെ ചില്ലയില്‍ തൂങ്ങി ജീവനായി കേഴുന്ന ഉറുമ്പിനെ കണ്ടു. എന്താണ്‌ സംഭവിച്ചതെന്ന്‌ ഉറുമ്പിനൊന്നും മനസിലായില്ല. അവന്‍ ചോദിച്ചു ഭൂതമെന്തിയേ, കാട്ടിലെ മൃഗങ്ങളെല്ലാം പരസ്‌പരം ഒന്നും മനസിലാകാത്ത പോലെ നോക്കി. അപ്പോള്‍ ആന ഒരു കുപ്പിയും വടിയും ഉയര്‍ത്തിക്കാട്ടി പറഞ്ഞു. `ഈ കുപ്പിയില്‍ ഭൂതത്തെ ഞാന്‍ അടച്ചു. കാട്ടില്‍ നിന്നും എനിക്കു കിട്ടിയ ഈ വടി വെറുമൊരു വടിയല്ല. മാന്ത്രിക വടിയാണ്‌. ഇതുപയോഗിച്ചാണ്‌ ഞാന്‍ ഭൂതത്തെ തളച്ചത്‌. ഈ വടി കൂടി കിട്ടിയിരുന്നെങ്കില്‍ മാത്രമേ നിന്റെ കഴിവ്‌ പൂര്‍ണമാകുമായിരുന്നുള്ളൂ'. ആന പറഞ്ഞു. മാന്ത്രികവടിയില്ലാതെ ഭൂതത്തെ കൊണ്ടുനടന്ന ഉറുമ്പിന്റെ വേലത്തരം ഓര്‍ത്ത്‌ എല്ലാവരും ചിരിച്ചു. പിന്നീട്‌ ആന ഉറുമ്പിനെ തുമ്പിക്കൈ കൊണ്ട്‌ മരത്തില്‍ നിന്നും എടുത്ത്‌ കാട്ടിലെ കൂട്ടുകാരോടൊപ്പം ഭൂതവുമായി ആനമല കയറി.