Friday, October 2, 2009

ഓണപ്പൂക്കളം


പതിവില്ലാതെ വെളുപ്പാന്‍ കാലത്ത്‌ ഉറുമ്പിന്റെ ഉച്ചത്തിലുള്ള വിളികേട്ടാണ്‌ ആന ഉണര്‍ന്നത്‌. സ്വസ്ഥമായി ഉറങ്ങാനും സമ്മതിക്കില്ല എന്നു പിറുപിറുത്തുകൊണ്ട്‌ ആന വീടിനു വെളിയിലേക്കിറങ്ങി. അപ്പോഴതാ, ഉറുമ്പ്‌ കയ്യില്‍ ഒരു നോട്ടീസും പിടിച്ചുകൊണ്ട്‌ കിതച്ചു നില്‍ക്കുകയാണ്‌. വെളുപ്പിനെ എന്തിനാടാ കിടന്നു നിലവിളിക്കുന്നത്‌ എന്നു പറഞ്ഞുകൊണ്ട്‌ ആന ഉറുമ്പിനോട്‌ കാര്യം തിരക്കി. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ആനച്ചേ ട്ടാ... അറിഞ്ഞോ.. നമ്മുടെ ക്ലബില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ അത്തപ്പൂക്കള മത്സരമുണ്ട്‌. മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക്‌ പത്തു പവന്‍ സ്വര്‍ണമാ സമ്മാനമായി ലഭിക്കുന്നത്‌. അപ്പോള്‍ ആന പറഞ്ഞു, എടാ... നിനക്കൊരു പണിയുമില്ലേ..... അത്തപ്പൂക്കള മത്സരമെ ന്നാക്കെ പറഞ്ഞാല്‍ വള രെ റിസ്‌കു പിടിച്ച കാര്യമാ... നമുക്കൊന്നും പറഞ്ഞ പരിപാടിയല്ല. നീ വേറെ കാര്യം നോക്ക്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ആനച്ചേട്ടാ... നമ്മള്‍ മത്സരത്തിനിറങ്ങിയാല്‍ ഉറപ്പായും നമുക്കുതന്നെ ഒന്നാം സമ്മാനംലഭിക്കും. ഉറുമ്പ്‌ ആനയെ വളരെനേരം നിര്‍ബന്ധിച്ചു. ഒടുവില്‍ ഉറുമ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മനസില്ലാമനസോടെ മത്സരത്തില്‍ പങ്കെടുക്കാന്‍ ആന തീരുമാനിച്ചു.
അങ്ങനെ ഇരുവരും കുളിച്ചൊരുങ്ങി പൂക്കളമത്സരത്തിന്‌ പോകാന്‍ തയാറായി. അവര്‍ രണ്ടുപേരും വിവിധ തരം പൂക്കള്‍ ശേഖരിച്ചു മത്സരത്തിന്‌ യാത്രയായി. മത്സരം നടക്കുന്ന ഹാളില്‍ എത്തിയതോടെ എല്ലാ മത്സരാര്‍ഥികളും തങ്ങള്‍ക്ക്‌ നിശ്ചയിച്ച സ്ഥലത്ത്‌ പൂക്കളം തീര്‍ക്കാന്‍ റെഡിയായി നിന്നു. ആകെ പത്തു മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നു. എങ്ങനെയും ഒന്നാമതെത്താന്‍ ആനയും ഉറുമ്പും കിണഞ്ഞു പരിശ്രമിക്കാന്‍ തീരുമാനിച്ചു.
പൂക്കളമത്സരം തുടങ്ങി. എല്ലാവരും പൂക്കളൊക്കെ ഭംഗിയായി നിരത്തി പൂക്കളം തീര്‍ത്തു. പൂക്കളമൊക്കെ തീര്‍ത്തു കഴിഞ്ഞപ്പോഴാണ്‌ ആന എല്ലാവരുടേയും പൂക്കളം ശ്രദ്ധിച്ചത്‌. മറ്റുള്ളവരുടെയൊക്കെ അത്തപ്പൂക്കളം വളരെ ഭംഗിയായിട്ടുണ്ട്‌. തങ്ങള്‍ ഇട്ട പൂക്കളമാണെങ്കില്‍ വളരെ ബോറും. ആന ഉറപ്പിച്ചു, ഇത്തവണ സമ്മാനമില്ല. ആന ഉറുമ്പിനോടു പറഞ്ഞു, എടാ.. വാ.. നമുക്കുപോയേക്കാം.... മറ്റുള്ളവരുടെയൊക്കെ പൂക്കളം എ ന്തു രസമാ കാണാന്‍. നമ്മുടെമാത്രം വളരെ വൃത്തികേടും. ആനയുടെ പറച്ചില്‍ കേട്ടപ്പോള്‍ ഉറുമ്പു പറഞ്ഞു, ചേട്ടാ.. എന്തായാലും നമ്മളള്‍ ഇവിടെ വളരെ കഷ്‌ട പ്പെട്ടു വന്നതല്ലേ.. ഫലമറിയുന്നതുവരെ ഇവിടെ കാത്തിരിക്കാം. ചേട്ടന്‍ നോക്കിക്കോ.. നമുക്കുതന്നെയായിരിക്കും ഒന്നാംസ്ഥാനം.
ഉറുമ്പു പറഞ്ഞത്‌ കാര്യമാക്കാതെ ഫലമറിയുന്നതുവരെ കാത്തിരിക്കാന്‍ ആന സമ്മതിച്ചു. അവസാനം വിധികര്‍ത്താക്കളെത്തി മത്സരാര്‍ഥികളെ ഹാളിനു പുറത്താക്കി മത്സരത്തിനു മാര്‍ക്കിടാന്‍ തുടങ്ങി.
കുറെനേരം കഴിഞ്ഞപ്പോള്‍ മത്സരത്തിന്റെ ഫലം വന്നു. എല്ലാവരെയും പിന്തള്ളി ആനയും ഉറുമ്പും ഒന്നാമതെത്തി. പത്തുപവന്‍ സ്വര്‍ണവും കിട്ടി. രണ്ടാളും വളരെ സന്തോഷത്തോടെ വീട്ടിലേക്ക്‌ പോകാന്‍ തുടങ്ങി. വഴിക്ക്‌ ആന ഉറുമ്പിനോട്‌ ചോദിച്ചു: `എന്നാലും നമുക്കെങ്ങിനെ ഒന്നാം സ്ഥാനം കിട്ടി. നമ്മളെക്കാട്ടിലും നന്നായിട്ടല്ലേ മറ്റുള്ളവരെല്ലാം പൂക്കളം തീര്‍ത്തത്‌. ഇതുകേട്ട ഉറുമ്പു പറഞ്ഞു `എന്റെ ആനച്ചേട്ടാ ഞാന്‍ നേരത്തേ പറഞ്ഞില്ലേ.... പേടിക്കേണ്ടാന്ന്‌... ആനയ്‌ക്കു പിന്നെയും സംശയമായി തങ്ങള്‍ക്കുതന്നെ എങ്ങനെയാണ്‌ ഒന്നാം സ്ഥാനം കിട്ടിയതെന്ന്‌. അവസാനം ഉറുമ്പ്‌ ആനയോട്‌ സത്യം വെളിപ്പെടുത്തി. ഉപയോഗിച്ചത്‌ യഥാര്‍ഥ പൂക്കളാണോ എന്നറിയാന്‍ വേണ്ടി വിധികര്‍ത്താക്കള്‍ പൂക്കളത്തിലെ പൂക്കള്‍ മണത്തുനോക്കുന്നൊരു ചടങ്ങുണ്ട്‌. ഞാന്‍ മറ്റുള്ളവരുടെ പൂക്കളത്തില്‍ എല്ലാം മുളകുപൊടി വിതറിയിട്ടാ ഹാളീന്ന്‌ പുറത്തുപോയത്‌....

No comments:

Post a Comment