Friday, October 2, 2009

ക്വട്ടേഷന്‍


ഓണാഘോഷം ഗംഭീരമാക്കുന്നതിനെപ്പറ്റി ചര്‍ച്ചചെയ്‌തുകൊണ്ട്‌ പോകുകയായിരുന്നു ആനയും ഉറുമ്പും. ഇത്തവണ ഓണപ്പരിപാടിയില്‍ ഓണത്തല്ലും വേണമെന്നായിരുന്നു ഉറുമ്പിന്റെ അഭിപ്രായം. എന്നാല്‍ വഴക്കുകൂടാനും അടിപിടിയിലുമൊന്നും ആനയ്‌ക്ക്‌ താല്‍പര്യമില്ലായിരുന്നു. അങ്ങനെ പല കാര്യങ്ങളും പറഞ്ഞുകൊണ്ട്‌ വഴിയിലൂടെ നടക്കുന്നതിനിടയിലാണ്‌ പെട്ടെന്ന്‌ ഒരു എന്‍ഡവര്‍ കാര്‍ ചീറിപ്പാഞ്ഞ്‌ ഇവരുടെ സമീപത്തുകൂടിപ്പോയത്‌. കാര്‍ വേഗത്തില്‍ കടന്നുപോയ ഉടന്‍തന്നെ ആന നിലവിളിക്കാന്‍ തുടങ്ങി. കാര്യമറിയാതെ നിന്ന ഉറുമ്പിനോട്‌ ആന പറഞ്ഞു, എടാ.. ഉറുമ്പേ, ആ പോയ കാറിന്റെ ഒരുവശം എന്റെ കാലില്‍ മുട്ടി. എനിക്കു വേദനിക്കുന്നു. അപ്പോള്‍ ഉറുമ്പ്‌ ദേഷ്യത്തോടെ പറഞ്ഞു, ഹും... അവന്‍മാര്‍ക്ക്‌ അത്രയ്‌ക്ക്‌ അഹങ്കാരമോ.... ചേട്ടന്‍ ഇവിടെ ഇരിക്ക്‌, ഞാനിപ്പോ വരാം... ഉറുമ്പ്‌ പറഞ്ഞതുകേട്ടപ്പോള്‍ ആനയ്‌ക്കു പേടിയായി, എന്നിട്ട്‌ ആന ഉറുമ്പിനോടു പറഞ്ഞു,.. എടാ ഉറുമ്പേ, എനിക്ക്‌ നിസാര പരിക്കേ ഉള്ളൂ... ഇതു സാരമില്ല. അവന്‍മാരെ വിട്ടേക്ക്‌... നമുക്ക്‌ വീട്ടില്‍ പോയേക്കാം. എന്നാല്‍ ആന പറഞ്ഞതു കേള്‍ക്കാന്‍ ഉറുമ്പു കൂട്ടാക്കിയില്ല. എന്നിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, ചേട്ടാ.... ചേട്ടന്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട. അവന്‍മാരെ ഞാനിപ്പോ ശരിയാക്കിത്തരാം... ഇതുപറഞ്ഞിട്ട്‌ ഉറുമ്പ്‌ വഴിയില്‍ക്കൂടി വന്ന ഒരു ബൈക്ക്‌ തടഞ്ഞുനിര്‍ത്തി അതില്‍ക്കയറി കാറിന്റെ പിറകേ വച്ചുപിടിച്ചു. അതേസമയം ഉറുമ്പു തിരികെ വരുന്നതുംകാത്ത്‌ ആന വഴിയില്‍ കാത്തിരുന്നു. എന്നാല്‍ കുറേനേരം കഴിഞ്ഞിട്ടും ഉറുമ്പിനെ കാണുന്നില്ല. ഉറുമ്പിനെ കാത്തിരുന്ന ആനയാണെങ്കില്‍ വഴിവക്കിലിരുന്ന്‌ മയങ്ങിപ്പോയി. പെട്ടെന്നാണ്‌ ഒരു ബഹളം കേട്ട്‌ ആന ഞെട്ടിയുണര്‍ന്നത്‌. വഴിയില്‍ക്കൂടി ആളുകള്‍ ഓടിപ്പോകുന്നതുകണ്ട ആന ആള്‍ക്കാരോട്‌ കാര്യം തിരക്കി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, റോഡിനു നടുവില്‍ ഒരു എന്‍ഡവര്‍ കാര്‍ കിടക്കുന്നുണ്ട്‌. സമീപത്ത്‌ ആരോ ഒരാള്‍ തല്ലുകൊണ്ട്‌്‌ കിടക്കുന്നു. ഇതുകേട്ടയുടനേ ആന വിചാരിച്ചു. തന്നെ ഇടിപ്പിച്ചിട്ടു പോയ കാറായിരിക്കും അവിടക്കിടക്കുന്നത്‌. പാവം അതിന്റെ ഡ്രൈവറെ ഉറുമ്പ്‌ ശരിപ്പെടുത്തിക്കാണും. ഇതുപറഞ്ഞിട്ട്‌ ആന സംഭവസ്ഥലത്തേക്കു കുതിച്ചു. അവിടെച്ചേന്നപ്പോള്‍ കണ്ട കാഴ്‌ച വളരെ ഭീതിജനകമായിരുന്നു. തന്റെ കൂട്ടുകാരന്‍ ഉറുമ്പ്‌ ബോധമറ്റ്‌ റോഡില്‍ കിടക്കു ന്നു. പെട്ടെന്ന്‌ ആന അവിടെക്കൂടിനിന്നവരില്‍ ഒരാളോടു കുറേവെള്ളം വാങ്ങി ഉറുമ്പിന്റെ മുഖത്തേക്കു തളിച്ചു. ഉടന്‍തന്നെ ഉറുമ്പിനു ബോധം തെളിഞ്ഞു. അപ്പോള്‍ ആന ചോദിച്ചു, എടാ... നീ വളരെ ധൈര്യസമേതം ഒരു കാറിനു പിറകേ പായുന്നതു കണ്ടല്ലോ, പിന്നെന്താ നിനക്കു സംഭവിച്ചത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ആനച്ചേട്ടാ... ഒന്നും പറയണ്ടാ.. ഇനി എനിക്ക്‌ ഓണത്തല്ലു കൂടേണ്ടി വരില്ല. ഉറുമ്പിന്റെ വിഷമത്തോടെയുള്ള പറച്ചില്‍കേട്ട്‌ ആന കാര്യം പിന്നെയും തിരക്കി. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, ചേട്ടാ...ചേട്ടനെ ഇടിച്ചിട്ടു പോയ കാറിന്റെ പിറകേ അതിസാഹസികമായാണ്‌ ഞാന്‍ പോയത്‌. ഒടുവില്‍ അവന്‍മാരെ ഞാന്‍ ഓവര്‍ടേക്ക്‌ ചെയ്‌ത്‌ പിടികൂടി.
ഞാന്‍ കാറിനു മുമ്പില്‍ എന്റെ ബൈക്ക്‌ നിര്‍ത്തിയിട്ട്‌ അവന്‍മാരോട്‌ പറഞ്ഞു, ധൈര്യമുണ്ടെങ്കില്‍ ഇറങ്ങി വാടാ.... മര്യാദയ്‌ക്ക്‌ കാറോടിക്കാന്‍ നിനക്കൊക്കെ അറിയാന്‍ മേലേടാ. നീയൊന്നും ആണുങ്ങളുടെ തല്ലുകൊള്ളാഞ്ഞിട്ടാ ഇത്രേം വേഗത്തില്‍ കാറോടിച്ചു പോകുന്നത്‌ അല്ലേ.... നിന്നെയൊക്കെ ഞാനിന്നു ശരിയാക്കും. ഇതു പറഞ്ഞിട്ട്‌ ഉറുമ്പ്‌ വളരെ വിഷമത്തോടെ കരയാന്‍ തുടങ്ങി. അപ്പോള്‍ ആന ചോദിച്ചു പിന്നെന്താ സംഭവിച്ചത്‌. അപ്പോള്‍ ഉറുമ്പു പറഞ്ഞു, ഹൊ.. പിന്നെന്തു സംഭവിക്കാനാ... എന്റെ വെല്ലുവിളി തീര്‍ന്നതും കാറിനുള്ളില്‍നിന്നും അഞ്ചാറുപേര്‍ ഇറങ്ങിവന്നു. വടിവാളും കുറുവടിയുമായി ഇറങ്ങിയ അവന്‍മാര്‍ എന്നോടു പറഞ്ഞു, `ക്വട്ടേഷന്‍' സംഘത്തെയാണോടാ നീ വെല്ലുവിളിക്കുന്നത്‌, നിന്റെ എല്ലു ഞങ്ങള്‍ നുറുക്കുമെടാ... ഇത്രയും പറഞ്ഞിട്ട്‌ അവന്‍മാര്‍ എന്നെ ശരിക്കുമങ്ങു പെരുമാറി.

No comments:

Post a Comment