Friday, October 2, 2009

കാട്ടിലെ ഭൂതം


ഒരിക്കല്‍ ഉറുമ്പ്‌ കാട്ടിലൂടെ നടന്നു പോവുകയായിരുന്നു.
അപ്പോള്‍ ഉറുമ്പിന്റെ കാലില്‍ അടപ്പുള്ളൊരു കുപ്പി തട്ടി. ഉറുമ്പിന്റെ കാലു വേദനിച്ചു. ഒപ്പം ദേഷ്യവും വന്നു. വേദനയും ദേഷ്യവും മൂലം ഉറുമ്പ്‌ ആ കുപ്പിയെടുത്ത്‌ വലിച്ചെറിഞ്ഞു. കുപ്പി ഒരു കല്ലില്‍ കൊണ്ട്‌ പൊട്ടിത്തെറിച്ചു.
പിന്നീട്‌ ഉറുമ്പ്‌ യാത്ര തുടര്‍ന്നു. കുറേ ദൂരം സഞ്ചരിച്ചപ്പോള്‍ ഉറുമ്പിനു തോന്നി തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന്‌. പേടിച്ചുപോയ ഉറുമ്പ്‌ തിരിഞ്ഞുനോക്കി ഭയത്തോടെ ചോദിച്ചു. `ആരാടാ അത്‌'. ഉടനെ ഒരു അശരീരി ഉറുമ്പിനു മറുപടി നല്‍കി. `ഞാനാ ഇത്‌, ഭൂതം, കാട്ടിലെ ഭൂതം'. കാട്ടിലെ ഭൂതമോ ഉറുമ്പിന്‌ പേടിയും ആശ്ചര്യവും തോന്നി. `നീ എന്താ എന്റെ പുറകേ നടക്കുന്നത്‌'. ഉറുമ്പ്‌ ചോദിച്ചു. `താങ്കള്‍ അല്ലേ എന്നെ മോചിപ്പിച്ചത്‌'. ഭൂതം മറുപടി പറഞ്ഞു. നിന്നെ ഞാന്‍ മോചിപ്പിച്ചുവെന്നോ. ഉറുമ്പിന്‌ ആശ്ചര്യം തോന്നി. `അതേ താങ്കള്‍ അല്‌പം മുമ്പ്‌ വലിച്ചെറിഞ്ഞ കുപ്പിയില്‍ ഞാനുണ്ടായിരുന്നു. കുപ്പി പൊട്ടിയതോടെ ഞാന്‍ സ്വതന്ത്രനായി. ഇനിമുതല്‍ ഞാന്‍ നിങ്ങളുടെ അടിമയാണ്‌, എന്നെ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും കാണാനാവില്ല. നിങ്ങളുടെ എന്താവശ്യവും ഇനി ഞാന്‍ സാധിച്ചു തരും'. ഭൂതം പറഞ്ഞു.
ഭൂതത്തെ കൂട്ടുകിട്ടിയതോടെ ഉറുമ്പ്‌ അഹങ്കരിക്കാന്‍ തുടങ്ങി. പല പല അഭ്യാസങ്ങളും ഉറുമ്പ്‌ ഭൂതത്തിന്റെ സഹായത്തോടെ കാട്ടില്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ ഉറുമ്പ്‌ കാട്ടിലെ മുടിചൂടാമന്നനായി. ഒരു മന്ത്രവാദിയെയെന്നപോലെ ഉറുമ്പിനെ കാട്ടിലെല്ലാവരും ഭയന്നു. കാട്ടിലെ അങ്ങനെയിരിക്കേ ഉറുമ്പിന്റെ കൂട്ടുകാരന്‍ ആനയ്‌ക്ക്‌ ചില സംശയങ്ങളൊക്കെ തോന്നിത്തുടങ്ങി. ഒരു ദിവസം ആന ഉറുമ്പിനോട്‌ പറഞ്ഞു. `നിന്റെ ശക്തിയില്‍ എനിക്ക്‌ വിശ്വാസക്കുറവുണ്ട്‌. നീ ഞങ്ങളുടെ ആനമലയുടെ മുകളില്‍ നിന്നും താഴേക്ക്‌ ചാടി പരിക്കൊന്നും ഇല്ലാതെ മുകളിലെത്തിയാല്‍ നിന്റെ കഴിവില്‍ ഞാന്‍ വിശ്വസിക്കാം'. ഉറുമ്പ്‌ പറഞ്ഞു. `അതിനെന്താ പത്തുമിനിട്ടുകൊണ്ട്‌ ഞാന്‍ ആനമലയുടെ താഴേയ്‌ക്ക്‌ പോയി തിരിച്ചു വരാം'.
തൊട്ടടുത്ത ദിവസം ഉറുമ്പ്‌ തന്റെ വീരകൃത്യത്തിന്‌ സാക്ഷികളാകാന്‍ ആനയെയും കാട്ടിലെ മറ്റു ജീവികളെയും കൂട്ടി ആനമലയില്‍ എത്തി. എന്നിട്ട്‌ ഭൂതത്തോട്‌ പറഞ്ഞു. `ഭൂതമേ കാത്തോണം, നിന്റെ ബലത്തിലാണു ഞാന്‍ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ഏറ്റിരിക്കുന്നത്‌'. ഭൂതം പറഞ്ഞു `താങ്കള്‍ ധൈര്യമായി താഴേയ്‌ക്കു ചാടിക്കോ, താങ്കള്‍ക്ക്‌ ഒരാപത്തും വരാതെ ഞാന്‍ കാത്തുകൊള്ളാം'. ഭൂതത്തിന്റെ വാക്കുകേട്ടതും ഉറുമ്പ്‌ ആനമലയുടെ താഴ്‌വാരത്തേയ്‌ക്ക്‌ എടുത്തുചാടി. മണിക്കൂറു രണ്ടായിട്ടും ഉറുമ്പിനെ മുകളിലേക്ക്‌ കണ്ടില്ല. തുടര്‍ന്ന്‌ ആനയും കാട്ടിലെ മറ്റു ജീവികളുമെല്ലാം ഉറുമ്പിനെ തിരക്കി ഇറങ്ങി. അവസാനം ഒരു മരത്തിന്റെ ചില്ലയില്‍ തൂങ്ങി ജീവനായി കേഴുന്ന ഉറുമ്പിനെ കണ്ടു. എന്താണ്‌ സംഭവിച്ചതെന്ന്‌ ഉറുമ്പിനൊന്നും മനസിലായില്ല. അവന്‍ ചോദിച്ചു ഭൂതമെന്തിയേ, കാട്ടിലെ മൃഗങ്ങളെല്ലാം പരസ്‌പരം ഒന്നും മനസിലാകാത്ത പോലെ നോക്കി. അപ്പോള്‍ ആന ഒരു കുപ്പിയും വടിയും ഉയര്‍ത്തിക്കാട്ടി പറഞ്ഞു. `ഈ കുപ്പിയില്‍ ഭൂതത്തെ ഞാന്‍ അടച്ചു. കാട്ടില്‍ നിന്നും എനിക്കു കിട്ടിയ ഈ വടി വെറുമൊരു വടിയല്ല. മാന്ത്രിക വടിയാണ്‌. ഇതുപയോഗിച്ചാണ്‌ ഞാന്‍ ഭൂതത്തെ തളച്ചത്‌. ഈ വടി കൂടി കിട്ടിയിരുന്നെങ്കില്‍ മാത്രമേ നിന്റെ കഴിവ്‌ പൂര്‍ണമാകുമായിരുന്നുള്ളൂ'. ആന പറഞ്ഞു. മാന്ത്രികവടിയില്ലാതെ ഭൂതത്തെ കൊണ്ടുനടന്ന ഉറുമ്പിന്റെ വേലത്തരം ഓര്‍ത്ത്‌ എല്ലാവരും ചിരിച്ചു. പിന്നീട്‌ ആന ഉറുമ്പിനെ തുമ്പിക്കൈ കൊണ്ട്‌ മരത്തില്‍ നിന്നും എടുത്ത്‌ കാട്ടിലെ കൂട്ടുകാരോടൊപ്പം ഭൂതവുമായി ആനമല കയറി.

No comments:

Post a Comment