Friday, October 2, 2009

പുലിയുറുമ്പ്‌


പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടിലെ ജനങ്ങളൊന്നും വീടിനു പുറത്തിറങ്ങാതായി. അപ്പോഴാണ്‌ ഉറുമ്പിനു തോന്നിയത്‌ നാട്ടാരെ വിറപ്പിക്കുന്ന പുലിയെ പിടികൂടിയാല്‍ ഒന്നു വിലസിനടക്കാമെന്ന്‌. തന്റെ ആഗ്രഹം ആനയോടു പറയാനായി ഉറുമ്പ്‌ ആനയുടെ വീട്ടിലേക്കു പുറപ്പെട്ടു. അവിടെയെത്തിയിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു ആനച്ചേട്ടാ... നമുക്ക്‌ പുലിയെപിടിക്കാനായി കാഞ്ഞിരപ്പള്ളിയിലേക്കു പോകാം. ഉറുമ്പിന്റെ പറച്ചില്‍ കേട്ടപ്പോഴേ ആന ചൂടായി. എടാ.. നിനക്കു വേറെ പണിയൊന്നും ഇല്ലേ.... പുലിയെപ്പിടിക്കുക എന്നുള്ളത്‌ അത്ര എളുപ്പമുള്ള വഴിയൊന്നുമല്ല... അതുകൊണ്ട്‌ ഞാനില്ല... നീ വേണമെങ്കില്‍ പൊയ്‌ക്കോളൂ... ആനയുടെ മറുപടികേട്ട ഉറുമ്പ്‌ തനിയെയാണെങ്കിലും പുലിയെപിടിക്കാമെന്നു തീരുമാനിച്ചു. അങ്ങനെ ഉറുമ്പ്‌ പുലിയെത്തിരക്കി കാഞ്ഞിരപ്പള്ളിയിലേക്കു പോയി. രണ്ടുദിവസം കഴിഞ്ഞിട്ടും ഉറുമ്പിനെ കാണാഞ്ഞതില്‍ ആനയ്‌ക്കു പരിഭ്രമമായി. പുലിയെപ്പിടിക്കാന്‍ പോയ ഉറുമ്പിനെന്തുപറ്റി എന്നു വിചാരിച്ച്‌ ചിന്തിച്ചിരിക്കുകയായിരുന്നു ആന. അപ്പോഴാണ്‌ പുറത്തൊരു ബഹളം കേട്ടത്‌. വീടിനു വെളിയിലിറങ്ങി നോക്കിയപ്പോള്‍ കണ്ട കാഴ്‌ച കണ്ട്‌ ആന അന്തംവിട്ടു. നാട്ടുകാരെല്ലാം ഉറുമ്പിനെ തോളിലേറ്റി സ്വീകരിച്ചുകൊണ്ട വരികയാണ്‌. ആര്‍പ്പുവിളികളും, കൊട്ടം കുരവയുമായി ഉറുമ്പിനെയുംകൊണ്ട്‌ എല്ലാവരും ആനയുടെ വീടിനു മുമ്പിലെത്തി. അപ്പോള്‍ ആന കാര്യം തിരക്കിയ ആനയോട്‌ നാട്ടുകാരിലൊരാള്‍ പറഞ്ഞു,.... ആനച്ചേട്ടാ.. നമ്മളെയൊക്കെ വിറപ്പിച്ച പുലിയെ നമ്മുടെ ഉറുമ്പ്‌ വളരെ ധീരമായി നേരിട്ടു. അതിസാഹസികമായ പുലിയ വകവരുത്തിയ ഉറുമ്പിനെ ഞങ്ങള്‍ സ്വീകരിച്ച്‌ ആനയിക്കുകയായിരുന്നു. ഇതു കേട്ടപ്പോള്‍ ആന ഓടിച്ചെന്ന്‌ ഉറുമ്പിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു, എടാ.. ഉറുമ്പേ... നീയാളു കേമനാണെടാ... എങ്കിലും നിന്റെ ധൈര്യം ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. ഹൊ.... നീയൊരു ഭയങ്കരന്‍ തന്നെ.... ഉറുമ്പിനെ അഭിനന്ദിച്ചുകൊണ്ട്‌ ആന ഉറുമ്പിനെ തന്റെ വീട്ടിലേക്കു കയറ്റിയിരുത്തി. അപ്പോഴേക്കും സ്വീകരണം നല്‍കിയ ആള്‍ക്കാരെല്ലാം പിരിഞ്ഞുപോയി. അപ്പോള്‍ ആന ഉറുമ്പിനോടു ചോദിച്ചു, എടാ... എങ്കിലും നീയെങ്ങനെയാ ഭീകരനായ പുലിയെ കീഴ്‌പ്പെടുത്തിയത്‌. അപ്പോള്‍ ഉറുമ്പുപറഞ്ഞു... ചേട്ടാ... ഇതൊക്കെ എനിക്കുവെറും നിസാര കാര്യമല്ലേ... അപ്പോള്‍ ആന പറഞ്ഞു, എങ്കിലും ഭീകരനായ പുലിയെ പിടികൂടിയ നിന്നെ സമ്മതിക്കണം... ഇതുകേട്ട ഉറുമ്പ്‌ ആനയോടു പറഞ്ഞു,... ചേട്ടാ.. എന്നാല്‍ ഞാനൊരു സത്യം പറയാം, ചേട്ടന്‍ ആരോടും പറയരുത്‌. ആന സമ്മതം മൂളി. അപ്പോള്‍ ഉറുമ്പുപറഞ്ഞു, എന്റെ ആനച്ചേട്ടാ... ഇത്രയും നാള്‍ നമ്മളെയൊക്കെ വിറപ്പിച്ചിരുന്നത്‌ പുലിയല്ലായിരുന്നു. എവിടെനിന്നോ വന്ന ഒരു പള്ളിപ്പാക്കാനെ കണ്ട്‌ നാട്ടുകാര്‍ പുലിയാണെന്നു തെറ്റിധരിച്ചിരിക്കുകയായിരുന്നു. പക്ഷേ, പുലിയെപ്പിടിക്കാന്‍ ഞാന്‍ കാട്ടിലെത്തിയപ്പോഴാണ്‌ എല്ലാവരുടേയും പേടിസ്വപ്‌നമായ പള്ളിപ്പാക്കാന്‍ ഭക്ഷണംകിട്ടാതെ ചത്തുകിടക്കുന്നതു കണ്ടത്‌. പെട്ടെന്നുതന്നെ ഞാന്‍ ഒരു പുലിത്തോല്‍സംഘടിപ്പിച്ച്‌ അവന്റെ ദേഹത്ത്‌ പിടിപ്പിച്ചു. എന്നിട്ട്‌ നാട്ടുകാരെ വിളിച്ചുകൂട്ടിയിട്ട്‌ പറഞ്ഞു, നമ്മുടെ പുലിയെ ഞാന്‍ കീഴ്‌പ്പെടുത്തിയെന്ന്‌. അപ്പോള്‍ ആന ഉറുമ്പിന്റെ പുറത്തു തട്ടിയിട്ടു പറഞ്ഞു,... ഹൊ... നീ.. ഭയങ്കരന്‍ തന്നെ.

No comments:

Post a Comment