Friday, October 2, 2009

ജലരാജന്‍


നെഹ്‌റു ട്രോഫി വള്ളം കളി കാണാനായി ആനയും ഉറുമ്പും പോവുകയാണ്‌. പോകുന്ന വഴിക്ക്‌ ഇരുവരും കഴിഞ്ഞ വര്‍ഷത്തെ ഓരോ കഥകളും മറ്റും പറഞ്ഞുകൊണ്ടാണ്‌ നടക്കുന്നത്‌. അങ്ങനെ ഇരുവരും വള്ളംകളി നടക്കുന്ന പുന്നമടക്കായലിന്റെ തീരത്തെത്തി. അവിടെയെത്തിയപ്പോഴതാ, സൂചികുത്താന്‍ ഇടമില്ലാതെ ജനങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. ഒരുവിധത്തില്‍ ഇരുവരും ആളുകള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി കായലോരത്ത്‌ തങ്ങള്‍ക്ക്‌ ഇരിക്കാനുള്ള ഇരിപ്പിടം തരപ്പെടുത്തി.
വള്ളംകളിയുടെ ഫൈനല്‍ മത്സരമാണ്‌ നടക്കാന്‍ പോകുന്നത്‌. പെട്ടെന്നാണ്‌ വെടിയൊച്ച മുഴങ്ങിയത്‌. ആളുകള്‍ ആര്‍പ്പുവിളികളോടെ ആര്‍ത്തുവിളിച്ചു. ഓളപ്പരപ്പിന്റെ താളത്തിനൊപ്പം വള്ളങ്ങള്‍ ഇഞ്ചോടിഞ്ചു വ്യത്യാസത്തില്‍ നീങ്ങുകയാണ്‌. ഏതാനും മിനിട്ടുകള്‍ മാത്രം ബാക്കി. എല്ലാവള്ളങ്ങളേയും പിന്തള്ളിക്കൊണ്ട്‌ ചമ്പക്കുളം ചുണ്ടന്‍ ഒരു വള്ളപ്പാടകലെ മുമ്പിലെത്തിയിരിക്കുകയാണ്‌. ജനങ്ങള്‍ ആരവം മുഴക്കുകയാണ്‌. അപ്പോള്‍ അനൗണ്‍സ്‌മെന്റ്‌ മുഴങ്ങി. ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിമത്സരത്തിലെ ജേതാക്കളായി കൊല്ലം ബോട്ട്‌ക്ലബിന്റെ ചമ്പക്കുളം വള്ളത്തിനെ തരഞ്ഞെടുത്തിരിക്കുന്നു. ഇതുകേട്ടപ്പോള്‍ പരിസരം മറന്നുകൊണ്ട്‌ ചാടിയെണീറ്റ ആന കാല്‍വഴുതി വെള്ളിത്തിലേക്കു വീണു. ആന വെള്ളത്തില്‍ വീണപ്പോള്‍ ആളുകള്‍ എല്ലാവരും സ്‌തംഭിച്ചുപോയി. നീന്തലറിയാത്ത ആന മുങ്ങിത്താഴുന്നതുകണ്ട്‌ ഉറുമ്പ്‌ ഉറക്കെ വിളിച്ചു പറഞ്ഞു, ... ആരെങ്കിലും എന്റെ ആനച്ചേട്ടനെ രക്ഷിക്കണേ.... പക്ഷേ, ഉറുമ്പിന്റെ നിലവിളികേട്ട്‌ കായലിലേക്ക്‌ എടുത്തുചാടാന്‍ ആരും ധൈര്യപ്പെട്ടില്ല. അപ്പോഴും ആന വെള്ളത്തില്‍ മുങ്ങിത്താഴുകയാണ്‌.
പെട്ടെന്നാണ്‌ അതുസംഭവിച്ചത്‌. ഏവരും നോക്കിനില്‍ക്കേ നിലയില്ലാ കയത്തിലേക്കതാ ഉറുമ്പ്‌ എടുത്തുചാടി. ഒരുവിധത്തില്‍ വെള്ളത്തില്‍ മുങ്ങിയ ആനയും ഉറുമ്പും കരയ്‌ക്കുകയറി. ജീവന്‍ പണയം വച്ച്‌ തക്കസമയത്ത്‌ ആനയെ രക്ഷിച്ച ഉറുമ്പിനെ എല്ലാവരും പ്രശംസിച്ചു. അപ്പോള്‍ വള്ളംകളിയില്‍ വജയിച്ചവര്‍ക്ക്‌ ട്രോഫി നല്‍കാനെത്തിയ മന്ത്രിയും മറ്റു സാംസ്‌കാരിക നായകന്‍മാരും ഇരുവരുടേയും അടുത്തെത്തി. എന്നിട്ട്‌ മന്ത്രി ഉറുമ്പിന്റെ തോളില്‍ തട്ടിയിട്ടു പറഞ്ഞു, ധീരനായ ഉറുമ്പേ.... വെള്ളത്തില്‍ വീണ ആനയെ അതിസാഹസികമായി രക്ഷിച്ച നിനക്ക്‌ ഞാന്‍ ഇതാ ഒരു ട്രോഫി നല്‍കാന്‍ പോവുകയാണ്‌. മന്ത്രിയുടെ കൈയില്‍നിന്ന്‌ ട്രോഫി വാങ്ങിയശേഷം ഉറുമ്പ്‌ മന്ത്രിയോട്‌ ചോദിച്ചു, സര്‍... അങ്ങ്‌ എനിക്ക്‌ ഒരു ഉപകാരംകൂടി ചെയ്‌തു തരണം. അപ്പോള്‍ മന്ത്രി പറഞ്ഞു അതിനെന്താ, പറഞ്ഞോളൂ... ഉറുമ്പു പറഞ്ഞു എന്നെ വെള്ളത്തിലേക്ക്‌ തള്ളിയിട്ടവനെ മന്ത്രിക്കൊന്നു ശരിയാക്കാന്‍ പറ്റുമോ....

No comments:

Post a Comment