Friday, October 2, 2009

ചാന്ദ്രയാത്ര


മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഐ.സി യൂണിറ്റില്‍ ആന ഗുരുതരാവസ്ഥയില്‍ കിടക്കുകയാണെന്ന വാര്‍ത്തയറിഞ്ഞ്‌ ഉറുമ്പ്‌ ശരവേഗത്തില്‍ ആശുപ ത്രിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോഴതാ ഡോക്‌ടര്‍മാര്‍ സമരം ചെയ്‌തുകൊണ്ടിരിക്കുന്ന കാഴ്‌ചയാണ്‌ ഉറുമ്പിനു കാണാന്‍ സാധിച്ചത്‌. ഉറുമ്പ്‌ ഒരുവിധത്തില്‍ സമരക്കാരുടെ ഇടയിലൂടെ ആശുപ ത്രിയിലെ ഒ.പി വിഭാഗത്തിലെത്തി ആനയുടെ വിവരം അന്വേഷിച്ചു. ഉറുമ്പിന്റെ പരിഭവംകണ്ടിട്ട്‌ അവിടെനിന്ന ഒരു നഴ്‌സ്‌ ഉറുമ്പിനേയുംകൂട്ടി ആനയെ അഡ്‌മിറ്റു ചെയ്‌തിരിക്കുന്ന ഐ.സി യൂണിറ്റിലെത്തി. അവിടെക്കണ്ട കാഴ്‌ചകണ്ട്‌ ഉറുമ്പ്‌ ഞെട്ടിത്തരിച്ചുപോയി. ആനച്ചേട്ടന്റെ കാലിലും കൈയിലുമെല്ലാം പ്ലാസ്റ്ററിട്ടിരിക്കുകയാണ്‌. കൂടാതെ ദേഹമാസകലം ഗ്ലൂക്കോസിന്റെ ട്രിപ്പുമിട്ട്‌ ആന ബെഡില്‍ കിടക്കുന്നു. ഇതുകണ്ടപാടെ ഉറുമ്പ്‌ വാവിട്ടുകരഞ്ഞുകൊണ്ട്‌ ആനയുടെ അടുത്തേക്ക്‌ ഓടിച്ചെന്നു. എന്നിട്ട്‌ മയങ്ങിക്കിടന്ന ആനയെ തട്ടിയുണര്‍ത്തി വിവരങ്ങള്‍ അന്വേഷിച്ചു. അപ്പോള്‍ ആന പറഞ്ഞു, എടാ.. ഞാനൊരു ദൂരയാത്രയ്‌ക്കു പോയതാ. പക്ഷേ, ഞാന്‍ വിചാരിച്ചത്രയും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഒരുവിധത്തില്‍ എന്റെ ജീവന്‍ തിരിച്ചുകിട്ടിയതുതന്നെ വലിയ കാര്യം. ഇതുകേട്ട ഉറുമ്പു ചോദിച്ചു, ചേട്ടന്‍ എന്നോടു പറയാതെ ഏതു സ്ഥലത്തേക്കാ പോയത്‌. ചേട്ടന്‌ എന്താ പറ്റിയത്‌, ചേട്ടന്റെ കാലും കൈയുമെല്ലാം എങ്ങനെയാ ഒടിഞ്ഞത്‌? അപ്പോള്‍ ആന കാര്യങ്ങള്‍ വിശദമാക്കി. എടാ.. കഴിഞ്ഞദിവസം നീ പത്രത്തില്‍ വായിച്ചില്ലേ ചന്ദ്രനില്‍ വെള്ളം ഉണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നെന്ന്‌. അവിടെ വെള്ളമുണ്ടെന്നുകേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നമ്മുടെ നാട്ടിലെ ഗുണ്ടകളുടേയും മാഫിയക്കാരുടേയും ഇടയില്‍നിന്നും രക്ഷപെട്ട്‌ ചന്ദ്രനിലെങ്ങാനും പോയി താമസിക്കാമെന്ന്‌. അതിനായി ഒരു റോക്കറ്റില്‍കേറി ചന്ദ്രനെ ലക്ഷ്യമാക്കി ഞാന്‍ പാഞ്ഞു. അപ്പോള്‍ ഉറുമ്പുചോദിച്ചു, എന്നിട്ട്‌ അവിടെച്ചെ ന്നിട്ട്‌ ചേട്ടനെന്തുചെയ്‌തു ? ആനപറഞ്ഞു, എടാ.... നമ്മുടെ പത്രങ്ങളൊക്കെ എഴുതിയത്‌ വെറും നുണയാ... അവിടെ വെള്ളവുമില്ല, വായുവുമില്ല. അവിടെയെത്തിയ ഞാന്‍ ശ്വാസംകിട്ടാതെ അലയുകയായിരുന്നു. ഇതുകേട്ടിട്ട്‌ ഉറുമ്പു ചോദിച്ചു, എന്നിട്ട്‌ ചേട്ടനെങ്ങനെയാ തിരിച്ച്‌ ഇവിടെയെത്തിയത്‌. ആന പറഞ്ഞു, എടാ....വായുവും വെളളവുമില്ലാതെ ജീവന്‍ നഷ്‌ടപ്പെടുമെന്ന അവസ്ഥവന്നപ്പോള്‍ ഞാന്‍ ഒന്നും വിചാരിച്ചില്ല. കണ്ണടച്ചുപിടിച്ച്‌ ഭൂമിയെ ലക്ഷ്യമാക്കി ഒറ്റച്ചാട്ടം. അങ്ങനെ ഒരുവിധത്തില്‍ ഇവിടെയെത്തി.

No comments:

Post a Comment