Thursday, February 19, 2009

വാലന്റൈന്‍ സമ്മാനം


വാലന്റൈന്‍ ദിനാഘോഷത്തിനുശേഷം ഉറുമ്പിനെ കാണാത്തതുമൂലം ഉറുമ്പിന്റെ വീട്ടിലേക്കു പോകാന്‍ ആന തീരുമാനിച്ചു. ഉറുമ്പിന്റെ വീട്ടില്‍ ചെന്നപ്പോഴതാ വീടിനു മുമ്പില്‍ ഒരു കൂമ്പാരം. ആന ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അത്‌ പിങ്കു നിറത്തിലുള്ള കുറെ തുണികളാണെന്നു മനസിലായി. അപ്പോഴാണ്‌ അതിനുള്ളില്‍നിന്നും അയ്യോ.... ശ്വാസം മുട്ടുന്നേ.... ആരെങ്കിലും രക്ഷിക്കണേ.. എന്ന ശബ്ദം കേട്ടത്‌. ആന പെട്ടെന്ന്‌ തുണിക്കെട്ടുകള്‍ എടുത്തുമാറ്റി. അപ്പോള്‍ ഉറുമ്പ്‌ അവശനായി തുണിക്കെട്ടിനടിയില്‍നിന്നും എണീറ്റു വന്നു. ഇതുകണ്ടിട്ട്‌ ഒന്നും മനസിലാവാതെ ആന ചോദിച്ചു? എടാ... എന്താ പറ്റിയത്‌.. നീയെങ്ങനെയാ ഈ തുണിക്കുള്ളിലകപ്പെട്ടത്‌.? അപ്പോള്‍ ഉറുമ്പു പറഞ്ഞു, എന്റെ ചേട്ടാ, ഞാന്‍ കഴിഞ്ഞദിവസം നമ്മുടെ കവലയിലൂടെ നടന്നു വരുമ്പോള്‍ കുറെ ആണുങ്ങളും പെണ്‍കുട്ടികളും തമ്മില്‍ വഴിയരികില്‍നിന്ന്‌ ഭയങ്കര വര്‍ത്തമാനം. ഇതു കണ്ട്‌ സഹിക്കാന്‍ വയ്യാതെ ഞാന്‍ അവരോടു പറഞ്ഞു, ഇന്നത്തോടെ ഇതൊക്കെ നിര്‍ത്തിക്കോണം, ഇനി മേലില്‍ ഇതാവര്‍ത്തിച്ചാല്‍ നിന്നെയൊക്കെ പിടിച്ചു കെട്ടിച്ചു വിടും. ഇതുകേട്ട്‌ അവിടെനിന്ന പിള്ളേര്‌ പെട്ടെന്നുതന്നെ ഓടിപ്പോയി. ഓടുന്ന വഴിക്ക്‌ ഒരുത്തന്‍ എന്നോടു വിളിച്ചു പറഞ്ഞു, എടാ.... പീക്കിരി ഉറുമ്പേ.... നിന്നെ ഞങ്ങള്‍ വാലന്റൈന്‍സ്‌ ദിനത്തില്‍കണ്ടോളാം.... നിനക്കു ഞങ്ങള്‍ ഒരു സമ്മാനം അയച്ചു തരുന്നുണ്ട്‌, നീ സൂക്ഷിച്ചോ..... ഇത്രയും പറഞ്ഞിട്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, അവന്‍മാര്‍ എനിക്ക്‌ അയച്ചുതന്ന തുണിക്കെട്ടുകളാ ഇതുമുഴുവന്‍, ഇതില്‍ നിറയെ അടിവസ്‌ത്രങ്ങളാ ചേട്ടാ...... എന്നിട്ട്‌ ഉറുമ്പ്‌ വളരെ വിഷമത്തോടുകൂടി അവിടെ തളര്‍ന്നിരുന്നു. അപ്പോള്‍ ആന ഉറുമ്പിനെ സമാധാനിപ്പിക്കാനായി അടുത്തേക്കു വന്നതും ഉറുമ്പ്‌ ചാടിയെണീറ്റ്‌ പൊട്ടിച്ചിരിച്ചതും ഒരുപോലെയായിരുന്നു. അതിശയത്തോടെ ആന ഉറുമ്പിനോടു ചോദിച്ചു, എടാ നിനക്കെന്താ പറ്റിയത്‌... പക്ഷേ ഉറുമ്പ്‌ ചിരി നിര്‍ത്തിയില്ല... ഉറുമ്പ്‌ ആര്‍ത്തു ചിരിക്കുകയാണ്‌,,, സഹികെട്ട്‌ ആന ഉറുമ്പിനോടു ചോദിച്ചു എടാ..... നീയെന്തിനാ ഇങ്ങനെ പൊട്ടിച്ചിരിക്കുന്നത്‌... അപ്പോള്‍ ചിരിയടക്കിക്കൊണ്ട്‌ ഉറുമ്പ്‌ പറഞ്ഞു, അതേ.... ഞാന്‍ ചേട്ടന്റെ കാര്യമോര്‍ത്തു പോയതാ. ആന ചോദിച്ചു, എന്റെ കാര്യമോര്‍ത്തെങ്ങനാ നിനക്കു ചിരിവന്നത്‌? ഇതുകേട്ട ഉറുമ്പു പറഞ്ഞു... ചേട്ടാ...
എന്റെ സ്ഥാനത്തു ചേട്ടനെങ്ങാനുമായിരുന്നെങ്കില്‍ ഈ വസ്‌ത്രങ്ങള്‍ അയച്ചു തന്നവന്‍മാര്‍ തെണ്ടിപ്പോയേനെ...

1 comment: