Monday, May 18, 2009


എസ്‌.എസ്‌.എല്‍.സി ഫലം

എസ്‌.എസ്‌.എല്‍.സി ഫലമറിയാനായി ആനയും ഉറുമ്പും കംപ്യൂട്ടര്‍ സെന്ററിലേക്ക്‌ പോകാന്‍ തയാറെടുക്കുകയാണ്‌. എല്ലാ വിഷയത്തിനും ജയിക്കണേ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ്‌ ഇരുവരും പോകുന്നത്‌. അങ്ങനെ ഇരുവരും കംപ്യൂട്ടര്‍ സെന്ററിലെത്തി. കംപ്യൂട്ടര്‍ സെന്ററിലെത്തിയ ഇരുവരും ഫലമറിയാനായി കാത്തുനില്‍ക്കുന്ന കുട്ടികളുടെ നീണ്ട നിരയാണ്‌ കണ്ടത്‌. എന്നാല്‍ ആനയും ഉറുമ്പും ഒരുവിധത്തില്‍ ഓരോരുത്തരേയും പിന്നിലാക്കിക്കൊണ്ട്‌ നിരയുടെ ഏറ്റവും മുന്നിലെത്തി. ആദ്യം ആനയുടെ രജിസ്റ്റര്‍ നമ്പരാണ്‌ കംപ്യൂട്ടര്‍ സെന്ററിലുള്ള ആളുടെ കയ്യില്‍ കൊടുത്തത്‌. അയാള്‍ നമ്പര്‍ സാവധാനം നോക്കിയിട്ടു ആനയോടു പറഞ്ഞു, കണ്‍ഗ്രാജുലേഷന്‍. താങ്കള്‍ക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ ഉണ്ട്‌. ഇതു കേട്ടയുടനേ ആന സന്തോഷം കൊണ്ടു തുള്ളിച്ചാടി. അടുത്ത ഊഴം ഉറുമ്പിന്റേതായിരുന്നു. ഉറുമ്പ്‌ തന്റെ രജിസ്റ്റര്‍ നമ്പര്‍ കമ്പ്യൂട്ടര്‍ സെന്റര്‍ ഉടമയുടെ കൈയില്‍ നല്‍കി. എന്നിട്ട്‌ ആകാംഷയോടെ കാത്തിരുന്നു. കുറച്ചുനേരത്തിനുശേഷം റിസള്‍ട്ടുമായി സെന്ററില്‍നിന്നും ഒരാള്‍ ഇറങ്ങിവന്നു. എന്നിട്ട്‌ ഉറുമ്പിനോടു വളരെ വിഷമത്തില്‍ പറഞ്ഞു. സോറി, താങ്കള്‍ക്ക്‌ എല്ലാ വിഷയത്തിനും ഡി ഗ്രേഡാണ്‌ ഉള്ളത്‌. ഇപ്രാവശ്യം എല്ലാ വിഷയത്തിനും താങ്കള്‍ തോറ്റിരിക്കുകയാണ്‌. ഇതുകേട്ടയുടനേതന്നെ ഉറുമ്പിന്റെ ബോധം പോയി. പെട്ടെന്ന്‌ ഉറുമ്പിനു ചുറ്റും ആളുകള്‍ ഓടിക്കൂടി. അപ്പോള്‍ ആന വളരെവേഗംതന്നെ കുറച്ചു വെള്ളമെടുത്ത്‌ ഉറുമ്പിന്റെ മുഖത്തു തളിച്ചു. ബോധം തെളിഞ്ഞ ഉറുമ്പിനോട്‌ ആന ചോദിച്ചു, എടാ, നിനക്കെന്താ പറ്റിയത്‌, നിന്റെ അടുത്തിരുന്നവന്റെ നോക്കി നീ നന്നായി പരീക്ഷയെഴുതുന്നതു ഞാന്‍ കണ്ടതാണല്ലോ, എന്നെക്കാള്‍ കൂടുതല്‍ പേപ്പര്‍ വാങ്ങി നീ പരീക്ഷയെഴുതുന്നതു കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നിനക്കായിരിക്കും എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്കെന്ന്‌. അതു തന്നെയുമല്ല നീ നോക്കിയെഴുതിയവന്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ മാര്‍ക്കുമുണ്ട്‌. പിന്നെ നീ എങ്ങിനാ എല്ലാ വിഷയത്തിനും തോറ്റത്‌.? ആനയുടെ ചോദ്യം കേട്ട ഉറുമ്പ്‌ ആനയുടെ കയ്യില്‍നിന്നും കുറെ വെള്ളംവാങ്ങി കുടിച്ചിട്ടു പറഞ്ഞു, ചേട്ടാ... മന്ത്രി കാലു മാറി, അതുകൊണ്ടാ ഞാന്‍ തോറ്റത്‌, അതെങ്ങനെ? ആന ചോദിച്ചു, നമ്പരിട്ടാലും മാര്‍ക്ക്‌ തരുമെന്നു പറഞ്ഞിരുന്നില്ലേ? അതുകൊണ്ട്‌ ഞാന്‍ നമ്പര്‍ മാത്രം പേപ്പറില്‍ നിറച്ചെഴുതി, ഉറുമ്പിന്റെ ബോധം വീണ്ടും പോയി.

No comments:

Post a Comment