Tuesday, July 14, 2009

' പുലി `യുറുമ്പ്‌


ഉറുമ്പ്‌ അതിയായ ആഹ്ലാദത്തിലാണ്‌. ശ്രീലങ്കയെ പതിറ്റാണ്ടുകളായി വിറപ്പിച്ചിരുന്ന പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരനെ അതിസാഹസികമായി കീഴ്‌പ്പെടുത്തി വധിച്ച ഉറുമ്പ്‌ ലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ്ര രാജപക്‌സെയുടെ പ്രത്യേക അവാര്‍ഡിന്‌ അര്‍ഹനായിരിക്കുകയാണ്‌. രാജപക്‌സെയില്‍നിന്നും അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നതിനായി ഉറുമ്പും ആനയും ശ്രീലങ്കയിലേക്ക്‌ പുറപ്പെടാന്‍ തീരുമാനിച്ചു. അങ്ങനെ ഇരുവരും ലങ്കയിലെത്തി. ലങ്കയിലെത്തിയപ്പോള്‍ ആന ഉറുമ്പിനോട്‌ പറഞ്ഞു, എടാ... എനിക്ക്‌ പ്രഭാകരന്‍ ഒളിച്ചിരുന്ന മുല്ലത്തീവ്‌ ഒന്നു കാണണമെന്ന്‌ ആഗ്രഹമുണ്ട്‌. നമുക്ക്‌ അവിടംവരെ ഒന്നു പോയാലോ... ആനയുടെ ആഗ്രഹമല്ലേയെന്നു കരുതി ഉറുമ്പ്‌ സമ്മതിച്ചു. അങ്ങനെ ഇരുവരും മുല്ലെത്തീവിലേക്ക്‌ നടക്കാന്‍ തുടങ്ങി. പോകുന്ന വഴിക്ക്‌ ഉറുമ്പ്‌ ആനയെ ഓരോ സ്ഥലവും പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.
മുല്ലത്തീവിലെത്തിയപ്പോള്‍ ഒരു സ്ഥലം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞു, ആനച്ചേട്ടാ.... പ്രഭാകരന്റെ മകന്‍ ചാള്‍സ്‌ ആന്റണിയെ ദാ... അവിടെവച്ചാ ഞാന്‍ വെടിവച്ചു കൊന്നത്‌. ഉറുമ്പിന്റെ ധീരതയെ അഭിനന്ദിച്ചു കൊണ്ട്‌ ആന പറഞ്ഞു, എടാ... നീ ഭയങ്കര ധൈര്യശാലിതന്നെ... എന്നാലും എല്‍.ടി.ടി.ഇ തലവനും അതിസമര്‍ഥനുമായ വേലുപ്പിള്ള പ്രഭാകരനെ നീ എങ്ങനെയാടാ വധിച്ചത്‌ ?. ആനയുടെ ചോദ്യം കേട്ട ഉറുമ്പ്‌ പറഞ്ഞു, എന്റെ ചേട്ടാ, സത്യം പറഞ്ഞാല്‍ പ്രഭാകരനെ ഞാന്‍ വധിച്ചത്‌ വളരെ പാടുപെട്ടാ... ഞാന്‍ ബുദ്ധിപരമായ നീക്കം തക്കസമയത്ത്‌ നടത്തിയില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഞാന്‍ ഇന്ന്‌ ജീവിച്ചിരിക്കത്തില്ലായിരുന്നു.
അപ്പോള്‍ ആകാംക്ഷയോടെ ആന ചോദിച്ചു, അതെന്താടാ... ഏറ്റുമുട്ടല്‍ സമയത്ത്‌ നിനക്കെന്തെങ്കിലും സംഭവിച്ചോ ?. അപ്പോള്‍ ഉറുമ്പ്‌ പറഞ്ഞു, ആനച്ചേട്ടാ... ഞാന്‍ പ്രഭാകരനെ കൊല്ലാനായി തോക്കുമേന്തി കാട്ടിലൂടെ തനിച്ചായിരുന്നു നടന്നിരുന്നത്‌. അപ്പോഴാണ്‌ ഒരാള്‍ തോക്കുമേന്തി കുറ്റിക്കാടിനു മറവില്‍ പതിയിരിക്കുന്നത്‌ കണ്ടത്‌. സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ അത്‌ പ്രഭാകരനാണെന്ന്‌ എനിക്കു മനസിലായത്‌. ഞാന്‍ തോക്കെടുത്ത്‌ പ്രഭാകരനു നേരെ ഉന്നം പിടിച്ചു നില്‍ക്കുമ്പോഴാണ്‌ എവിടെനിന്നോ ഒരു ചീറ്റപ്പുലി എന്റ മുമ്പിലേക്ക്‌ ചാടിവീണത്‌.
എന്റ ചേട്ടാ... സത്യത്തില്‍ എന്റെ തോക്കില്‍ ഒരു വെടിയുണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ദേഹത്തേക്ക്‌ ചാടിവീഴാനായി പുലി തയാറെടുത്തു നില്‍ക്കുകയാണ്‌. ഞാന്‍ പുലിയെ വെടിവച്ചാല്‍ ഒച്ചകേട്ട്‌ പ്രഭാകരന്‍ എന്നെ വധിക്കും, ഞാന്‍ പ്രഭാകരനെ വെടിവച്ചാല്‍ ചീറ്റപ്പുലി എന്റെ ദേഹത്തേക്ക്‌ ചാടിവീഴും.
ഇതു കേട്ടപ്പോള്‍ ആനയ്‌ക്ക്‌ ആകാംക്ഷയായി. ആന ചോദിച്ചു, എന്നിട്ട്‌ എന്തുണ്ടായി... അപ്പോള്‍ ഉറുമ്പു പറഞ്ഞു,
ചേട്ടാ.. ഞാന്‍ ധൈര്യം കൈവിടാതെ നിന്നു. എന്നിട്ട്‌ എന്റെ അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത്‌ കൃത്യം തോക്കിന്റെ മുമ്പില്‍ പിടിച്ചു. പിന്നീട്‌ ഉന്നംപിടിച്ച്‌ ഒറ്റവെടി. വെടിപൊട്ടിയതും വെടിയുണ്ട രണ്ടായി പിളര്‍ന്ന്‌ ഒരെണ്ണം എന്റെ മേലേക്ക്‌ ചാടിവീഴാനൊരുങ്ങിനിന്ന ചീറ്റപ്പുലിയുടെ നെറ്റിക്കും മറ്റൊന്ന്‌ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രഭാകരന്റെ തലയുടെ ഒരു ഭാഗത്തും സൂക്ഷം കൊണ്ടു. അങ്ങനെ വളരെ തന്ത്രപരമായ നീക്കത്തിലൂടെയാ ഞാന്‍ ചീറ്റപ്പുലിയേയും പ്രഭാകരനേയും കൊന്നത്‌. ഇതു കേട്ട ആന പറഞ്ഞു,.... ഹൊ... ഭയങ്കരം... നീ ശരിക്കും ഒരു പുലിയാണെടാ.....

No comments:

Post a Comment