Monday, March 29, 2010

ആനയുടെ ധീരത


ആംബുലന്‍സിന്റെ ചൂളംവിളികേട്ടാണ് ഉറുമ്പ് ഞെട്ടിയുണര്‍ന്നത്. വീടിനു മുറ്റത്തിറങ്ങിനോക്കിയ ഉറുമ്പ് അന്തംവിട്ടുപോയി. നിരനിരയായി ആംബുലന്‍സും ഫയര്‍ഫോഴ്‌സും ചീറിപ്പായുകയാണ്. എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് ഉറുമ്പിനു മനസിലായി. ഉറുമ്പ് പിന്നീട് ഒന്നും ചിന്തിച്ചില്ല. വാഹനങ്ങള്‍ക്കു പിറകേ ഉറുമ്പും വച്ചുപിടിച്ചു. അവിടെച്ചെന്നപ്പോഴതാ ഒരു ബസ് പുഴയില്‍ വീണുകിടക്കുകയാണ്. കുറെപ്പേര്‍ നീന്തലറിയാതെ മുങ്ങിത്താഴുകയാണ്. പുഴക്കരയിലാകെ ജനങ്ങള്‍ വട്ടംകൂടി നില്‍ക്കുന്നു. എല്ലാവരും ബഹളം വച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് ഉറുമ്പ് ജനങ്ങളെയെല്ലാം തള്ളിമാറ്റിക്കൊണ്ട് പുഴയിലേക്ക് എടുത്തു ചാടി. എന്നിട്ട് മുങ്ങിത്താഴ്ന്നുകൊണ്ടിരുന്നവരെയൊക്കെ സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് ഒരു വിധത്തില്‍ വലിച്ചു കരയിലേക്കടുപ്പിക്കുകയാണ്. ഏറെനേരം പണിപ്പെട്ടതിനുശേഷം ഉറുമ്പ് വളരെ ക്ഷീണിതനായി കരയ്ക്കു കയറി. അപ്പോഴതാ കരയില്‍ കുറെപ്പേര്‍ വട്ടംകൂടിനില്‍ക്കുന്നു. അവിടെന്താ സംഭവിച്ചതെന്നറിയാനായി ഉറുമ്പ് അങ്ങോട്ടേക്കു ചെന്നു. അപ്പോഴതാ ആനച്ചേട്ടനെ നാട്ടുകാരെല്ലാം പൂമാലയിട്ടു സ്വീകരിക്കുകയാണ്. കൂടാതെ ചാനലുകാരും പത്രക്കാരുമൊക്കെ ആനച്ചേട്ടന്റെ ചുറ്റും കൂടിയിട്ട് ഓരോന്നു ചോദിക്കുന്നു. ഇതുകണ്ട് ഉറുമ്പിന് അസൂയതോന്നിയെങ്കിലും കാര്യമാക്കാതെ ആനയുടെ അടുത്തേക്ക് ഉറുമ്പ് നടന്നു ചെന്നു. എന്നിട്ട് ആനയോടു ചോദിച്ചു, ചേട്ടാ.... ചേട്ടനെപ്പോഴാ എത്തിയത്. എന്തിനാ ചേട്ടനെ ചാനലുകാരെല്ലാംകൂടി വളഞ്ഞു നില്‍ക്കുന്നത്. അപ്പോള്‍ ആന പറഞ്ഞു,... എടാ.. എന്തു ചെയ്യാനാ... ഇവിടെ ബസ് പുഴയിലേക്കു മറിഞ്ഞപ്പോള്‍ ആളുകളെയൊക്കെ രക്ഷപ്പെടുത്തിയതിനാ എല്ലാവരും എന്നെ സ്വീകരിക്കുന്നത്. ഇതൊന്നും വേണ്ടെന്ന് ഞാന്‍ ഇവരോടു പറഞ്ഞതാ... പക്ഷേ എന്തുചെയ്യാം.... എല്ലാവര്‍ക്കും എന്റെ ഫോട്ടോ വേണമെന്നാ പറയുന്നത്. അതു തന്നെയുമല്ല... ജീവന്‍ പണയപ്പെടുത്തി ഞാന്‍ ജനങ്ങളെയൊക്കെ രക്ഷപ്പെടുത്തിയത് എങ്ങിനെയെന്നാ ഇവരെല്ലാംകൂടി ചോദിക്കുന്നത്. അപ്പോള്‍ ഉറുമ്പു മനസില്‍ വിചാരിച്ചു.....ഹും.... ഇവിടെ അപകടമുണ്ടായപ്പോള്‍ ഞാനാണ് ആദ്യമെത്തിയതും പുഴയിലേക്ക് എടുത്തു ചാടിയതും.... എന്നിട്ട് തടിയനായ ആനച്ചേട്ടന് നാട്ടുകാരുടെ സ്വീകരണവും. എങ്കിലും ഇതൊന്നും പുറത്തു കാണിക്കാതെ ഉറുമ്പ് ആനയോടു ചോദിച്ചു,... അല്ലാ... ചേട്ടന് നീന്തലറിയത്തില്ലെന്നല്ലേ ഇന്നാളു പറഞ്ഞത്. പിന്നെന്തു ധൈര്യത്തിലാ ചേട്ടന്‍ പുഴയിലേക്ക് എടുത്തു ചാടിയത്. അപ്പോള്‍ ആന ഉറുമ്പിനോടു പതിയെപ്പറഞ്ഞു,... എടാ.. ബഹളം ഉണ്ടാക്കാതെ... സത്യത്തില്‍ ബസ് പുഴയില്‍ വീണതു കാണാനായി ഞാന്‍ വന്നതാ. പുഴയുടെ തീരത്തുനിന്ന എന്നെ ഏതോ ഒരുത്തന്‍ തള്ളി താഴേക്കിട്ടതാ. അപ്പോള്‍ നീന്തലറിയാതെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നവര്‍ എന്റെ ദേഹത്തേക്ക് ചാടിക്കയറി. അപ്പോള്‍ ഉറുമ്പു ചോദിച്ചു, എന്നിട്ട് ചേട്ടനെങ്ങനെയാ ആള്‍ക്കാരെയുംകൊണ്ട് കരയ്ക്കു കയറിയത്. ആന പറഞ്ഞു,...എടാ അപ്പോഴേക്കും ബസ് ഉയര്‍ത്താനായി ഒന്നുരണ്ട് ക്രെയിനുകള്‍ സംഭവസ്ഥലത്തെത്തിയിരുന്നു. അവന്‍മാര്‍ വലിയ വടം പുഴയിലേക്കെറിഞ്ഞതും ഞാന്‍ അതില്‍ചാടിക്കയറിപ്പിടിച്ചു. എന്നിട്ട് ഒരുവിധത്തില്‍ കരയ്ക്കു കയറുകയായിരുന്നു.

No comments:

Post a Comment