Monday, March 29, 2010

സ്ഥലംമാറ്റം

റേഷന്‍കടയില്‍നിന്നും അരിമോഷ്ടിച്ചതിന് ഉറുമ്പ് പിടിയിലായെന്ന് നാടെങ്ങും വാര്‍ത്ത പരന്നു. ഉറുമ്പിനെ പോലീസുകാര്‍ തല്ലിച്ചതച്ചെന്നുവരെയാണ് നാട്ടുകാര്‍ പറഞ്ഞുകൊണ്ടു നടക്കുന്നത്. ഇതറിഞ്ഞ ആന ഉറുമ്പിനെ കാണാനായി പോലീസ് സ്‌റ്റേഷനിലേക്കു കുതിച്ചു. അവിടെച്ചെന്നപ്പോഴതാ സ്‌റ്റേഷനു മുമ്പില്‍ ഒരു ലോറി നിറയെ അരിച്ചാക്കുമായി കിടക്കുകയാണ്. ഇത്രയം അരി മോഷ്ടിച്ച ഉറുമ്പിന് ജാമ്യം പോലും കിട്ടില്ലെന്നു മനസില്‍ വിചാരിച്ചുകൊണ്ട് ആന പോലീസ് സ്‌റ്റേഷനിലുള്ളിലേക്കു കടന്നു. അപ്പോള്‍ അവിടുത്ത കാഴ്ചകണ്ട് ആന അമ്പരന്നുപോയി. ഉറുമ്പ് എസ്.ഐയോടൊപ്പമിരുന്ന് ചായ കുടിക്കുകയാണ്്. കാലിന്‍മേല്‍ കാലും വച്ചുകൊണ്ട് ഉറുമ്പ് ഗമയിലാണ് ഇരിക്കുന്നത്. ഇടയ്ക്ക് തമാശ പറഞ്ഞുകൊണ്ട് എസ്.ഐയുടെ തോളിലും തട്ടുന്നുണ്ട്. അല്‍പനേരം കഴിഞ്ഞപ്പോള്‍ ഉറുമ്പ് സ്റ്റേഷനു വെളിയിലേക്കിറങ്ങി. അപ്പോള്‍ ആനയെ കണ്ട ഉറുമ്പു ചോദിച്ചു, അല്ലാ.... ആനച്ചേട്ടനെന്താ ഇവിടെ.... ഉറുമ്പിന്റെ ചോദ്യം കേട്ടപ്പോള്‍ ആന പറഞ്ഞു,... എടാ... നിന്നെ പോലീസ് പിടിച്ചതറിഞ്ഞ് സ്റ്റേഷനിലേക്കു വന്നതാ ഞാന്‍. ഇതുകേട്ട ഉറുമ്പ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു,.... എന്റെ ആനച്ചേട്ടാ.... ഈ പോലീസും പട്ടാളമെന്നൊക്കെപ്പറഞ്ഞാല്‍ വെറും നിസാര കാര്യമല്ലേ. ഇതുകേട്ട ആന പറഞ്ഞു... നീ ഭയങ്കരന്‍ തന്നെ... ഒരു ലോറിനിറയെ അരിച്ചാക്കും കടത്തിക്കൊണ്ടു പോയ നിന്നെ പോലീസ് പിടിച്ചിട്ട് ഒന്നും ചെയ്തില്ലെന്നു പറയുമ്പോള്‍ എനിക്കു വിശ്വസിക്കാനാവുന്നില്ല... എന്നാലും എന്തു പണിയാടാ നീ ഒപ്പിച്ചത്. അപ്പോള്‍ ഉറുമ്പു പറഞ്ഞു,,.........എന്റെ ആനച്ചേട്ടാ... ചേട്ടന്‍ ആരോടും പറയരുത്.. അരിയും കടത്തിക്കോണ്ടുപോയ എന്നെ എസ്.ഐ പിടികൂടിയപ്പോള്‍ ഞാനൊരു നമ്പറിട്ടതാ.....പാവം നമ്മുടെ എസ്.ഐ പേടിച്ചുപോയി. അപ്പോള്‍ ആന ചോദിച്ചു,... നീ എന്താ എസ്‌ഐയോടു പറഞ്ഞത്. ഉറുമ്പു പറഞ്ഞു... എന്നെ എസ്.ഐ പിടിച്ചപ്പോള്‍ ഞാന്‍ രഹസ്യത്തില്‍ അയാളോടു പറഞ്ഞു. സാര്‍... ഈ ലോറിയിലുള്ള അരിമുഴുവന്‍ നമ്മുടെ മന്ത്രി എനിക്കു തന്നതാ... അരിയും ലോറിയും സാറാണു പിടിച്ചതെന്നു മന്ത്രിയെങ്ങാനും അറിഞ്ഞാലത്തെ സ്ഥിതി അറിയാമല്ലോ.... ഇതുകേട്ടപ്പോഴേ പാവം നമ്മുടെ എസ്.ഐ എന്നോടു പറയുവാ ഞാനൊരു തമാശപറഞ്ഞതല്ലേ... ഉറുമ്പേട്ടന്‍ ധൈര്യമായി വീട്ടില്‍ പൊക്കോ.. എല്ലാം ഞാന്‍ നോക്കിക്കോളാമെന്ന്.

No comments:

Post a Comment