Monday, March 30, 2009

ഉറുമ്പ്‌ (റിട്ടയേര്‍ഡ്‌ ഹര്‍ട്ട്‌)


ശ്രീലങ്കന്‍ ടീമിനെ പാകിസ്ഥാനില്‍ ഭീകരര്‍ വെടിവച്ചെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം ഞെട്ടിയത്‌ കേരളീയരായിരുന്നു. കാരണം ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീമില്‍ പാക്‌ പര്യടനത്തിനായി ഇത്തവണ കേരളത്തില്‍നിന്നും രണ്ടുപേരെ സെലക്ടു ചെയ്‌തിരുന്നു. ആനയും ഉറുമ്പുമായിരുന്നു ലങ്കന്‍ ടീമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്‌. ഭീകരരുടെ ആക്രമണത്തില്‍ ആനയും ഉറുമ്പുമുള്‍പ്പെടെ നിരവധി താരങ്ങള്‍ക്കു പരിക്കേറ്റെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തത്‌. എന്നാല്‍ ആനയ്‌ക്കും ഉറുമ്പിനും നിസാര പരിക്കാണ്‌ ഏറ്റിരിക്കുന്നതെന്ന്‌ പിന്നീട്‌ വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്‌തു. പരിക്കേറ്റ താരങ്ങള്‍ പ്രാഥമിക ചികിത്സയ്‌ക്കുശേഷം തിരികെ നാട്ടിലേക്കു പോരാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. അങ്ങനെ ഭീകരരുടെ അക്രമത്തില്‍നിന്നും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ക്രിക്കറ്റ്‌ ടീം കൊളംബോ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. വിമാനം വന്നിറങ്ങിയ ഉടനേതന്നെ താരങ്ങള്‍ക്ക്‌ വീരോചിത സ്വീകരണമാണ്‌ ലഭിച്ചത്‌. അതിനുശേഷം പരിക്കേറ്റ എല്ലാ താരങ്ങള്‍ക്കുംചുറ്റം മാധ്യമപ്രവര്‍ത്തകര്‍ തടിച്ചു കൂടി. ലങ്കന്‍ ടീമിനൊപ്പം കേരളത്തില്‍നിന്നുമെത്തിയ ആനയ്‌ക്കും ഉറുമ്പിനും ചുറ്റുമാണ്‌ കൂടുതല്‍ പത്രക്കാരും ചാനലുകാരും തടിച്ചുകൂടിയത്‌. ആനയ്‌ക്ക്‌ കാര്യമായ പരിക്കൊന്നുമില്ല, പക്ഷേ ഉറുമ്പിന്റെ തലയില്‍ മരുന്നുവച്ച്‌ ഡ്രസ്‌ ചെയ്‌തിട്ടുണ്ട്‌. അപ്പോള്‍ ഒരു പത്രക്കാരന്‍ ഇരുവരോടുമായി ചോദിച്ചു, സാര്‍, നിങ്ങള്‍ എങ്ങനെയാണ്‌ ഭീകരരുടെ ആക്രമണത്തില്‍നിന്നും നിസാര പരിക്കുകളോടെ രക്ഷപെട്ടത്‌, മറ്റു താരങ്ങള്‍ക്കൊക്കെ സാരമായ പരിക്കുകളുണ്ടല്ലോ?. പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായി ആന പറഞ്ഞു, അതുപിന്നെ ഞങ്ങള്‍ ഏതു പ്രതികൂല സാഹചര്യത്തേയും പ്രതിരോധിക്കാന്‍ കഴിവുള്ളവരാ, ഞങ്ങള്‍ കഴിവുള്ളവരായതുകൊണ്ടല്ലേ ഞങ്ങളെ ലങ്കന്‍ ടീമിലേക്കു സെലക്ടു ചെയ്‌തത്‌. ഇതുകേട്ട പത്രക്കാരന്‍ ചോദിച്ചു, ഭയങ്കരംതന്നെ ... പക്ഷേ ഉറുമ്പിന്റെ തലയ്‌ക്ക്‌ ചെറിയൊരു പരിക്കു കാണുന്നുണ്ടല്ലോ, ഇതെന്തുപറ്റിയതാ?. അപ്പോള്‍ ഉറുമ്പു പറഞ്ഞു,... ഞങ്ങള്‍ പ്രാക്ടീസ്‌ ചെയ്യാനായി ഗ്രൗണ്ടിലേക്കു പോകുകയായിരുന്നു. ഞാന്‍ ബാറ്റ്‌സ്‌മാനായതിനാല്‍ ഹെല്‍മറ്റും, പാഡും, ഗ്ലൗസുമൊക്കെ ധരിച്ചായിരുന്നു നിന്നത്‌. അപ്പോഴാണ്‌ ഭീകരര്‍ വെടിവച്ചത്‌. വെടിയൊച്ച കേട്ടയുടനേതന്നെ ആന ഓടിവന്ന്‌ എന്റെതലയില്‍നിന്നും ഹെല്‍മറ്റൂരിയെടുത്ത്‌ അവന്‍ ധരിച്ചു. അതുകൊണ്ട്‌ അവന്റെ തലയ്‌ക്കു കുഴപ്പമൊന്നും പറ്റിയില്ല. പക്ഷേ പാഞ്ഞുപോയ ഒരു വെടിയുണ്ട എന്റെ തലയുടെ പിന്‍ഭാഗത്ത്‌ ചെറുതായൊന്നു ഉരസി. അങ്ങനെയാ എനിക്കു പരിക്കേറ്റത്‌.

1 comment:

  1. എന്നെ അങ്ങ് കൊല്ല്!

    "ആനയും ഉറുമ്പും" കഥ കൊള്ളാം കേട്ടോ.

    ReplyDelete