Friday, March 6, 2009

ഓസ്‌കര്‍ (ആന)ക്കുട്ടി

ഗ്രൂപ്പുകാര്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഔദ്യോഗികതലത്തില്‍നിന്നും കേരളയാത്രയില്‍ അണികളാരും വിട്ടുനില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശമാണ്‌ അംഗങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയിരുന്നത്‌. ഇതനുസരിച്ച്‌ ആനയും ഉറുമ്പും സ്വീകരണ സമ്മേളനത്തില്‍ പോകാന്‍ തയാറായി. പോകുന്നതിനു മുമ്പ്‌ ആന ഉറുമ്പിനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു, എടാ... നീ അവിടെച്ചെന്ന്‌ കുഴപ്പമൊന്നും ഉണ്ടാക്കല്ല്‌. കഴിഞ്ഞ തവണ സ്വീ കരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ എന്റെ പുറത്ത്‌ നേതാവ്‌ അമ്പെയ്‌തു വിട്ടു. ഇത്തവണ നമുക്ക്‌ അടങ്ങിയൊതുങ്ങി മാറി നില്‍ക്കണം. ആനയുടെ അഭിപ്രായം തലയാട്ടി സമ്മതിച്ചുകൊണ്ട്‌ ഇരുവരും സമ്മേളനനഗരിയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നപ്പോള്‍ പരിപാടി ഗംഭീരമായി നടക്കുകയാണ്‌. ഇരുവരും സമ്മേളനനഗരിക്കു സമീപം ഒതുങ്ങി മാറി നില്‍ക്കുകയാണ്‌. അതിനിടയ്‌ക്ക്‌ ഉറുമ്പ്‌ സാവധാനം ഉറങ്ങിപ്പോയി. യോഗം അവസാനിച്ചെന്ന്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റു ചെയ്‌തു. പെട്ടെന്ന്‌ ആന വിരണ്ട്‌ ജനക്കൂട്ടത്തിനിടയിലേക്ക്‌ കയറി. ആനയ്‌ക്കു മദമിളകിയതാണെന്നു കരുതി അവിടെ കൂടിനിന്ന ജനങ്ങള്‍ നാലുപാടും ചിതറിയോടി. അപ്പോള്‍ അവിടെ ഉറങ്ങിക്കിടന്ന ഉറുമ്പിന്റെ കാലില്‍ ഒരുത്തന്‍ ചവിട്ടി. വേദനകൊണ്ടു ചാടിയെണീറ്റ ഉറുമ്പ്‌ ആളുകള്‍ ചിതറിയോടുന്നതുകണ്ടു പരിഭ്രമിച്ചുനിന്നു. അപ്പോഴാണ്‌ ആന സമ്മേളനനഗരിയിലൂടെ ഓടിനടക്കുന്നത്‌ ഉറുമ്പുകണ്ടത്‌. ഉറുമ്പ്‌ പെട്ടെന്ന്‌ ആനയേയും വിളിച്ചുകൊണ്ട്‌ ഒരുവിധത്തില്‍ സമ്മേളന നഗരിയില്‍നിന്നും പുറത്തുകടന്നു. എന്നിട്ട്‌ ആനയോടു ചോദിച്ചു, ആനച്ചേട്ടാ.... എന്താ പറ്റിയത്‌, എന്തിനാ ആളുകളെല്ലാം ചിതറിയോടിയത്‌ ? എന്നോടു പ്രശ്‌നമൊന്നുമുണ്ടാക്കരുതെന്നു പറഞ്ഞിട്ട്‌ ചേട്ടനെന്തു കുഴപ്പമാ ഒപ്പിച്ചു വച്ചത്‌?.... ഇതുകേട്ട്‌ ആന പറഞ്ഞു.. എടാ ഞാന്‍ അലമ്പൊന്നും ഉണ്ടാക്കിയില്ല. അപ്പോള്‍, ഉറുമ്പു ചോദിച്ചു പിന്നെങ്ങനാ ഇവിടെ പ്രശ്‌നമുണ്ടായത്‌? അപ്പോള്‍ ആന പറഞ്ഞു, എടാ.. നേതാവിന്റെ പരിപാടി കഴിഞ്ഞാല്‍ ചിലര്‍ അവിടെ ചാണകവെള്ളം തളിച്ച്‌ തൂത്തുവാരുമെന്നു പറഞ്ഞിരുന്നു. നേതാവിന്റെ പ്രസംഗം കഴിഞ്ഞതും ഒരുത്തന്‍ ചൂലാണെന്നു കരുതി പിന്നില്‍നിന്നും വന്ന്‌ എന്റെ വാലില്‍ പിടിച്ചു വലിച്ചുകൊണ്ട്‌ ഒറ്റയോട്ടം. വേദനയെടുത്തു പുളഞ്ഞ ഞാന്‍ ചാടിയെണീറ്റ്‌ അലറിക്കൊണ്ട്‌ ഓടിയതാ ഇത്രയും പ്രശ്‌നമായത്‌.

No comments:

Post a Comment