Tuesday, March 31, 2009

പോസ്റ്റര്‍ വിപ്ലവം

തനിക്കു ലഭിക്കേണ്ട സീറ്റ്‌ ഉറുമ്പു പിടിച്ചെടുത്തതോടെ ആന വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ആനയും ഉറുമ്പും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇരുവരും പ്രചരണം ഊര്‍ജിതമാക്കുന്നതിനായി നാടെങ്ങും തങ്ങളുടെ പോസ്‌റ്ററുകള്‍ പതിച്ചിരിക്കുകയാണ്‌. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രചരണത്തില്‍ ആന മുന്‍പന്തിയിലെത്തി. ഇതു മനസിലാക്കിയ ഉറുമ്പ്‌ ആനയ്‌ക്കെതിരേ കരുക്കള്‍ നീക്കാന്‍ തീരുമാനിച്ചു. അതിനായി ഉറുമ്പ്‌ ആനയുടെ പോസ്‌റ്ററുകള്‍ നശിപ്പിക്കാന്‍ കുറെ ഗുണ്ടകളെ ഏര്‍പ്പാടു ചെയ്‌തു. എന്നിട്ട്‌ അവരോടു പറഞ്ഞു, മുനിസിപ്പാലിറ്റിക്കു സമീപമുള്ള മതിലില്‍ ആനയുടെ പോസ്‌റ്ററുകള്‍ പതിച്ചിട്ടുണ്ട്‌. അവ മുഴുവന്‍ കരിയോയില്‍ അടിച്ചേക്കണം. ശരിയെന്നു പറഞ്ഞ്‌ ഗുണ്ടകള്‍ തിരികെപ്പോയി. പിറ്റേ ദിവസം പതിവുപോലെ ആനയും ഉറുമ്പും പ്രചാരണപ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങി. ആനയുടെ പോസ്‌റ്ററുകള്‍ നശിപ്പിച്ചതു കാണാന്‍ ഉറുമ്പ്‌ ധൃതിപിടിച്ചാണ്‌ മുനിസിപ്പാലിറ്റിക്കു സമീപത്തേക്ക്‌ തന്റെ ആള്‍ക്കാരുമായി ചെന്നത്‌. അവിടെ ചെന്നപ്പോള്‍ ആനയും തന്റെ പ്രവര്‍ത്തകരോടൊപ്പം നടന്നുവരികയാണ്‌. ആന അടുത്തു വന്നയുടനേ ഉറുമ്പ്‌ ആനയെ കളിയാക്കിക്കൊണ്ടു മതിലിലേക്കു നോക്കി പറഞ്ഞു, ആനച്ചേട്ടാ.... ഇതെന്താ, ചേട്ടന്റെ പോസ്‌റ്ററൊക്കെ ഇങ്ങനെ കറുത്തിരിക്കുന്നത്‌. ചേട്ടനോടു വൈരാഗ്യം തീര്‍ക്കാന്‍ ആരാ ഇവിടെ കരിയോയില്‍ അടിച്ചത്‌. എന്നിട്ട്‌ ഉറുമ്പ്‌ വലിയ വായില്‍ ആനയെ പരിഹസിച്ചുകൊണ്ട്‌ ചിരിക്കാന്‍ തുടങ്ങി. ഇതുകേട്ട ആന മതിലിലേക്കു ശ്രദ്ധിച്ചു നോക്കി. എന്നിട്ട്‌ ആനയും ചിരിക്കാന്‍ തുടങ്ങി. ആനയുടെ ആഹ്ലാദം കണ്ട ഉറുമ്പ്‌ പെട്ടെന്ന്‌ തന്റെ ചിരി നിര്‍ത്തിയിട്ട്‌ ആനയോടു ചോദിച്ചു, ചേട്ടന്റെ പോസ്‌റ്ററില്‍ കരി ഓയില്‍ പൂശിയതു കണ്ടിട്ട്‌ ചേട്ടനെന്തിനാ ചിരിക്കുന്നത ്‌? അപ്പോള്‍ ആന ഉറുമ്പിനോടു പറഞ്ഞു, എടാ മണ്ടാ, നീ ശ്രദ്ധിച്ചു നോക്ക്‌.... എന്റെ പോസ്‌റ്ററില്‍ കരിയോയില്‍ അടിച്ചവന്‍മാര്‍ വെരും മണ്ടന്‍മാരാ..... അപ്പോഴാണ്‌ ഉറുമ്പ്‌ മതിലിലേക്കു സൂക്ഷിച്ചു നോക്കിയത്‌. എന്നിട്ട്‌ ആന ഉറുമ്പിനോടു പറഞ്ഞു, കരി ഓയില്‍ അടിച്ചവന്‍മാര്‍ ഏതായാലും എന്റെ രൂപം പോലെയാ മതിലില്‍ കരി ഓയില്‍ തേച്ചിരിക്കുന്നത്‌. ഇനി ഏതായാലും 'എനിക്ക്‌ വോട്ടു ചെയ്യണം' എന്നുകൂടി എഴുതിച്ചേര്‍ത്താല്‍ മതി.

No comments:

Post a Comment