Tuesday, January 6, 2009

സ്‌കൂള്‍ കലോത്സവം

സംസ്ഥാന സ്‌കൂള്‍ കലോത്സത്തില്‍ കോട്ടയം ജില്ലയ്‌ക്ക്‌ ഇത്തവണ വന്‍ പ്രതീക്ഷയാണ്‌. കാരണം ഒന്നിലധികം ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന്‌ ഉറപ്പിച്ചു പറഞ്ഞുകൊണ്ടാണ്‌ ആനയും ഉറുമ്പും തിരുവനന്തപുരത്തേക്കു പോയിരിക്കുന്നത്‌. നൂറുകണക്കിന്‌ മത്സരാര്‍ഥികള്‍ മാറ്റുരയ്‌ക്കുന്ന വേദിക്കു സമീപം ഇരുവരും നില്‍ക്കുകയാണ്‌. അപ്പോഴാണ്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ വന്നത്‌. `നാടകത്തിന്‌ അഭിനയിക്കാനുള്ള മത്സരാര്‍ഥികള്‍ എത്രയും പെട്ടെന്ന്‌ സ്റ്റേജ്‌ നമ്പര്‍ നാലില്‍ എത്തുക'. ഇതുകേട്ടയുടനെ ഉറുമ്പ്‌ ആനയോടു പറഞ്ഞു, എടാ..... എന്റെ ആദ്യത്തെയിനം നാടകമാ...നമുക്ക്‌ വേഗം നാലാം നമ്പര്‍ സ്‌റ്റേജിലേക്കു പോകാം. അങ്ങനെയവര്‍ സ്റ്റേജിലെത്തി. അവിടെയെത്തിയപ്പോള്‍ നാടകത്തില്‍ അഭിനയിക്കാനുള്ളവരെല്ലാം തയാറായി നില്‍ക്കുകയാണ്‌. അവരെല്ലാം ഉറുമ്പിനോടു പറഞ്ഞു.... എടാ... വേഗം നീ ഒരുങ്ങ്‌.. നമ്മുടെ നാടകമാ ആദ്യം അവതരിപ്പിക്കേണ്ടത്‌. ഇതുകേട്ടയുടനേതന്നെ ഉറുമ്പ്‌ പെട്ടെന്ന്‌ നാടകവേഷം കെട്ടി തയാറായി. നാടകം ആരംഭിച്ചു.

രാമായണ കഥയായിരുന്നു ഇവരുടെ നാടക വിഷയം. ഉറുമ്പിന്‌ ലഭിച്ചത്‌ ഹനുമാന്റെ വേഷം ആയിരുന്നു. നാടകം ഗംഭീരമായി അരങ്ങേറുകയാണ്‌. അടുത്തത്‌ ഉറുമ്പ്‌ അഭിനയിക്കുന്ന സീന്‍ ആണ്‌. രാവണന്‍ തട്ടിക്കൊണ്ടുപോയ സീതയ്‌ക്ക്‌ മുദ്രമോതിരം കൊടുത്തിട്ട്‌ ലങ്കയില്‍നിന്നും രാമന്റെയടുത്തേക്ക്‌ ഹനുമാന്‍ മടങ്ങിവരുന്നതാണ്‌ രംഗം. സ്‌റ്റേജില്‍ കയര്‍കെട്ടി അതില്‍ക്കൂടി ഹനുമാന്‍ പറക്കുന്നരീതിയില്‍ ഊര്‍ന്നിറങ്ങുന്ന തരത്തിലായിരു ന്നു രംഗം സജ്ജീകരിച്ചിരുന്നത്‌. ഊര്‍ന്നിറങ്ങുന്ന രംഗത്തിനായി കെട്ടിയിരുന്ന കയര്‍ കപ്പിയില്‍ക്കൂടി ഉയര്‍ത്തുന്നതും താഴ്‌ത്തുന്നതും ഉറുമ്പിന്റെ വിശ്വസ്‌തനായ കൂട്ടുകാരന്‍ ആനയായിരുന്നു. അങ്ങനെ ഹനുമാന്‍ പറന്നുവരികയാണ്‌. കയര്‍ പിടിച്ചിരുന്ന ആനയുടെ കയ്യില്‍നിന്നും അപ്രതീക്ഷിതമായാണ്‌ കയര്‍ ഊര്‍ന്നുപോയത്‌. നെഞ്ചും വിരിച്ചുകൊണ്ട്‌ രാമന്റെയടുക്കലേക്ക്‌ പറന്നുവന്ന ഉറുമ്പ്‌ പെട്ടെന്നാണ്‌ നടുവടിച്ച്‌ താഴേക്കു വീണത്‌. വീഴ്‌ച സാരമാക്കാതെ ഒരുവിധത്തില്‍ എണീറ്റ ഉറുമ്പിനോട്‌ രാമന്‍ ചോദിച്ചു. `പ്രിയ ഭക്താ... ഹനുമാനേ.... നീ സീതാദേവിയെ കണ്ടുവോ?.....' താഴെവീണതിന്റെ അരിശത്തില്‍ ഉറുമ്പ്‌ രാമനോടു പറഞ്ഞു... `ഞാന്‍ സീതയെയും കണ്ടില്ല.... ഒരു ..... ശൂര്‍പ്പണഖയേയും കണ്ടില്ല.... ആ... കയര്‍പിടിച്ച തടിയന്‍... കള്ളനാനയെ കണ്ടാല്‍..... തല്ലി കാലൊടിക്കുമെന്നു പറഞ്ഞേക്ക്‌ .....

No comments:

Post a Comment