Friday, January 23, 2009

ചാന്ദ്രയാന

സ്‌കൂള്‍വിട്ട്‌ തിരികെ വരുംവഴി അതാതു ദിനങ്ങളില്‍ പഠിപ്പിച്ച കാര്യങ്ങളെപ്പറ്റി ചര്‍ച്ചചെയ്‌തുകൊണ്ടാണ്‌ ആനയും ഉറുമ്പും വരുന്നത്‌. ഒരാഴ്‌ചയായി ക്ലാസില്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെപ്പറ്റിയാണ്‌ പഠിപ്പിക്കുന്നത്‌. ചന്ദ്രനെപ്പറ്റി കൂടുതല്‍ പഠിക്കാനുള്ള ശ്രമത്തിലാണ്‌ ഇരുവരും. ഉറുമ്പിന്‌ മിക്ക ദിവസങ്ങളിലും തവള ടീച്ചറിന്റെ കയ്യില്‍നിന്നും നല്ല തല്ല്‌ കിട്ടാറുണ്ട്‌. വീട്ടിലേക്കു മടങ്ങിവരവേ ഉറുമ്പ്‌ ആനയോടു പറഞ്ഞു: എടാ.... ഇന്ന്‌ എനിക്ക്‌ തല്ല്‌ കിട്ടിയ വിവരം നീ ആരോടും പറയരുത്‌ കേട്ടോ.... ഉറുമ്പിന്റെ പരിഭവം പറച്ചില്‍ കേട്ട്‌ ആന തലകുലുക്കി. അങ്ങനെ നടന്നു വരവേയാണ്‌ പെട്ടെന്ന്‌ ശക്തമായ കാറ്റും മഴയും ഉണ്ടായത്‌്‌. ഉടന്‍തന്നെ ഇരുവരും റോഡരുകിലുള്ള വെയിറ്റിംഗ്‌ ഷെഡിലേക്കു കയറിനിന്നു. ഏറെനേരം നീണ്ടുനിന്ന മഴ ശമിക്കുന്നില്ലെന്നു കണ്ടപ്പോള്‍ ആന പറഞ്ഞു; എടാ.. മഴ തീരുന്ന ലക്ഷണമൊന്നുമില്ല.. നേരമാണെങ്കില്‍ ഇരുട്ടാന്‍ പോകുന്നു. അപ്പോള്‍ ഉറുമ്പു പറഞ്ഞു: പേടിക്കേണ്ട മഴ ശമിച്ചാലുടന്‍ നമുക്ക്‌ പോകാം. എന്നാല്‍, മഴയുടെ ശക്തികുറഞ്ഞതുമില്ല. പെട്ടെന്നുതന്നെ നേരം ഇരുട്ടായി തുടങ്ങി. അപ്പോഴാണ്‌ ഉറുമ്പ്‌ ആനയോടു പറഞ്ഞത്‌... എന്തായാലും നമ്മുടെ ചന്ദ്രന്‍തന്നെയാ നമുക്ക്‌ ഉപകാരപ്രദം. സൂര്യനെക്കൊണ്ട്‌ ഒരു പ്രയോജനവും ഇല്ല. ഇതുകേട്ട ആന പറഞ്ഞു.. നീയെന്താ ഈ പറയുന്നത്‌. സൂര്യനല്ലേ ഏറ്റവും വലിയ ശക്തി.. കൂടാതെ സൂര്യപ്രകാശമുണ്ടെങ്കിലല്ലേ നമുക്ക്‌ സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കൂ. ആനയുടെ മറുപടികേട്ട ഉറുമ്പ്‌ അവനോടു പറഞ്ഞു.... എടാ.. നീ വല്യ പഠിത്തക്കാരനായിരിക്കും... പക്ഷേ, നിനക്കു ഒട്ടും വിവരമില്ലല്ലോ... ആന ചോദിച്ചു അതെന്താ... അപ്പോള്‍ ഉറുമ്പിന്റെ മറുപടി, പകലാണെങ്കില്‍ നമുക്ക്‌ ഒന്നും പേടിക്കേണ്ട കാര്യമില്ല....... പക്ഷേ, രാത്രിയില്‍ ചന്ദ്രനുംകൂടി ഇല്ലായിരുന്നെങ്കില്‍..... ഹൊ... എനിക്ക്‌ ചിന്തിക്കാന്‍കൂടി വയ്യ.

No comments:

Post a Comment