Friday, January 23, 2009

ദേശീയ സ്‌കൂള്‍ മീറ്റ്‌

ഒളിമ്പിക്‌സിലും, സംസ്ഥാന കലാ-കായികമേളകളിലും സ്വര്‍ണം വാങ്ങിക്കൂട്ടിയതിനു തൊട്ടുപിന്നാലെയാണ്‌ ഉറുമ്പ്‌ ദേശീയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോയിരിക്കുന്നത്‌. ഇത്തവണ മറ്റൊരു പ്രത്യേകതകൂടി ദേശീയ സ്‌കൂള്‍ മീറ്റിനുണ്ട്‌. ഉറുമ്പിനോടൊപ്പം അത്‌ലറ്റിക്‌സ്‌ ഇനത്തില്‍ കേരളത്തിനുവേണ്ടി ആനയും മത്സരത്തിനുറങ്ങുന്നുണ്ട്‌. എന്തായാലും അത്‌ലറ്റിക്‌സ്‌ ഇനത്തില്‍ കേരളംതന്നെ സ്വര്‍ണം കൊയ്യുമെന്നാണ്‌ സ്‌പോര്‍ട്‌സ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. മത്സരം തുടങ്ങാറായി. ആനയും ഉറുമ്പും അത്‌ലറ്റിക്‌സില്‍ 100 മീറ്റര്‍ ഇനത്തിലാണ്‌ മാറ്റുരയ്‌ക്കുന്നത്‌. സ്റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ ഇവരോടൊപ്പം മറ്റു നാലുപേര്‍കൂടി നിരന്നു നില്‍പ്പുണ്ട്‌. കാണികളുടെയെല്ലാം ശ്രദ്ധ ഉറുമ്പിലാണ്‌. കാരണം ഉറുമ്പ്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഒളിമ്പിക്‌സില്‍വരെ പങ്കെടുത്തിട്ടുള്ളതിനാല്‍ ഉറുമ്പുതന്നെ ഇത്തവണയും ഒന്നാമതെത്തുമെന്നാണ്‌ ഏവരുടേയും വിശ്വാസം.എല്ലാവരും ഓടാന്‍ തയാറായി നില്‍ക്കുകയാണ്‌. പെട്ടെന്ന്‌ വെടിയൊച്ച മുഴങ്ങി. എല്ലാവരും ശരവേഗത്തില്‍ പായുകയാണ്‌. ട്രാക്കിന്റെ ഏതാണ്ട്‌ മധ്യഭാഗത്തെത്തിയപ്പോള്‍ ഉറുമ്പിനെ പിന്തള്ളിക്കൊണ്ട്‌ ആന മുമ്പില്‍ കയറി. കാണികളെല്ലാം മത്സരം ഹൃദയമിടിപ്പോടെ വീക്ഷിക്കുകയാണ്‌. കാരണം ഏറ്റവും വലിയ ഓട്ടക്കാരനായ ഉറുമ്പിനെ ആന തോല്‍പ്പിക്കുമെന്ന്‌ ഉറപ്പായി ക്കഴിഞ്ഞു. ഫിനിഷിംഗ്‌ പോയിന്റ്‌ അടുക്കാറായി. എന്നിട്ടും ഉറുമ്പ്‌ ആനയുടെ പിന്നിലാണ്‌. കാണികളെല്ലാം ആവേശപൂര്‍വം ഉച്ചത്തില്‍ കയ്യടിച്ചുകൊണ്ട്‌ മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കുകയാണ്‌. ഫിനിഷിംഗ്‌ പോയിന്റിന്‌ ഏതാണ്ട്‌ അഞ്ചു മീറ്റര്‍ ദൂരംകൂടിയേ ഇനി ബാക്കിയുള്ളൂ. ആന ഫിനിഷിംഗ്‌ പോയിന്റിന്റെ തൊട്ടടുത്തുവരെയെത്തി. പെട്ടെന്നാണ്‌ ഏറ്റവും മുമ്പില്‍ ഓടിക്കൊണ്ടിരുന്ന ആന മൂക്കുംകുത്തി താഴേക്കു മറിഞ്ഞു വീണത്‌. ആന വീണതും പിറകേ ഓടിക്കൊണ്ടിരുന്ന ഉറുമ്പ്‌ ഫിനിഷ്‌ ചെയ്‌തതും ഒരുപോലെയായിരുന്നു. മത്സരം വീക്ഷിച്ചുകൊണ്ടു നിന്നവര്‍ ആര്‍ത്തു വിളിച്ചു. വീണ്ടും ഉറുമ്പ്‌ ജയിച്ചിരിക്കുകയാണ്‌. അങ്ങനെ വിജയശ്രീലാളിതനായി നില്‍ക്കുന്ന ഉറുമ്പിന്റെയടുക്കലേക്ക്‌ മാധ്യമപ്രവര്‍ത്തകര്‍ ഓടിക്കൂടി. എന്നിട്ട്‌ ഉറുമ്പിനോട്‌ മത്സരത്തിന്റെ സ്വഭാവത്തേക്കുറിച്ചും മറ്റും അഭിപ്രായങ്ങള്‍തേടുകയാണ്‌. അപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍നിന്നും ഒരാള്‍ ഉറുമ്പിനോടു ചോദിച്ചു...., മത്സരത്തിന്റെ ഫിനിഷിംഗ്‌ പോയിന്റ്‌ അടുക്കാറായപ്പോഴേക്കും ആന ജയിക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ.... താങ്കളാണ്‌ മികച്ച വിജയം കൈവരിച്ചത്‌.... പക്ഷേ ഇതെങ്ങനെ സാധിച്ചുവെന്ന്‌ ഒന്നുവിശദീകരിക്കാമോ?... അപ്പോള്‍ ഉറുമ്പ്‌ തലയുയര്‍ത്തി വളരെ ഗൗരവത്തില്‍ പറഞ്ഞു.... ഇതില്‍ പ്രത്യേകിച്ച്‌ വിശദീകരിക്കാനൊന്നുമില്ല. ഞാന്‍ വളരെ കഷ്ടപ്പെട്ട്‌ ഓടിയെത്തി ഫിനിഷ്‌ ചെയ്യുകയായിരുന്നു. അപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ പിന്നെയും ചോദിച്ചു.. പക്ഷേ താങ്കള്‍ അസാധ്യമെന്നു കരുതിയ കാര്യമാണ്‌ വളരെ ഞൊടിയിടയില്‍ നേടിയെടുത്തത്‌. ഇതെങ്ങനെയെന്നു ദയവായി പറയൂ..... പത്രപ്രവര്‍ത്തകരുടെ വീണ്ടും വീണ്ടുമുള്ള ചോദ്യം കേട്ട ഉറുമ്പ്‌ അവസാനം അവരോട്‌ തന്റെ വിജയരഹസ്യം പറയാന്‍ നിര്‍ബന്ധിതനായി. എന്നിട്ട്‌ ഉറുമ്പ്‌ പറഞ്ഞു.. അതേ... ആന ഫിനിഷിംഗ്‌ പോയിന്റിലെത്താറായപ്പോഴേക്കും തൊട്ടു പിറകേ ഓടിക്കൊണ്ടിരുന്ന ഞാന്‍ അവന്റെ വാലില്‍ പിടിച്ച്‌ ചെറുതായൊന്നു പിന്നോട്ടു വലിച്ചു. അപ്പോള്‍ അവന്‍ താഴെവീണു. അങ്ങനെ ഞാന്‍ ഓടി മുന്നില്‍ക്കയറി.

No comments:

Post a Comment